കലാപഭൂമിപോലെ കിഴക്കമ്പലം

കണ്ണില്‍ കണ്ടത് കത്തിച്ചും തകര്‍ത്തും അഴിഞ്ഞാടി അക്രമികള്‍

 
 
kizhakkambalam clash


കിഴക്കമ്പലത്ത് ഞായറാഴ്ച്ച പുലര്‍ച്ചയോടെയുണ്ടായത് കലാപസമാനമായ അന്തരീക്ഷം. ഒരു പൊലീസ് ജീപ്പ് കത്തിക്കുകയും മറ്റൊന്ന് അടിച്ചു തകര്‍ക്കുകയും ചെയ്ത കിറ്റക്‌സ് ഗാര്‍മെന്റ്‌സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ കുന്നത്തുനാട് സി ഐ അടക്കമുള്ള പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സമീപവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച് കത്തിച്ച ജീപ്പില്‍ നിന്നും പൊലീസുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഗാര്‍മെന്റ്‌സിന്റെ മതിലില്‍ ചേര്‍ത്തുനിര്‍ത്തിയും പൊലീസുകാരെ മര്‍ദ്ദിച്ചു. ജീവനുംകൊണ്ട് രക്ഷപ്പെട്ടോടിയ പൊലീസുകാര്‍ക്ക് നാട്ടുകാരാണ് സഹായകമായത്. അത്രയ്ക്ക് ഭീകരമായ അന്തരീക്ഷമായിരുന്നു നൂറ്റമ്പതോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ കുറച്ച് മണിക്കൂറുകള്‍കൊണ്ട് സൃഷ്ടിച്ചത്.

അസം, മണിപ്പൂര്‍ തുടങ്ങിയ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു അക്രമിസംഘങ്ങളിലധികവും. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലെ തൊഴിലാളികളുടെ എണ്ണമെടുത്താല്‍ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ ബഹുഭൂരിപക്ഷവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഇതാണ് സ്ഥിതിയെങ്കിലും ഇതുവരെ ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്നാണ് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് പറയുന്നത്. എന്നാല്‍, ഗാര്‍മെന്റ്‌സിലും തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലും പലപ്പോഴും തര്‍ക്കങ്ങളും ഏറ്റമുട്ടലുകളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടന്നിട്ടുണ്ടെന്നാണ് അവിടെ ജോലി ചെയ്യുന്ന മലയാളികള്‍ പറയുന്നത്. ഇത്തരം സംഘര്‍ഷങ്ങള്‍ നടന്നാല്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരുടെ ഇടപെടലില്‍ അതവിടെ തന്നെ അവസാനിക്കുകയാണ് പതിവെന്നും പറയുന്നു. 'ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങള്‍ നാട്ടുകാരുമായിട്ടും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വലിയ അക്രമങ്ങളിലേക്കൊന്നും പോയിട്ടില്ല. കര്‍ശനമായ നിയനന്ത്രണം എല്ലാ തൊഴിലാളികള്‍ക്കുമേലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ച്ചയില്‍ ഒരുതവണയായിരിക്കും പുറത്തു പോകാന്‍ കിട്ടുന്നത്. ഭൂരിഭാഗം സമയത്തും കമ്പനിക്കുള്ളിലും ക്വാര്‍ട്ടേഴ്‌സിലുമായിരിക്കും എല്ലാവരും'; കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കിഴക്കമ്പലത്ത് സാമൂഹികപ്രശ്‌നമാണെന്ന ആരോപണങ്ങളില്‍ കമ്പനിയിലെ ഒരു മലയാളി ജീവനക്കരന്റെ മറുപടിയിങ്ങനെയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും അതിന്റെ പേരില്‍ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും അക്രമകാരികളാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അയാള്‍ വാദിക്കുന്നത്.

ക്രിസ്തുമസ് പ്രമാണിച്ച് ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ജീവനക്കാര്‍ക്ക് അവധി അനുവദിച്ചിരുന്നു. മലയാളികളായ ജീവനക്കാരെല്ലാവരും തന്നെ അവധി പ്രമാണിച്ച് വീട്ടിലേക്ക് പോയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു ക്വാര്‍ട്ടേഴ്‌സുകളിലുണ്ടായിരുന്നത്. ഇവര്‍ ക്രിസ്തുമസ് ആഘോഷം നടത്തുകയും ഇതിന്റെ ഭാഗമായി കരോള്‍ സംഘടിപ്പിക്കയും ചെയ്തിരുന്നു. അതിനിടയിലാണ് രണ്ട് ചേരികളായി തിരിഞ്ഞ് തര്‍ക്കം ഉടലെടുക്കുന്നത്. തര്‍ക്കം കയ്യാങ്കാളിയിലേക്ക് നീണ്ടു. ഉടന്‍ തന്നെ സെക്യൂരിറ്റി ഓടിയെത്തിയെങ്കിലും അയാളെ മര്‍ദ്ദിച്ച് അവശനാക്കി. പിന്നീട് ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി. ഈ സമയം തന്നെ സെക്യൂരിറ്റി കുന്നത്തുനാട് സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞിരുന്നു. നിസാര സംഭവമാണെന്ന തെറ്റിദ്ധാരണയില്‍ മൂന്നോ നാലോ പൊലീസുകാരെ മാത്രമാണ് സ്റ്റേഷനില്‍ നിന്നയച്ചത്. വന്ന പൊലീസുകാരെ മര്‍ദ്ദിച്ച് ജീപ്പും അക്രമികള്‍ തല്ലിതകര്‍ത്തു. രക്ഷപ്പെട്ടോടിയ പൊലീസുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സി ഐയുടെ നേതൃത്വത്തില്‍ അടുത്ത പൊലീസ് സംഘം എത്തിയത്. ലഹരിയില്‍ സുബോധം നഷ്ടപ്പെട്ട് വിറളിപിടിച്ചു നില്‍ക്കുന്ന കൂട്ടത്തിനിടയിലേക്കാണ് സി ഐയും പൊലീസുകാരും എത്തുന്നത്. അവരെ ജീപ്പില്‍ നിന്നും പുറത്തിറങ്ങാന്‍പോലും അനുവദിക്കാതെയാണ് ആക്രമിച്ചത്. അകത്തുണ്ടായിരുന്നവര്‍ ഒരുവിധത്തില്‍ രക്ഷപ്പെട്ടു,പിന്നാലെ ജീപ്പ് കത്തിച്ചു. പുറകെ വന്ന പൊലീസ് വാനും അക്രമികള്‍ തല്ലി തകര്‍ത്തു. എന്തതിക്രമത്തിനും മുതിര്‍ന്ന നൂറ്റമ്പതോളം വരുന്ന ആള്‍ക്കൂട്ടത്തെ തടയാന്‍ അതിനുശേഷമാണ് വിവിധ സ്‌റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പൊലീസുകാരെത്തിയത്. ഈ സമയം പുറത്ത് ഇത്രയും ബഹളങ്ങള്‍ ഉണ്ടാക്കിയശേഷം അക്രമി സംഘം കമ്പനിക്ക് അകത്തേക്കു രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടാന്‍ പൊലീസ് അകത്തേയ്ക്ക് കടന്നപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായി. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ പൊലീസുകാരെത്തിയാണ് തൊഴിലാളികളെ പിടികൂടിയത്. നൂറ്റമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്ന എല്ലാവരെയുമാണ് കൊണ്ടുപോയിരിക്കുന്നതെന്നും അത്രയും പേരും അക്രമങ്ങള്‍ നടത്തിയിട്ടില്ലെന്നും മുപ്പതോളം പേരാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നാണ് അന്വേഷിച്ചറിയാന്‍ കഴിഞ്ഞതെന്നുമാണ് സാബു എം ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ ചൂണ്ടിക്കാണിച്ചത്. അക്രമം നടത്തിയവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും കിറ്റെക്‌സ് എംഡി പറയുന്നുണ്ട്. എന്നാല്‍, ഈ സംഭവത്തിന്റെ പേരില്‍ കമ്പനിയിലെ എല്ലാ തൊഴിലാളികളും പ്രശ്‌നക്കാരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് കിറ്റെക്‌സ് എങ്ങനെയെങ്കിലും അടച്ചുപൂട്ടിക്കാന്‍ നടക്കുന്നവരാണെന്നും സാബു ആരോപിച്ചു.

മയക്കുമരുന്നു ലഹരിയിലാകണം ഇന്നലത്തെ അക്രമങ്ങളെന്നാണ് മലയാളി ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പലതരം ലഹരി വസ്തുക്കള്‍ ലഭ്യമാകുന്ന ഇടങ്ങളുണ്ടെന്നും തൊഴിലാളികളില്‍ പലരും അവിടെ പോയി വാങ്ങാറുണ്ടെന്നും കിറ്റെക്‌സിലെ തന്നെ ചില ജീവനക്കാര്‍ വെളിപ്പെടുത്തുന്നുണ്ട്. കമ്പനിക്ക് സമീപം കൊണ്ടുവന്ന് ലഹരി വസ്തുക്കള്‍ കൈമാറുന്ന പ്രവര്‍ത്തികളും നടക്കാറുണ്ട്. ലോക് ഡൗണ്‍ മൂലം ഒന്നര വര്‍ഷത്തോളം മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ കമ്പനിയില്‍ നിന്നും പുറത്തു വിടാറില്ലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ നിയന്ത്രണങ്ങള്‍ നീക്കിയിട്ട്. പുറത്തുപോകാനുള്ള സ്വാതന്ത്ര്യം കിട്ടയതോടെ ലഹരി വസ്തുക്കള്‍ സുലഭമായി കിട്ടാനുള്ള വഴിയും തെളിഞ്ഞു. ഇത്തരത്തില്‍ ശേഖരിച്ചുവച്ചിരുന്ന മയക്കു മരുന്നുപോലുള്ള ലഹരി വസ്തുക്കളില്‍ എന്തെങ്കിലുമാകണം അവരെ അക്രമകാരികളാക്കിയിട്ടുള്ളതെന്നാണ്
മറ്റു ജീവനക്കാരുടെ സംശയം. മദ്യം കൊണ്ടുവരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ മയക്കുമരുന്നുകള്‍ പോലുള്ള ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതില്‍ നേരിടുന്നില്ല. ഗേറ്റിലോ ക്വാര്‍ട്ടേഴ്‌സിലോ പരിശോധനകളൊന്നുമില്ലാത്തതും ഇവര്‍ക്ക് സഹായമാണ്. അടിപിടിപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയത്ത് മാത്രമാണ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ സെക്യൂരിറ്റി ചീഫ് പരിശോധന നടത്തുന്നത്. അപ്പോഴും തൊഴിലാളികളുടെ ബാഗുകളോ മറ്റോ തുറന്നു പരിശോധിക്കാറുമില്ല. ഇതരസംസ്ഥാന തൊഴിലാളികളായവര്‍ മദ്യത്തെക്കാള്‍ മറ്റ് ലഹരി വസ്തുക്കളാണ് കൂടുതലും  ഉപയോഗിക്കുന്നതെന്ന് ഇവരുടെ സഹപ്രവര്‍ത്തകരായിട്ടുള്ള മലയാളി ജീവനക്കാര്‍ സമ്മതിക്കുന്നുണ്ട്. അത്തരത്തില്‍ വീര്യംകൂടിയ എന്തെങ്കിലുമായിരിക്കാം ഇന്നലെയവരെ കലാപകാരികളാക്കിയതെന്നും ഇവര്‍ പറയുന്നു.