ഭീകരവാദത്തിന് എതിരെ സംസാരിച്ചത് തെറ്റിദ്ധരിച്ചു; മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന് സുരേഷ് ഗോപി

 
d

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന് സുരേഷ് ഗോപി എംപി. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഹൗസില്‍ എത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കൂടിക്കാഴ്ചയിൽ വിവിധ സാമുഹ്യ വിഷയങ്ങൾ ചർച്ച ചെയ്തു. ഭീകരവാദത്തിന് എതിരെ സംസാരിച്ചാൽ ഒരു വിഭാഗത്തിന് എതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ എന്ത് ചെയ്യുമെന്നും സുരേഷ് ഗോപി ചോദിച്ചു. രാഷ്ട്രീയക്കാരനായല്ല, എംപിയെന്ന നിലയ്ക്കാണ് സന്ദർശനം നടത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. 

നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടുകയാണെങ്കിൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കില്ല. കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും ചൊവ്വാഴ്ച സുരഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സന്ദർശനം. പാലാ ബിഷപ് ആവശ്യപ്പെട്ടതുപ്രകാരമാണോ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.

സല്യൂട്ട് വിവാദത്തോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായാണ് എംപി പ്രതികരിച്ചത്. രാഷ്ട്രീയം നോക്കി സല്യൂട്ട് പാടില്ല. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒല്ലൂരിൽ എസ്‍ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്‍ഐയെ വിളിച്ച് വരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്.