സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനടക്കം രണ്ട് പേര്‍ പിടിയില്‍

 
gold

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണംകടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനെ ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകീട്ടോടു കൂടി ഷാബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. കേസിലെ പ്രധാനപ്രതിയും സിനിമാ നിര്‍മ്മാതാവുമായ കെ പി സിറാജുദ്ദീനാണ് ഷാബിന് വേണ്ടി സ്വര്‍ണം അയച്ചു കൊടുക്കുന്നെന്നാണ് വിവരം. സിറാജുദ്ദീന്‍ നിലവില്‍ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണം വാങ്ങാനെത്തിയ നകുല്‍ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ പരിശോധനയില്‍ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പിന്നാലെ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തുകയും ഷാബിന്റെ പാസ്‌പോര്‍ട്ട് ലാപ്‌ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയില്‍ ഷാബിന്‍ സ്വര്‍ണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. നേരത്തേയും ഇതുപോലെ ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.

ഷാബിനും സിറാജുദ്ദിനും ചേര്‍ന്നാണ് തൃക്കാക്കര നഗരസഭയിലെ കോണ്‍ട്രാക്ട് ജോലികളേറെയും ചെയ്തിരുന്നത്.  വൈസ് ചെയര്‍മാന്റെ വഴിവിട്ട ഇടപെടലിലൂടെയാണ് ഇത് സാധിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷം വിജിലന്‍സ് അന്വേഷണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്