ആദ്യം കുത്തിയത് അഭിജിത്തിനെയും അമലിനെയും, ധീരജിന്റെ ഹൃദയം പിളര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖിലും സംഘവുമെത്തിയത് കരുതിക്കൂട്ടി

നിഖില്‍ പൈലിയുടെ നേതൃത്വത്തില്‍ കാമ്പസിനു പുറത്ത് സംഘം തമ്പടിച്ചത് മാരകായുധങ്ങള്‍ കരുതിയായിരുന്നു
 
dheeraj murder

ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം കരുതികൂട്ടിയുള്ള ആക്രമണത്തിന്റെ ഭാഗമാണെന്ന് എഫ് ഐ ആര്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയുടെ നേതൃത്വത്തില്‍ കാമ്പസിനു പുറത്ത് സംഘം തമ്പടിച്ചത് മാരകായുധങ്ങള്‍ കരുതിയായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമല്ല കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പ് സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു നടന്നുവന്നിരുന്നതെന്നും സംഘര്‍ഷാവസ്ഥയ്ക്ക് സാഹചര്യം നിലനിന്നിരുന്നില്ലെന്നുമായിരുന്നു എസ് എഫ് ഐയുടെ വാദവും. കൊലപാതകം ലക്ഷ്യമിട്ടിരുന്നുവെന്ന് ഉറപ്പിച്ചു പറയാന്‍ ഇനിയും അന്വേഷണം ആവശ്യമാണെങ്കിലും പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പുറത്തു നിന്നുവന്നവരുടെ ഉദ്ദേശമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തന്റെ സുഹൃത്തുക്കളെ ആക്രമിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ധീരജിന് കുത്തേല്‍ക്കുന്നത്. അഭിജിത്തിന്റെ കക്ഷത്തിന്റെ താഴെയും, ഇടതു നെഞ്ചിലുമാണ് കുത്തേറ്റത്. അമലിന്റെ വലതു നെഞ്ചിലും കഴുത്തിന്റെ ഇടതുഭാഗത്തും കുത്തേറ്റു. ഇരുവരെയും കുത്തി വീഴ്ത്തിയശേഷമാണ് നിഖില്‍ പൈലി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇയാളെ പിടിക്കാന്‍ ധീരജ് പിന്നാലെയോടി. ഇടുക്കി പട്ടികജാതി വികസന ഓഫിസിന്റെ മുന്‍വശത്തുള്ള റോഡില്‍ വച്ചാണ് ധീരജിന്റെ ഇടത്തെ നെഞ്ചിലേക്ക് നിഖില്‍ പൈലി കത്തികുത്തിയിറക്കുന്നത്. ഹൃദയം പിളര്‍ത്തിയ ആ കുത്താണ് ധീരജിന്റെ ജീവനെടുത്തത്. ആഴത്തിലുള്ള മുറിവ് ഹൃദയത്തിന്റെ അറകള്‍ തകര്‍ത്തിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ധീരജിന്റെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുമുണ്ട്. ആശുപത്രിയില്‍ എത്തിക്കുമ്പോഴെക്കും ധീരജിന്റെ ജീവന്‍ പോയിരുന്നു. കൊല്ലപ്പെട്ട ധീരജിനൊപ്പം കുത്തേറ്റ മറ്റു രണ്ടുപേര്‍ക്കും ക്രൂരമായ മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ആയതിനാല്‍ പുറത്തു നിന്നുള്ള ആരും കാമ്പസിനകത്തേക്ക് പ്രവേശിക്കരുതെന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമാധാനാന്തരീക്ഷത്തിലായിരുന്നു നടന്നതും. എന്നിട്ടും ഒരുകൂട്ടം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജ് ഗേറ്റിനു വെളിയില്‍ സംഘം ചേര്‍ന്നത് എന്തിനെന്ന ചോദ്യമാണ് ഈ ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ഉയര്‍ത്തുന്നത്. അഭിജിത്ത്, അമല്‍, അര്‍ജുന്‍, ധീരജ് എന്നീ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ നിഖില്‍ പൈലിയും സംഘവും മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്ന സൂചനയാണ് പൊലീസില്‍ നിന്നും ലഭിക്കുന്നത്. നാല് വിദ്യാര്‍ത്ഥികളെയും കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കണമെന്നും കൊലപ്പെടുത്തണമെന്നുമുള്ള ഉദ്ദേശം പ്രതികള്‍ക്കുണ്ടായിരുന്നുവെന്നും അതിനായി കരുതിക്കൂട്ടി തന്നെയാണ് അക്രമികള്‍ എത്തിയതെന്നും പൊലീസിന് മനസിലായിട്ടുണ്ട്. ഒരു മനുഷ്യന്റെ ജീവനെടുക്കാന്‍ പാകത്തിലുള്ള ആയുധം വസ്ത്രത്തിനുള്ളില്‍ നിഖില്‍ പൈലി സൂക്ഷിച്ചതും കൊല്ലാന്‍ കരുതി തന്നെയാണ് പ്രതികള്‍ എത്തിയെന്നതിനു തെളിവായി അന്വേഷണ സംഘമെടുത്തിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലി, കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലാകുന്നത്. എറണാകുളത്ത് എത്തി അവിടെ നിന്നും മറ്റെങ്ങോട്ടെങ്കിലും മുങ്ങാനുള്ള ശ്രമമായിരുന്നു നിഖിലിന്. ഇയാളുടെ മൊബൈല്‍ ലോക്കോഷന്‍ നോക്കിയുള്ള അന്വേഷണത്തിലാണ് ഇടുക്കി കരിമണലില്‍ വച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന നിഖിലിനെ പിടികൂടിയത്. പ്രതി ജില്ല വിടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി പുറത്തേക്കും വിവരങ്ങള്‍ കൈമാറിയിരുന്നു. കൃത്യത്തിനുശേഷം നിഖില്‍ ഓടിപ്പോകുന്നത് ജില്ല പഞ്ചായത്ത് അംഗം സത്യനും ഏതാനും വിദ്യാര്‍ത്ഥികളും കണ്ടിരുന്നു. അറസ്റ്റിലായ നിഖില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. നിഖിലിനെ കൂടാതെ കോളേജിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍, ജെറിന്‍ ജിജോ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു ചിലരെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ പങ്കുള്ളതായി കരുതുന്നവരെ നിരീക്ഷിക്കുകയാണെന്നുമാണ് ഇടുക്കി എസ് പി ആര്‍ കറുപ്പ് സാമി മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.