ഓണക്കോടിക്കൊപ്പം 10,000 രൂപയും; തൃക്കാക്കര നഗരസഭ അധ്യക്ഷ വിവാദത്തില്‍

 
d

എറണാകുളം തൃക്കാക്കര കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭ അധ്യക്ഷ നല്‍കിയ ഓണസമ്മാനം വിവാദത്തില്‍. യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനമായി  ഓണക്കോടിയ്‌ക്കൊപ്പം പതിനായിരം രൂപയും നല്‍കിയത്. പണം തിരികെ നല്‍കിയ 18 കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. 

ഓരോ കൗണ്‍സിലര്‍മാരെയും ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണം രഹസ്യമായി കൈമാറുകയായിരുന്നുവെന്നാണ് ആരോപണം. നഗരസഭയിലെ വിവിധ വാര്‍ഡുകളിലേക്കുള്ള ഓണക്കോടി വിതരണത്തിനൊപ്പം കൗണ്‍സിലര്‍മാരെ ക്യാബിനില്‍ വിളിച്ചുവരുത്തി പണമടങ്ങിയ കവറും കൂടി നല്‍കിയെന്നാണ് ആരോപണം. ഓണ സമ്മാനം ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ പണം എവിടെ നിന്ന് എത്തിയെന്ന സംശയമാണ് ഒരു വിഭാഗം കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്‍പേഴ്‌സന്‍ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്.

കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപവീതം നല്‍കിയെങ്കില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള ഭരണസമിതിക്ക്‌ 25 ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടാകുമെന്നാണ്‌  പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയെന്നും പ്രതിപക്ഷം പറഞ്ഞു.  എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ അധ്യക്ഷ  അജിത തങ്കപ്പന്‍ പ്രതികരിച്ചു.