'കുട്ടിയെ മാറ്റിയിരിക്കാം'; ഡിഎന്‍എ സാമ്പിളുകള്‍ എടുത്തിട്ടും ആരോപണങ്ങളുമായി അനുപമ

 
anupama protest


അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്ത് നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍, അനുപമയുടെയും പങ്കാളി അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. രാവിലെ തന്നെ കുട്ടിയുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഞായറാഴ്ച്ച രാത്രിയിലാണ് ദത്ത് നല്‍കിയിരുന്ന വിജയവാഡ സ്വദേശികളായ ദമ്പതികളുടെ പക്കല്‍ നിന്നും കുട്ടിയെ കേരളത്തില്‍ എത്തിച്ചത്.

കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അനുപമയും അജിത്തും തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. പരിശോധന ഫലം അനുകൂലമാണെങ്കില്‍ മാത്രമെ, നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെ അനുപമയ്ക്കും അജിത്തിനും കൈമാറുകയുള്ളൂ. ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് അനുപമ നല്‍കിയ ഹര്‍ജിയിന്മേലുള്ള കേസ് തിരുവനന്തപുരം കുടുംബ കോടതിയില്‍ നടക്കുന്നുണ്ട്. ഈ മാസം 30 ന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഡിഎന്‍എ ഫലം അടക്കം ഇതുവരെ പൂര്‍ത്തിയാക്കി നടപടികളെല്ലാം കോടതിയെ അറിയിക്കേണ്ടതുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഡിഎന്‍എ പരിശോധനയുടെ റിസള്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്.

അതേസമയം, ഡിഎന്‍എ പരിശോധനയില്‍ അട്ടിമറി നടക്കുമെന്നാണ് അനുപമയുടെ ആരോപണം. തങ്ങളുടെയും കുട്ടിയുടെയും ഡിഎന്‍എ സാമ്പിളുകള്‍ ഒരുമിച്ചെടുക്കണമെന്നതായിരുന്നു അനുപമയുടെ ആദ്യത്തെ ആവശ്യം. തന്റെ സാന്നിധ്യത്തില്‍ അല്ലാതെ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കരുതെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നതിന് മുമ്പായി തന്നെ കാണിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഇതോടെയാണ് ഡിഎന്‍എ പരിശോധനയില്‍ അട്ടിമറി നടക്കുമെന്ന ആരോപണം അനുപമ ഉയര്‍ത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ വിദഗ്ധര്‍ നിര്‍മല ശിശുഭവനിലെത്തി കുട്ടിയുടെ ഡിഎന്‍എ സാമ്പിളുകള്‍ എടുക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ സമയത്തും ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കുന്നതിനായി എത്താന്‍ ആവശ്യപ്പെട്ട് അനുപമയ്ക്കും അജിത്തിനും അറിയിപ്പുകള്‍ കൊടുത്തിരുന്നില്ല. രാവിലെ പത്തരയോടെ കുട്ടിയുടെ കാര്യത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ സാമ്പിളുകള്‍ ശേഖരിക്കാനായി എത്താനാണ് അനുപമയോടും അജിത്തിനോടും പറഞ്ഞത്. ആദ്യം കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതും, തങ്ങളെ ഒഴിവാക്കിയതും കരുതിക്കൂട്ടിയാണെന്നും അട്ടിമറി സാധ്യതയാണ് കാണുന്നതെന്നുമായിരുന്നു അനുപമയുടെ ആരോപണം. പിന്നീട് രണ്ടുപേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചശേഷവും അനുപമ അതേ അട്ടിമറി ആരോപണവുമായി തന്നെ നില്‍ക്കുകയാണ്.

തന്റെ കുട്ടിക്ക് പകരം മറ്റൊരു കുട്ടിയുടേതാകാം ഡിഎന്‍എ പരിശോധന നടത്തുകയെന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിയ്ക്കുമെതിരേ അനുപമ ഉയര്‍ത്തുന്നത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അനുപമ പറയുന്നത്,  ഡിഎന്‍എ സാമ്പിള്‍ എടുക്കുന്ന കുഞ്ഞ് തന്റെതാണെന്ന് ഉറപ്പിക്കാനാകില്ലെന്നാണ്. മാതാപിതാക്കളുടെയും കുട്ടിയുടെയും ഡിഎന്‍എ പരിശോധന ഒരുമിച്ച് ചെയ്യാന്‍ എന്തുകൊണ്ടാണ് തയ്യാറാകാതിരുന്നതെന്ന് അധികൃതര്‍ വിശദമാക്കണമെന്നും അനുപമ പറയുന്നുണ്ട്. തെറ്റ് ചെയ്തവര്‍ക്ക് ഡിഎന്‍എ സാമ്പിള്‍ എടുക്കാനുള്ള ഉത്തരവാദിത്വം കൊടുത്താല്‍ അവര്‍ പ്രതികാര മനോഭാവത്തോടെ മാത്രമെ പെരുമാറൂ എന്നാണ് ശിശുക്ഷേമ സമിതിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും പ്രതികൂട്ടില്‍ നിര്‍ത്തിക്കൊണ്ട് അനുപമ ആരോപിക്കുന്നത്.

അതേസമയം, ദത്ത് വിഷയത്തില്‍ പ്രതികരണം നടത്തിയ മന്ത്രി വീണ ജോര്‍ജ് പറയുന്നത് എല്ലാ നടപടികളും സുതാര്യമായാണ് നടക്കുന്നതെന്നാണ്. ഡിഎന്‍എ പരിശോധന ആന്ധ്രയില്‍ നടത്താതെ കേരളത്തില്‍ തന്നെ നടത്തിയതും ഇതേ സുതാര്യതയ്ക്ക് വേണ്ടിയാണെന്നും നിയമപരമായ മാര്‍ഗത്തിലൂടെയല്ലാതെ കുഞ്ഞിനെ കാണിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അനുപമയുടെ ആവശ്യം നിരാകരിക്കേണ്ടി വന്നതെന്നും വനിത ശിശു വികസന വകുപ്പിന്റെ ചുമത കൂടി വഹിക്കുന്ന വീണ ജോര്‍ജ് വ്യക്തമാക്കുന്നു. നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കി.