കോവിഡില്‍ പരോളില്‍ ഇറങ്ങിയ തടവുകാര്‍ തിരിച്ചെത്തണം; സുപ്രീംകോടതി നിര്‍ദ്ദേശം 

 
supreme-court

കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍  സംസ്ഥാന സര്‍ക്കാര്‍ പരോളില്‍ വിട്ടയച്ച തടവുകാരോട് അതാത് ജയിലുകളില്‍ തിരിച്ചെത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരോള്‍ നീട്ടണമെന്ന തടവുകാരുടെ ആവശ്യം തള്ളിയ കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലുകളിലേക്ക് മടങ്ങണമെന്നും നിര്‍ദ്ദേശിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടുവെന്നും അതിനാല്‍ തടവുകാരെ പരോളില്‍ തുടരാന്‍ അനുവദിക്കുന്നതിന് ഒരു കാരണവുമില്ലെന്നും ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. 


കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ.രജീഷ്, കെ.സി.രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

രാജ്യത്ത് കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ജയിലുകളിലെ സ്ഥിതി വിലയിരുത്താന്‍ ഉന്നതാധികാര സമിതിയെ നിയമിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പത്തു വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ പരോളില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഇവരോടു മടങ്ങിയെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ പരോള്‍ തുടരാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇങ്ങനെ പരോളില്‍ തുടര്‍ന്നുവരുന്നവരോടാണ് മടങ്ങിയെത്താന്‍ ഇന്നു കോടതി നിര്‍ദേശിച്ചത്.