കുര്‍ബാനക്രമം ഏകീകരണം; തീരുമാനമെടുക്കുമ്പോള്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് വൈദികര്‍

 
syro malabar

സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമം ഏകീകരണത്തിന് എതിരെ തൃശൂര്‍ അതിരൂപതയിലെ വൈദികര്‍ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി.  230 വൈദികര്‍ കുര്‍ബാനക്രമം ഏകീകരണത്തിന് എതിരാണെന്നും സിനഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയതായും വൈദികര്‍ പറഞ്ഞു. അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് പരാതി നല്‍കിയ ശേഷമാണ് വൈദികര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. 

കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുകയാണെന്നും ആരാധാനക്രമീകരണത്തില്‍ തീരുമാനമെടുക്കുമ്പോള്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നും എതിര്‍പ്പറിയിച്ച വൈദീകര്‍ പറഞ്ഞു. ആരാധാനക്രമം നടപ്പാക്കുന്നതിനെതിരെ വൈദീകര്‍ ഒപ്പിട്ട് നല്‍കിയ നിവേദനം പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടുള്ളത്. വിഷയത്തില്‍ മാര്‍പാപ്പ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്ന് രീതിയില്‍ ഇടയലേഖനത്തില്‍ പരാമര്‍ശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വൈദീകര്‍ ആരാധാനാക്രമം പരിഷ്‌കരിക്കുന്നതിനെതിരെ രംഗത്തെത്തിയത്. 

കുര്‍ബാന ഏകീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ഇടവകകളില്‍ കര്‍ദിനാളിന്റെ ഇടയലേഖനം വായിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെതിരെ വൈദീകര്‍ രംഗത്ത് വന്നിരുന്നുവെങ്കിലും ഒരു വിഭാഗം പള്ളികളില്‍ ഇത് വായിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനവുമായി വൈദീകര്‍ രംഗത്തെത്തിയത്.