ദൃശ്യങ്ങള്‍ കൈമാറി ഹോട്ടല്‍ ഉടമ, നിര്‍ണായക വിവരങ്ങള്‍ പരതി പൊലീസ്, ചോദ്യം ചെയ്യല്‍ തുടരുന്നു

മറ്റൊരു ഡിവിആര്‍ കൂടി ഉണ്ടെന്നും അത് റോയി കൈമാറിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

 
roy hotel

   
ദേശീയപാതയില്‍ വൈറ്റിലയ്ക്ക് സമീപം മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ട കാര്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 എന്ന ഹോട്ടലിന്റെ ഉടമ റോയി വയലാറ്റിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഹോട്ടലില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ റോയി പൊലീസിന് കൈമാറായിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു ഡിവിആര്‍ കൂടി ഉണ്ടെന്നും അത് റോയി കൈമാറിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഉടന്‍ ഇതു ഹാജാരാക്കാമെന്ന് റോയി സമ്മതിച്ചിട്ടുണ്ടെന്നും അറിയുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെയും റോയിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെയും അപകടത്തിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെങ്കില്‍ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു കളയാന്‍ റോയി ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് റോയിക്കുമേല്‍ സംശയം ഉണ്ടാകാന്‍ കാരണം. റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 എന്ന ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങും വഴിയാണ് മുന്‍ മിസ് കേരള അന്‍സിബ കബീറും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നതും മൂന്നു പേര്‍ മരിക്കുന്നതും. വാഹനത്തിന്റെ അമിത വേഗതയും ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുതുമാണ് അപകട കാരണമെന്നാണ് പ്രാഥാമിക നിഗമനമെങ്കിലും മറ്റ് ചില സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതാണ് ദുരൂഹതകള്‍ക്ക് കാരണം. അതിലൊന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയി ആവശ്യപ്പെട്ടതാണ്. മറ്റൊന്ന് അപകടത്തില്‍പ്പെട്ട കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നു വന്നതാണ്. ഹോട്ടലില്‍ നിന്നു തന്നെ പുറപ്പെട്ട ഒരു ഔഡി കാറായിരുന്നു അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്നത്. ഇതോടിച്ചിരുന്നത് സൈജു എന്നയാളായിരുന്നു. അപകടം നടന്നശേഷം തന്റെ കാറില്‍ നിന്നും പുറത്തിറങ്ങി പരിസരം നിരീക്ഷിച്ച ശേഷം സൈജു ഹോട്ടല്‍ ഉടമ റോയിയെ ഫോണ്‍ ചെയ്തിരുന്നു. തന്റെ സുഹൃത്തായ സൈജുവിനോട് റോയി തന്നെയാണ് കാറിനെ പിന്തുടരാന്‍ ആവശ്യപ്പെട്ടത്. സൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടയ മറുപടി, അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും ആ നിലയില്‍ വാഹനമോടിച്ച് പോകേണ്ടെന്ന് അഭ്യര്‍ത്ഥിച്ചിട്ടും വാഹനമെടുത്തുകൊണ്ടു പോയതുകൊണ്ടാണ് അവരെ പിന്തുടര്‍ന്നതെന്നുമായിരുന്നു. സൈജുവിന്റെ മൊഴി പൊലീസ് അത്രകണ്ട് വിശ്വാസത്തില്‍ എടുത്തിട്ടില്ല. അതേസമയം അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ പറയുന്നത് തങ്ങളെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും അപകടത്തിന് കാരണമായത് അതാണെന്നുമാണ്. എന്തിനാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നും സൈജു അവരെ പിന്തുടര്‍ന്നത് എന്നതിന്റെ യഥാര്‍ത്ഥ ഉത്തരമാണ് പൊലീസിന് വേണ്ടത്. ദൃശ്യങ്ങള്‍ ഒളിപ്പിച്ചതും, കാറില്‍ പിന്തുടര്‍ന്നതും എന്തിനായിരുന്നുവെന്നതിന് റോയി തന്നെ ഉത്തരം നല്‍കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.