കൊച്ചി മേയര്‍ക്ക് താലിബാന്റെ പേരില്‍ ഭീഷണിക്കത്ത്;  സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി 

 
KOCHI MAYOR


കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാറിന് താലിബാന്റെ പേരില്‍ ഭീഷണിക്കത്ത്. ബിന്‍ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച് ചീഫ് കമ്മാന്‍ഡര്‍ ഓഫ് താലിബാന്‍, ഫക്രുദീന്‍ അല്‍ത്താനി എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. മലയാളത്തില്‍ എഴുതി കോഴിക്കോട്ടുനിന്നു റജിസ്റ്റേര്‍ഡ് പോസ്റ്റായി അയച്ച കത്ത് ബുധനാഴ്ചയാണ് മേയര്‍ക്കു ലഭിച്ചത്.

കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്രമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു. കത്തിലുടനീളം അസഭ്യവാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കത്ത് കൈമാറി. 

സംഭവത്തില്‍  നിയമനപടി ആവശ്യപ്പെട്ടാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കിയത്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി  ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം ഭീഷണികള്‍കൊണ്ട് മേയര്‍ എം. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള കൊച്ചി നഗരസഭ കൗണ്‍സില്‍ സ്വീകരിച്ചു വരുന്ന വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കാനാവില്ലെന്ന്  ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.