തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് നോട്ടീസ്; നാളെ ചോദ്യം ചെയ്യും

 
k surendran

കേസില്‍ പ്രതിചേര്‍ത്ത് മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് ചോദ്യംചെയ്യാനുള്ള നടപടി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സുരേന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്നാണ് കേസ്. ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശാണ് പരാതിക്കാരന്‍.

കേസില്‍ പ്രതിചേര്‍ത്ത് മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് സുരേന്ദ്രനെ ചോദ്യംചെയ്യാനുള്ള നടപടി. തെരഞ്ഞെടുപ്പ് ആട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിന് ഐപിസി 171 ബി, ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി. 

സുന്ദരയ്ക്ക് നേരിട്ട് പണം നല്‍കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പടുത്തിയിരുന്നു. സുന്ദരയില്‍നിന്ന് രണ്ട് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. കോഴയായി ലഭിച്ച മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.