ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

 
Kerala high Court

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തിൽ കര്‍ശനനിലപാടുമായി ഹൈക്കോടതി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകര്‍ക്കും എതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു കോടതിയുടെ ഇടപെടൽ. കോവിഡ് ചികിത്സാ നിരക്കുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണു ഹൈക്കോടതിയുടെ പരാമർശം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രി ഉടമകൾ പരാതിപ്പെട്ടു. ആരോഗ്യപ്രവർത്തകരെ മർദിച്ചതായി കാണിച്ച് 228 കേസുകൾ റജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു. ഇതിൽ 25 എണ്ണത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അതേസമയം, ഇതു ഞെട്ടിക്കുന്ന കണക്കാണെന്നും ആരോഗ്യപ്രവർത്തകർക്കു സംരക്ഷണം നൽകാൻ ഡിജിപി ഇടപെടണമെന്നും കോടതി നിർദേശിച്ചു. 

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം നടത്തിയാല്‍  തടയാന്‍ നടപടിയില്ലെങ്കില്‍ ഒ.പി മുടക്കിയുള്ള സമരത്തിലേക്ക് പോകുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകളും നിലപാടെടുത്തിരുന്നു.