ഗാർഹിക പീഡനം: കണ്ണൂരില്‍ ആത്മഹത്യചെയ്ത സുനീഷയുടെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

 
D

ഗാർഹിക പീഡനത്തിൽ മനംനൊന്ത് ഭർതൃ വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജീഷ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച വൈകുന്നേരമാണ് സുനീഷയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് വിജേഷും സുനീഷയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും അകല്‍ച്ചയിലായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് സുനീഷ സ്വന്തം വീട്ടുകാരുമായി അടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

അതേസമയം, സുനീഷ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍സംഭാഷണം അവരുടെ മരണത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. സുനീഷയും സഹോദരനും തമ്മിലുള്ള സംഭാഷണവും സുനീഷയും വിജേഷും തമ്മിലുള്ള സംഭാഷണവുമാണ് പുറത്തുവന്നത്.  തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദ രേഖയാണ് ഒന്ന്. ഭർത്താവ് വിജീഷുമായുള്ള ശബ്ദ രേഖയാണ് രണ്ടാമത് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃ വീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു.