'തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുത്'; ചെന്നിത്തലയ്‌ക്കെതിരെ കെ. മുരളീധരനും തിരുവഞ്ചൂരും

 
congress

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്യവിമര്‍ശനം ഉന്നയിച്ച രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെ മുരളീധരന്‍ എംപി.യും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും. തുടര്‍ച്ചയായി നാല് തെരഞ്ഞെടുപ്പുകള്‍ തോറ്റ് നില്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് ഓര്‍മിപ്പിച്ച മുരളീധരന്‍ ചിലര്‍ ജയിച്ച കണക്കുകള്‍ മാത്രമേ പറയുന്നുള്ളുവെന്നും കോണ്‍ഗ്രസില്‍ ഇനി വീതം വയ്പ് രാഷ്ട്രീയം ഉണ്ടാകില്ലെന്നും തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ചുമതലയേറ്റ ചടങ്ങിലാണ് കെ മുരളീധരന്‍ എംപി രമേശ് ചെന്നിത്തലയ്ക്കും ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കും പരോക്ഷമായി മറുപടി നല്‍കിയത്.

''പഴയകാര്യങ്ങള്‍ പറയാനാണെങ്കില്‍ കുറെയുണ്ട്. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു. പരിഹരിക്കാന്‍ കഴിയാത്ത ഒരു പോരായ്മയും പാര്‍ട്ടികകത്തില്ല. എല്ലാവരും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷം ഉമ്മന്‍ ചാണ്ടിയുമായി ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലെ വിജയങ്ങള്‍ പറഞ്ഞ  ചെന്നിത്തലയ്ക്ക് പരാജയങ്ങള്‍ കൂടി ഓര്‍മ്മിപ്പിച്ചാണ് മുരളീധരന്റെ മറുപടി

അച്ചടക്കലംഘനത്തിന് കടുത്ത ശിക്ഷ അനുഭവിച്ചവനാണ് താന്‍. തന്നെ തിരിച്ചെടുക്കാന്‍ കെ കരുണാകരന്‍ മരണക്കിടക്കയില്‍ കിടന്ന് കത്തെഴുതിയത് ഓര്‍മ്മിപ്പിച്ച മുരളീധരന്‍ നേതാക്കള്‍ക്കുള്ള വ്യക്തമായ മറുപടിയാണ് പറഞ്ഞത്. നിലവിലെ പാര്‍ട്ടിയിലെ പ്രയാസങ്ങള്‍ പരിഹരിക്കാനാകുമെന്ന് മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും
രമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല, പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

കഴിഞ്ഞദിവസം കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് രമേശ് ചെന്നിത്തല ഏറെ ചര്‍ച്ചയായ പ്രതികരണം നടത്തിയത്. താന്‍ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി അങ്ങനയല്ലെന്നും സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കേണ്ട ബാധ്യതയുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരമല്ലെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.