മേയറല്ല, എംപിയാണ്; എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് വാങ്ങി സുരേഷ് ഗോപി

 
suresh gopi

ഒല്ലൂർ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് വാങ്ങിയത്. താൻ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. 

ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. എന്നാല്‍ സുരേഷ് ഗോപി എത്തിയിട്ടും ജീപ്പില്‍ തന്നെ തുടര്‍ന്ന ഒല്ലൂര്‍ എസ്‌ഐയെ അദ്ദേഹം വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.

‘മറിഞ്ഞുവീണ മരങ്ങള്‍ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാൻ എന്താണു വേണ്ടതെന്നു വച്ചാൽ സർ ചെയ്യണമെന്നും’ സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോടു പറയുന്നതു വിഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞു. നാടിനു വേണ്ടി പലതും ചെയ്യാനുണ്ട്, അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാൻ സമ്മതിക്കേണ്ടേ?  സുരേഷ് ഗോപി പറഞ്ഞു.  

 'ഗര്‍ഭിണികളെ തുണിയില്‍ മുളയില്‍ കെട്ടിക്കൊണ്ടുപോയ ആദിവാസികള്‍ക്ക് റോഡ് പണിതുകൊടുത്ത് ഉദ്ഘാടനം ചെയ്തിട്ടാണ് ഞാനിങ്ങോട്ട് വന്നത്. 47 ലക്ഷം രൂപയ്ക്കാണ് റോഡ് പണിതുകൊടുത്തത്. രണ്ട് വര്‍ഷമാണ് എന്നെ വലിപ്പിച്ചത്. 2018ല്‍ എഴുതിക്കൊടുത്തതാണ് എംപി ഫണ്ട്' എന്നും രോഷത്തോടെ സുരേഷ് ഗോപി പറഞ്ഞു.