ആ കുഞ്ഞ് ഇന്ന് തിരികെയെത്തും

ഞായറാഴ്ച്ച ഉച്ചയോടെ കുഞ്ഞ് കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
 
anupama chandran 1

തന്നെ പൊതിഞ്ഞു നില്‍ക്കുന്ന വിവാദങ്ങളൊന്നും അറിയാതെ ആ കുഞ്ഞ് ഇന്ന് ആന്ധ്രയില്‍ നിന്നും കേരളത്തിലെത്തും. എങ്കിലും ഒരമ്മയുടെ കൈയില്‍ നിന്നും മറ്റൊരു അമ്മയുടെ കൈകളിലേക്ക് അവനെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. ഒരുപക്ഷേ, അവനെപ്പോലെ, ഈ കുഞ്ഞ് പ്രായത്തിലെ അനിശ്ചിതത്വങ്ങളുടെ നടുവില്‍ പെട്ടുപ്പോയ മറ്റു കുഞ്ഞുങ്ങളുണ്ടായേക്കില്ല.

അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെയാണ് ആന്ധ്ര ദമ്പതികളുടെ പക്കല്‍ നിന്നും ഇന്ന് കേരളത്തില്‍ എത്തിക്കുന്നത്. ഞായറാഴ്ച്ച ഉച്ചയോടെ കുഞ്ഞ് കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞിനെ തിരികെ കിട്ടാന്‍ വേണ്ടിയുള്ള അനുപമയുടെ സമരം പതിനൊന്നു ദിവസം പിന്നിട്ട് തുടരുന്നതിനിടയിലാണ് കുഞ്ഞിനെ തിരിച്ചെത്തിക്കുന്നത്. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമ സമിതിയാണ് കുഞ്ഞിനെ തിരികെയെത്തിക്കുന്നത്. നേരത്തെ കുഞ്ഞിനെ ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതും ശിശുക്ഷേമ സമിതിയായിരുന്നു. തന്റെ അനുമതിയില്ലാതെ മാതാപിതാക്കളുടെ താത്പര്യപ്രകാരമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നാരോപിച്ചാണ് അനുപമ, കുട്ടിയെ തിരികെ കിട്ടാന്‍ വേണ്ടി സമരം തുടങ്ങിയത്. ആ സമരത്തിന്റെ വിജയം തന്നെയാണ്, കുട്ടിയെ തിരികെയെത്തിക്കുന്നതിന് ശിശുക്ഷേമ സമിതിയെ നിര്‍ബന്ധിതരാക്കിയത്.

അതേസമയം, വളരെ വൈകാരിക സന്ദര്‍ഭത്തിലായിരുന്നു ആന്ധ്ര ദമ്പതികള്‍ കുട്ടിയെ കൈമാറിയതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൂന്നുമാസവും ഏഴു ദിവസവും ആ ദമ്പതികള്‍ സ്വന്തം കുഞ്ഞായാണ് അവനെ വളര്‍ത്തിയത്. കേരളത്തില്‍ നിന്നുള്ള ശിശുക്ഷേമ സമിതി പ്രതിനിധികളും ആന്ധ്രപ്രദേശ് വനിത-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്നാണ്  കുട്ടിയെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിന്റെ ആവശ്യകത ആന്ധ്ര ദമ്പതികളെ ബോധ്യപ്പെടുത്തിയത്. കാര്യങ്ങള്‍ മനസിലാക്കി, ഏറെ മാനസിക ബുദ്ധിമുട്ടോടെയാണെങ്കിലും കുട്ടിയെ കൈമാറാന്‍ ഒടുവില്‍ ദമ്പതികള്‍ സമ്മതിക്കുകയായിരുന്നു. പ്രത്യേക ജുവനൈല്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയായിരിക്കും കുട്ടിയെ നാട്ടില്‍ തിരികെ എത്തിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ആണ് കുട്ടിയെ ആന്ധ്ര പ്രദേശില്‍ നിന്നും കേരളം വരെ സുരക്ഷിതമായി കൊണ്ടു വരുന്നതിനുള്ള പൊലീസ് സംഘത്തിന് നേതൃത്വം നല്‍കുക.

കേരളത്തില്‍ എത്തിക്കുന്ന കുട്ടിയെ അനുപമയ്ക്ക് നേരിട്ട് കൈമാറുകയില്ല. ആദ്യം കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി, അനുപമയുടെ കുട്ടി തന്നെയാണോ എന്ന് ഉറപ്പ് വരുത്തും. വൈദ്യപരിശോധനകളും നിയമ നടപടികളും പൂര്‍ത്തിയാകും വരെ ശിശുക്ഷേമ സമതിയുടെ സംരക്ഷണയിലായിരിക്കും കുട്ടിയെ പാര്‍പ്പിക്കുക. എല്ലാ നടപടികളും പൂര്‍ത്തിയാക്കി, അനുപമ തന്നെയാണ് കുട്ടിയുടെ യഥാര്‍ത്ഥ അമ്മ എന്ന് ഉറപ്പാക്കിയശേഷം മാത്രമായിരിക്കും കുട്ടിയെ കൈമാറുന്നത്. ആദ്യം കുട്ടിയെ നാട്ടില്‍ എത്തിക്കുക, ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കും വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ നിര്‍ത്തുക എന്നതായിരുന്നു അനുപമയുടെയും ആവശ്യം. അതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും അനുപമ അറിയിച്ചിരുന്നു. കുറഞ്ഞത് പത്തു ദിവസമെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുമെന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച തിരുവനന്തപുരം കുടുംബ കോടതി ദത്ത് വിവാദവുമായി സംബന്ധിച്ച കേസ് പരിഗണിച്ചിരുന്നു. കുട്ടിയെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിന്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ചിരുന്നു. നടപടികള്‍ എല്ലാം അവസാനഘട്ടത്തിലാണെന്നും ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കേസില്‍ ഇനി വാദം കേള്‍ക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ദത്ത് നല്‍കുന്നതിന് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാത്തതില്‍ ശിശുക്ഷേമ സമിതിക്ക് കോടതിയില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു. ലൈസന്‍സിന് നിയമസാധുത ഇല്ലാത്ത സമയത്തായിരുന്നു ശിശുക്ഷേമ സമിതി കുട്ടിയെ ദത്ത് നല്‍കിയത്. സ്‌റ്റേറ്റ് അഡോപ്ഷന്‍ റെഗുലേറ്ററി അതോറ്റി നല്‍കിയ അഫിലിയേറ്റ് ലൈസന്‍സ് ഉപയോഗിച്ചായിരുന്നു ശിശുക്ഷേമ സമിതി ദത്ത് നടപടികള്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ ലൈസന്‍സിന്റെ കാലാവധി 2016 ല്‍ അവസാനിച്ചിരുന്നു. ലൈസന്‍സ് പുതുക്കാത്തതിന്റെ യഥാര്‍ത്ഥരേഖ സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കാതിരുന്നതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. എത്രയും വേഗം രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.