'കുരുക്കുകള്‍' അഴിഞ്ഞു; ശിവശങ്കര്‍ തിരിച്ചുവരുന്നു

ഒന്നര വര്‍ഷത്തിനുശേഷം എം ശിവശങ്കര്‍ ഐഎഎസ് സര്‍വീസിലേക്ക് തിരികെയെത്തുന്നു
 
m sivasankar

ഒന്നര വര്‍ഷത്തിനുശേഷം എം ശിവശങ്കര്‍ ഐഎഎസ് സര്‍വീസിലേക്ക് തിരികെയെത്തുന്നു. അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പു വച്ചതോടെയാണ് 17 മാസത്തോളം നീണ്ട സസ്‌പെന്‍ഷന്‍ അവസാനിച്ചത്. പുതിയ തസ്തിക എന്താണെന്നുള്ളത് പിന്നീട് തീരുമാനിക്കും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉണ്ടാകുന്നതിനു മുമ്പ് വരെ ഭരണരംഗത്തെ ഏറ്റവും ശക്തനും പ്രഗത്ഭനുമെന്ന വിശേഷണം സ്വന്തമാക്കിയിരുന്നു ശിവശങ്കറിന് കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടയില്‍ കടന്നു പോകേണ്ടി വന്നത് കേരളത്തില്‍ ഇന്നേവരെ മറ്റൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവങ്ങളിലൂടെയായിരുന്നു. സസ്‌പെന്‍ഷനും ജയില്‍വാസവും ദിനംപ്രതിയെന്നോണം ഉയര്‍ന്നു വന്നിരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ശിവശങ്കറിനെ ഏതാണ്ട് പത്തുമാസത്തോളം വേട്ടയാടിക്കൊണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന സ്ഥാനവും അദ്ദേഹത്തിനെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ശക്തിയേകിയിരുന്നു. ശിവശങ്കറിലൂടെ മുഖ്യമന്ത്രിയിലേക്ക് എന്ന തന്ത്രം പ്രതിപക്ഷ പാര്‍ട്ടികളും അന്വേഷണ സംഘങ്ങളും ഒരുപോലെ പയറ്റുകയും മാധ്യമങ്ങള്‍ അതിനു വേണ്ടത്ര പിന്തുണ നല്‍കുകയും ചെയ്തതോടെ ഒരു ' മഹാ അപരാധി'യായി ശിവശങ്കര്‍ ചിത്രീകരിക്കപ്പെട്ടു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കര്‍ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് 2020 ജൂലൈ 16ന്് എം ശിവശങ്കര്‍ സസ്പെന്‍ഷനിലായത്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒക്ടോബര്‍ 28-നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചുമത്തിയത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം 2021 ഫെബ്രുവരി നാലിനാണ് എം ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കുറ്റാരോപിതരില്‍ ഒരാളായ സ്വപ്‌ന സുരേഷുമായുള്ള അടുപ്പമാണ് ശിവശങ്കര്‍ എന്ന മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥന് വിനയായത്. ആ ബന്ധമാണ് സ്വര്‍ണക്കടത്തിനുമപ്പുറം ആരോപിക്കപ്പെട്ട എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്കും ശിവശങ്കറിന്റെ പേര് വലിച്ചിഴയ്ക്കാന്‍ കാരണമായത്. വഴിവിട്ട ചില സഹായങ്ങള്‍ക്ക് ശിവശങ്കര്‍ തയ്യാറായെങ്കിലും മൂന്നോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആ ഉദ്യോഗസ്ഥനുമേല്‍ സ്വപ്‌നയോട് ചേര്‍ത്ത് ആരോപിച്ച ദേശദ്രോഹങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കൊന്നും ഇതുവരെ തെളിവുകള്‍ കിട്ടിയിട്ടില്ല. 

മുഖ്യ കുറ്റാരോപിതരിലൊരാളായ സരിത്തിന്റെ മൊഴിയില്‍ നിന്നും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ മുന്‍ സെക്രട്ടറിയായ സ്വപ്ന സുരേഷിലേക്ക് കസ്റ്റംസ് എത്തിയതോടെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലേക്ക് ശിവശങ്കര്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ കൈയിലുള്ള ഐ ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ ഓപ്പറേഷന്‍ മാനേജര്‍ ആയി വര്‍ക്ക് ചെയ്യുന്ന സ്വപ്‌നയ്ക്ക് ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ട് എന്ന ' ഞെട്ടിക്കുന്ന' വാര്‍ത്ത മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷമാക്കി.

'ഗുണ്ടാലിസ്റ്റിലെ സ്ത്രീ' എന്ന ഇമേജ് ഭാവിയെ ആശങ്കപ്പെടുത്തുന്നുവെന്ന് ഷിമി; ഓപ്പറേഷന്‍ കാവല്‍ മനുഷ്യവേട്ടയോ?

വിഷന്‍ ടെക്നോളജി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷിനെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സിന് പരിചയപ്പെടുത്തിയത് ഐടി വകുപ്പാണെന്നാണ് ശിവശങ്കര്‍ തന്നെ സമ്മതിച്ച കാര്യമാണ്. സ്വപ്നക്ക് നേരത്തെ പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സുമായി ഹ്രസ്വകാല മാനേജ്മെന്റ് കരാര്‍ ഉണ്ടായിരുന്നുവെന്നും അതേസമയം ഐടി വകുപ്പാണ് പ്രൈസ് വാട്ടേഴ്സിനെ സ്വപ്നയുടെ പ്രൊഫൈല്‍ റഫര്‍ ചെയ്തത് എന്നും അവരാണ് സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചു എന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. സ്വപ്നയുടെ പശ്ചാത്തലം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ വിവരം തേടിയിരുന്നതായും എന്നാല്‍ നിയമനത്തിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഐ ടി വകുപ്പ് നിയമനം നടത്തി എന്നുമാണ് അന്നുയര്‍ന്ന ആരോപണം.

ഇതിനിടയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് വലിയ രാഷ്ട്രീയ വിവാദമാകാന്‍ പോകുന്നു എന്നത്തിന്റെ സൂചന നല്‍കി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തു വന്നു. കസ്റ്റംസ് പിടിച്ചുവെച്ച ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ കോള്‍ പോയി എന്നായിരുന്നു പത്രസമ്മേളനം വിളിച്ചുകൂട്ടി സുരേന്ദ്രന്‍ ആരോപിച്ചത്. അന്ന് വൈകുന്നേരത്തെ മീഡിയ ബ്രീഫിംങ്ങിനിടെ മുഖ്യമന്ത്രി ഈ ആരോപണം തള്ളിക്കളഞ്ഞെങ്കിലും എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള സൗഹൃദത്തിന്റെയും ഐ ടി വകുപ്പിന്റെ കീഴില്‍ അവര്‍ എങ്ങനെ കരാര്‍ ജോലിക്കാരിയായി എന്നതിന്റെയും കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമാകന്‍ പോകുന്നു എന്നു തിരിച്ചറിഞ്ഞ മുഖ്യമന്ത്രിയും സി പി എമ്മും പിറ്റേദിവസം തന്നെ ശിവശങ്കരനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും വൈകുന്നേരത്തോടെ ഐ ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാല അവധിയെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും ശിവശങ്കറിനെതിരേ 'കുരുക്കുകള്‍' മുറുകിയതോടെ സസ്‌പെന്‍ഷന്‍ വിവരം ഔദ്യോഗികകമായി തന്നെ പുറത്തു വന്നു. ആദ്യത്തെ സസ്‌പെന്‍ഷന്റെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരു സിവല്‍ സര്‍വീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി വേണമെന്നിരിക്കിലും എം ശിവശങ്കര്‍ ഒരു വര്‍ഷവും അഞ്ചുമാസവും പുറത്തു തന്നെ നിന്നു.

അനധികൃത നിയമനം പോലെ സ്പ്രിംങ്ക്‌ളര്‍ കരാര്‍ വിവാദവും ശിവശങ്കറിനെ പ്രതികൂട്ടിലാക്കി. മന്ത്രിസഭയുടെയോ നിയമവകുപ്പിന്റെയോ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയുമായി ഐടി വകുപ്പ് കരാറില്‍ ഏര്‍പ്പെട്ടതായിരുന്നു വിവാദത്തിന്റെ അടിസ്ഥാനം. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ വകുപ്പിന്റെ സെക്രട്ടറിയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍. സ്പ്രിംങ്ക്ളര്‍ കമ്പനിക്ക് യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താല്‍പര്യവും സിപിഎമ്മിന്റെ താല്‍പര്യവുമെല്ലാം ആരോപിക്കപ്പെട്ടു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ കേരള രാഷ്ട്രീയത്തെ ഉലച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ന്യൂസില്‍ എം ശിവശങ്കര്‍ തന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് രംഗത്തുവന്നത്. സ്പ്രിംങ്ക്ളര്‍ എന്ന വിദേശ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ തന്റെ മാത്രം തീരുമാനമായിരുന്നു എന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതൊരു പര്‍ച്ചേസ് കരാറായിരുന്നു. അത്തരമൊരു കരാറിന് മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ശക്തമായ ഘട്ടത്തിലാണ് എല്ലാ ഉത്തരവാദിത്തവും തന്റെതാണെന്ന് പറഞ്ഞ് ശിവശങ്കര്‍ ഏറ്റെടുത്തത്. അത് പിണറായി വിജയനെതിരായ ആരോപണങ്ങളെ ഒരു പിരിധി വരെ നിര്‍വീര്യമാക്കി. മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം തന്റെ നേര്‍ക്ക് സ്വയം തിരിച്ചുവെക്കുകയാണ് ശിവശങ്കര്‍ ചെയ്തതെന്ന് ആ സമയത്ത് വ്യാഖ്യാനങ്ങള്‍ വന്നിരുന്നു. അത്രയും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് പിണറായി വിജയനെ സംബന്ധിച്ച് ശിവശങ്കര്‍ എന്ന കണ്ടെത്തലുകളും അതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശിവശങ്കറിനെ ' മുഖ്യമന്ത്രിക്ക് പേരുദോഷം ഉണ്ടാക്കി കൊടുത്ത ഉദ്യോഗസ്ഥന്‍' എന്ന നിലയിലായിരുന്നു മാധ്യമങ്ങളും ഇടതുപക്ഷത്തെ നേതാക്കളുമടക്കം കുറ്റപ്പെടുത്തിയത്. കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയരുന്നതും അതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് രാജിവെയ്ക്കേണ്ടി വന്നതും ആ കുറ്റപ്പെടുത്തലുകള്‍ക്കുള്ള ന്യായീകരണമായിരുന്നു. 

'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'

എല്ലാം നിയന്ത്രിച്ചത് ശിവശങ്കര്‍, സ്വപ്ന ഒരു മുഖം മാത്രം; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പൂട്ടാനുള്ള എല്ലാ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നായിരുന്നു അന്വേഷണ ഏജന്‍സികള്‍ നടത്തിവന്നിരുന്ന അവകാശവാദങ്ങള്‍. അവരുടെ ആത്മവിശ്വാസം കൂട്ടുന്ന പിന്തുണയാണ് മാധ്യമങ്ങള്‍ നല്‍കിയത്. സ്വപ്ന സുരേഷുമായുള്ള ശിവശങ്കറിന്റെ ബന്ധമായിരുന്നു  എന്‍ഫോഴ്സ്മെന്റിന്റെയും കസ്റ്റംസിന്റെയും പ്രധാന ആയുധങ്ങള്‍. സ്വപ്ന എല്ലാക്കാര്യങ്ങളും പങ്കുവച്ചിരുന്നയാള്‍ ആയിരുന്നു ശിവശങ്കര്‍ എന്നായിരുന്നു എന്‍ഫോഴ്സ്‌മെന്റിന്റെ പ്രചാരണം. സ്വപ്ന നടത്തിയിരിക്കുന്ന അനധികൃത പ്രവര്‍ത്തികളെല്ലാം ശിവശങ്കര്‍ അറിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ സംഘങ്ങള്‍ മാധ്യമങ്ങള്‍ വഴി 'ഉറപ്പിച്ചിരുന്നു'. സ്വര്‍ണക്കടത്ത് കേസ്, ഡോളര്‍ കടത്ത് കേസ്, കള്ളപ്പണക്കേസ് എന്നീ മൂന്നു കേസുകളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. 2021 ഒക്ടോബര്‍ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പണം തട്ടിപ്പ് തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെതിരേ ചുമത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന് അറിഞ്ഞുകൊണ്ട് കൂട്ടുനില്‍ക്കല്‍, ഡോളര്‍ അനധികൃതമായി വിദേശത്തേയ്ക്ക് കടത്താന്‍ സഹായിക്കല്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇ ഡി ശിവശങ്കറിനെതിരെ ഉന്നയിച്ചത്. പിഎംഎല്‍എ നിയമത്തിലെ 3, 4 വകുപ്പുകള്‍ ശിവശങ്കറിനെതിരെ ചുമത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇത്തരം കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നത്.

എന്നാല്‍, തെളിവുകളെല്ലാമുണ്ടെന്ന് പറഞ്ഞു നടന്ന അന്വേഷണ ഏജന്‍സികള്‍ക്ക് ശിവശങ്കറിനെതിരേ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സമയപരിധിക്കുള്ളില്‍ ശിവശങ്കറിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും സാധിച്ചില്ല. അതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടാനും ശിവശങ്കറിന് ബുദ്ധിമുട്ടുണ്ടായില്ല. പിന്നാലെ ഡോളര്‍ കടത്ത് കേസിലും അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ജയില്‍ മോചിതനാവുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് എം ശിവശങ്കര്‍ ജാമ്യം തേടി പുറത്തു വരുന്നത്. കോടതികളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ അന്വേഷണ ഏജന്‍സികളില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ശിവശങ്കര്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നതല്ലാതെ, പുറത്തിറങ്ങി ഒരുവര്‍ഷത്തോളമായിട്ടും തനിക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചോ, യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോ ശിവശങ്കര്‍ ഒന്നും തന്നെ ആരോടും പറഞ്ഞിട്ടില്ല. നിശബ്ദമായ കാത്തിരിപ്പിനുശേഷം വീണ്ടും സര്‍വീസിലേക്ക് തിരിച്ചെത്തുമ്പോഴും അദ്ദേഹത്തിന്റെ മനസില്‍ ഒരിക്കല്‍ തനിക്കുണ്ടായിരുന്ന സത്‌പേര് തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യം മാത്രമായിരിക്കും ഉണ്ടാവുക.

അഴിമുഖം യൂട്യൂബ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക