അഞ്ചു ദിവസത്തിനകം കുഞ്ഞിനെ തിരികെയെത്തിക്കും; അനുപമയുടെ സമരം ഫലം കാണുന്നു

ശിശുക്ഷേമ സമിതിയാണ് കുട്ടിയെ തിരികെ എത്തിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്
 
anupama chandran


സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാനുള്ള അനുപമ എസ് ചന്ദ്രന്റെ സമരം ഫലം കാണുന്നു. അന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് കൊടുത്ത കുട്ടിയെ അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ തിരികെ എത്തിക്കാന്‍ തീരുമാനമായി. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ തിരികെയെത്തിക്കാനുള്ള ഉത്തരവ് ശിശുക്ഷേമ സമിതി പുറത്തിറക്കിയത്. പ്രത്യേക ജുവനൈല്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയായിരിക്കും കുട്ടിയെ നാട്ടില്‍ തിരികെ എത്തിക്കുക. ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ആയിരിക്കും കുട്ടിയെ ആന്ധ്ര പ്രദേശില്‍ നിന്നും കേരളം വരെ സുരക്ഷിതമായി കൊണ്ടു വരുന്നതിനുള്ള പൊലീസ് സംഘത്തിന് നേതൃത്വം നല്‍കുക. കുട്ടി നാട്ടില്‍ എത്തിയാല്‍ ഉടന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരെന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.

കുട്ടിയെ തിരികെ കിട്ടുന്നതിനു വേണ്ടി അനുമപ തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിക്കു മുന്നില്‍ നടത്തി വരുന്ന സമരം ആറ് ദിവസം പിന്നിടുമ്പോഴാണ് ആശ്വാസകരമായ വാര്‍ത്ത പുറത്തു വരുന്നത്. കുട്ടിയെ കേരളത്തില്‍ എത്തിച്ച്, നിയമ നടപടികള്‍ പൂര്‍ത്തിയാകും വരെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നിര്‍ത്തണമെന്നതായിരുന്നു അനുപമയുടെ സമരത്തിലെ പ്രധാന ആവശ്യം. തന്റെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കാന്‍ കൂട്ടു നിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സുനന്ദ എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്നതും അനുപമയുടെ സമരത്തിലെ ആവശ്യമാണ്.

കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ഉത്തരവ് ഇറക്കിയതില്‍ സന്തോഷമുണ്ടെന്നും, ഉത്തരവ് കൈയില്‍ കിട്ടിയാല്‍ മാത്രമെ കാര്യങ്ങളില്‍ പൂര്‍ണമായ വ്യക്ത വരികയുള്ളൂവെന്നുമാണ് അനുപമയുടെ പ്രതികരണം. ഇന്ന് രാവിലെ പതിനൊന്നു മണിക്ക് കുട്ടിയെ തിരികെയെത്തിക്കാനുള്ള ഉത്തരവിന്റെ പകര്‍പ്പ് അനുപമയ്ക്ക് കൈമാറുമെന്നാണ് സിഡബ്ല്യുസി അറിയിച്ചിരിക്കുന്നത്.