ജിഫ്രി തങ്ങളുടെ നിലപാടുകള്‍ വെല്ലുവിളിയാകുന്നത് ആര്‍ക്കൊക്കെ?
 

വഖഫ് വിഷയത്തിലെ വിവാദത്തിനു ശേഷമായിരുന്നു ജിഫ്രി തങ്ങള്‍ക്കു നേരെ വധഭീഷണിയുണ്ടായത്
 
jifri thangal


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ക്കുനേരെയുള്ള വധഭീഷണിയാണല്ലോ കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ചര്‍ച്ച. വഖഫ് വിഷയത്തിലെ വിവാദത്തിനു ശേഷമായിരുന്നു ജിഫ്രി തങ്ങള്‍ക്കു നേരെ വധഭീഷണിയുണ്ടായത്. സംഭവം വാര്‍ത്തയായതോടെ വഖഫ് മന്ത്രി അബ്ദുറഹിമാനും ഇടതുസംഘടനകളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തരത്തിന്റെ വീഴ്ച്ചയാണെന്നും അന്വേഷണം വേണമെന്നും മുസ്ലിംലീഗ് ജനറല്‍സെക്രട്ടറി പിഎംഎ സലാമും ആവശ്യപ്പെട്ടു. ഈ അവസരത്തില്‍ ജിഫ്രി തങ്ങള്‍ ആരാണെന്നും വധഭീഷണിയുണ്ടാവാന്‍ സാഹചര്യമെന്താണെന്നും പരിശോധിക്കുകയാണ്. 

സയ്യിദ് ഹുസൈന്‍ ജിഫ്രി പൂക്കുഞ്ഞികോയ തങ്ങളുടേയും ഫാത്തിമ്മ ബീവിയുടേയും മകനായി 1957-ല്‍ തിരൂരങ്ങാടിക്കടുത്തുള്ള ഇരുമ്പുചോലയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനിച്ചത്. യമനീപാരമ്പര്യം പേറുന്ന തലമുറയിലെ ഇപ്പോഴത്തെ പണ്ഡിതനാണ് ജിഫ്രിതങ്ങള്‍. ചെറുമുക്ക് റൂഹുല്‍ ഇസ്ലാം മദ്രസ്സയിലും കുണ്ടൂര്‍ എഎംഎല്‍പി സ്‌കൂള്‍, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറുമുക്ക്, തിരൂരങ്ങാടി, താെഴെ ചിനക്കല്‍, തെക്കുംപാടം, എന്നീ സ്ഥലങ്ങളില്‍ തങ്ങള്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കി. 1974-75 കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പഠനം നടത്തി. 1976 ല്‍ ചെന്നൈ ജലാലിയ്യ കോളേജില്‍ ചേര്‍ന്നെങ്കിലും അസുഖം കാരണം പഠനം തുടരാനായില്ല. അല്‍പകാലം തിരൂരങ്ങാടിയില്‍ പഠനം നടത്തി. തുടര്‍ന്ന് 1977-ല്‍ ലക്നോവില്‍ ദാറുല്‍ ഉലൂം ദയൂബന്ദില്‍ ചേര്‍ന്നു. 1990-91 കാലഘട്ടത്തില്‍ കോട്ടുമല ബാപ്പു മുസ്ലിയാരുടെ ക്ഷണപ്രകാരം കടമേരി റഹ്മാനിയയില്‍ സേവനം ചെയ്തു. 1992 ല്‍ നന്തി ദാറുസ്സലാമില്‍ മുദരിസായും പിന്നീട് പ്രിന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ യമാനിയ്യ അറബി കോളേജ് കുറ്റിക്കാട്ടൂര്‍,മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്സ്,മടവൂര്‍ സി.എം മഖാം കോളേജ്, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നു.

എതിര്‍പ്പുകള്‍ കടന്ന് സമസ്തയുടെ നേതൃത്വത്തിലേക്ക്

2017-ലാണ് ജിഫ്രിമുത്തുകോയ തങ്ങള്‍ സമസ്തയുടെ അധ്യക്ഷപദവിയിലേക്കെത്തുന്നത്. കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാരുടെ മരണശേഷമായിരുന്നു ഇത്. എന്നാല്‍ ജിഫ്രിതങ്ങളെ അധ്യക്ഷപദവിയിലെക്കെത്തുന്നതില്‍ നിന്ന് തടയാന്‍ അന്ന് മുസ്ലിം ലീഗ് കഠിനമായി പരിശ്രമിച്ചു. പകരം പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരേയോ കോട്ടുമല ബാപ്പു മുസ്ലിയാരെയോ ആക്കാന്‍ ലീഗ് നേതൃത്വം ശ്രമിച്ചുവെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് ട്രഷററായിരുന്ന ജിഫ്രിതങ്ങള്‍ സമസ്തയുടെ പതിനൊന്നാമത്തെ അധ്യക്ഷനാവുന്നത്. ജിഫ്രി തങ്ങള്‍ക്കു മുമ്പ് നേരത്തെ ആ പദവി തന്നെ അപ്രസക്തമായിരുന്നുവെന്ന് തന്നെ പറയാം. നയപരമായ നിലപാടുകള്‍ കൂട്ടമായി എടുക്കുകയും അതിന്റെ അന്തിമവാക്കെന്ന നിലയില്‍ സമസ്തയില്‍ ജനറല്‍ സെക്രട്ടറിക്കായിരുന്നു പ്രാധാന്യം. സംഘടനയുടെ നേതാവെന്ന നിലയില്‍ നിന്നും സംഘടനക്കൊരു അധ്യക്ഷന്‍ എന്നതെ നേരത്തെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷപദവിയിലേക്കെത്തിയതോടെ സമസ്തയില്‍ മാറ്റം സംഭവിച്ചു. സൂഫിവര്യന്‍ എന്ന നിലയില്‍ നിന്നും അധ്യക്ഷപദവി പ്രാധാന്യം നേടി. താരതമ്യേന മറ്റു അധ്യക്ഷന്‍മാരേക്കാള്‍ പ്രായം കുറവുള്ള അധ്യക്ഷനാണ് ജിഫ്രിതങ്ങള്‍. പ്രായം കുറവുള്ള ആള്‍ അധ്യക്ഷനാവുകയും സംഘടനയെക്കുറിച്ചുള്ള കാഴ്ച്ചപാടുകളും സാമൂഹിക ബന്ധങ്ങളും ഉണ്ടായതോടെ മറ്റു അധ്യക്ഷന്‍മാരില്‍ നിന്നും ജിഫ്രിതങ്ങള്‍ ശ്രദ്ധനേടി. സയ്യിദ് കുടുംബത്തില്‍ നിന്നുള്ളൊരാള്‍ എന്ന നിലയിലും സുന്നിവിഭാഗത്തില്‍ ജിഫ്രിതങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

സുകുമാരന്‍ നായരെപ്പോലെയോ വെള്ളാപ്പള്ളിയെ പോലെയോ പാലാബിഷപ്പിനെ പോലെയോ കേരളത്തിലെ മറ്റു സാമുദായിക നേതാക്കന്‍മാരെപ്പോലെയോ സാമുദായിക രാഷ്ട്രീയത്തിന്റെ ശബ്ദമാവുകയാണ് ജിഫ്രിതങ്ങളെന്നും ജിഫ്രിതങ്ങളുടെ പ്രസ്താവനകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. പല രാഷ്ട്രീയ വിഷയങ്ങളിലും പ്രസ്താവനകള്‍ നടത്തുന്നു. കൂടാതെ മാധ്യമങ്ങളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇത് മറ്റു അധ്യക്ഷന്‍മാരില്‍ നിന്നും ജിഫ്രിതങ്ങളെ വേറിട്ടതാക്കുന്നു. ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ശേഷം രാഷ്ട്രീയ തന്ത്രപരമായും നയപരമായും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും ജിഫ്രിതങ്ങള്‍ക്ക് സ്വന്തമാണ്. സമീപകാലത്ത് സമസ്ത കൈക്കൊള്ളുന്ന നിലപാടുകള്‍ മുസ്ലിംലീഗിന്റെ നിഴലില്‍ നിന്ന് വേറിട്ട് സ്വതന്ത്രമായി നില്‍ക്കാന്‍ ശ്രമിക്കുന്നതാണ്. പ്രത്യേകിച്ച് ജിഫ്രി തങ്ങള്‍ അധ്യക്ഷനായതിനു ശേഷം. പക്ഷേ അത് ജിഫ്രി തങ്ങളുടെ മാത്രം തീരുമാനമെന്ന നിലയിലല്ല, സമസ്തക്കകത്ത് രൂപപ്പെട്ടുവരുന്ന ലീഗ് ഇതര ചേരിയുടെ നീക്കത്തിന്റെ ഭാഗമായാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രമായ തീരുമാനമെടുക്കണമെന്ന അവരുടെ നിലപാടും അതിന്റെ ഭാഗമായാണ്. ലീഗിതര ചേരിയുടെ ഒരു സ്വാധീനം ജിഫ്രി തങ്ങളുടെ മേലുണ്ടെന്നും രാഷ്ട്രീയ നിരീക്ഷര്‍ പറയുന്നുണ്ട്. 

'സമസ്ത ആരുടെയും എ ടീമും ബി ടീമും അല്ല'

മുസ്ലിം ലീഗുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ ഒരു അഭിമുഖത്തില്‍ ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ ബി ടീമായി സമസ്ത പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ജിഫ്രിതങ്ങളുടെ പ്രതികരണം ഇങ്ങനെയായിരുന്നു:  'മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ മുഖ്യധാരയാണ് മുസ്ലിം ലീഗ്. മതവിഷയങ്ങളില്‍ സമസ്തയും. അതുകൊണ്ടുതന്നെ സമസ്തയിലുള്ളവര്‍ അധികവും മുസ്ലിംലീഗുകാരായി. മുസ്ലിം ലീഗിലെ ഭൂരിപക്ഷം സമസ്തക്കാരും. ഇത് ഏതൊരു സാമൂഹ്യഘടനയിലും സംഭവിക്കുന്ന സ്വാഭാവികമായ പ്രക്രിയയാണ്. അതു മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ് സമസ്ത മുസ്ലിം ലീഗിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എന്ന ആക്ഷേപം ഉന്നയിക്കുന്നത്. സമസ്ത ആരുടെയും എ ടീമും ബി ടീമും അല്ല. സാമുദായിക രാഷ്ട്രീയ പാര്‍ട്ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ്. അതുപോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മത സംഘടനയാണ് സമസ്തയും. സമസ്തയെ സംബന്ധിച്ചിടത്തോളം സംഘടനയ്ക്കും സമുദായത്തിനും ഗുണം ചെയ്യുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനത്തോടും സഹകരിക്കുമെന്ന നിലപാടാണുള്ളത്'. ഇതില്‍ നിന്നുതന്നെ സ്വതന്ത്രമായി നിലനില്‍ക്കാനാഗ്രഹിക്കുന്ന സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം പറയുന്നത് വ്യക്തമാണ്. 

വധഭീഷണി

വഖഫ് വിഷയത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച നിലപാടിന് പിന്നാലെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത് ജിഫ്രിതങ്ങള്‍ തന്നെയായിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് ജിഫ്രി തങ്ങള്‍ അതേ പരിപാടിയില്‍ തന്നെ വ്യക്തമാക്കി. അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ലെന്നും ജിഫ്രിതങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. മലപ്പുറം ആനക്കയത്ത് നടന്ന പരിപാടിയിലാണ് ജിഫ്രിതങ്ങള്‍ വധഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. 'ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. ഞാനിപ്പോള്‍ അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെയാണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആവും. അല്ലാഹു തആല നല്ല നിലക്ക് ഈമാനോടെ മരിക്കാന്‍ നമുക്കൊക്കെ തൗഫീഖ് നല്‍കട്ടെ' -പരിപാടിയിലെ പ്രസംഗം ഇങ്ങനെയായിരുന്നു. 

സമുദായം തിരിച്ചറിയണം

ജിഫ്രി തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ പ്രതികരണവുമായി എസ്എകെഎസ്എസ്എഫ് രംഗത്തെത്തി. സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നവരെ സമുദായം തിരിച്ചറിയണമെന്നും ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവര്‍ ആവശ്യപ്പെട്ടു. 'സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണം. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കി നില്‍ക്കാനാവില്ല. ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകരിച്ചുമാണ് സംഘടനാ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്. അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല- എസ് കെ എസ് എസ് എഫ് പറയുന്നു. 

'തങ്ങളുടെ നിലപാടുകള്‍ ലീഗിനെ പ്രകോപിപ്പിക്കുന്നു'

ജിഫ്രിതങ്ങള്‍ക്ക് നേരെയുള്ള വധഭീഷണിയെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് മന്ത്രി ടി അബ്ദുറഹിമാന്‍ ജിഫ്രി തങ്ങളെ വിളിച്ച് പിന്തുണയര്‍പ്പിച്ചിരുന്നു. കൂടാതെ ഡിവൈഎഫ്ഐയും എഐവൈഎസ്എഫും പിന്തുണയുമായി രംഗത്തെത്തി. വഖഫ് പ്രശ്നത്തില്‍ ജിഫ്രിതങ്ങളെടുത്ത വളരെ സംയമനവും മതനിരപേക്ഷവുമായ സമീപനത്തില്‍ അസിഹിഷ്ണുക്കളായവര്‍ അദ്ദേഹത്തെ ആക്ഷേപിച്ച് സാമൂഹ്യരംഗത്തുവരുന്നത് നമ്മളേവരും കണ്ടതാണ്. അതിന്റെ തുടര്‍ച്ചയിലാണ് അദ്ദേഹത്തിനിരയായിട്ട ഇന്റര്‍നെറ്റ് കോളില്‍ ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാവുമെന്ന വധഭീഷണിയുണ്ടായിരിക്കുന്നതെന്നും ഇടതുസൈദ്ധാന്തികനായ കെടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.'തീര്‍ച്ചയായിട്ടും കേരളം പോലെയുള്ള ഒരു സമൂഹത്തിനകത്ത്, വളരെ മതനിരപേക്ഷമായി ജീവിച്ചുപോരുന്ന സമൂഹത്തിനകത്ത് കഴിഞ്ഞ കുറേകാലമായി ആര്‍എസ്എസും ആര്‍എസ്എസിന്റെ മറുപുറം കളിക്കുന്ന മറ്റുപലരും നടത്തിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് മതസൗഹാര്‍ദ്ദം തകര്‍ക്കുക എന്നത്. എല്ലാ വര്‍ഗ്ഗീയ, തീവ്രവാദ സംഘടനകളും അങ്ങനെയാണ്. അവര്‍ക്ക് വിദ്വേഷം പടര്‍ത്താതെ നിലനില്‍ക്കാനാകില്ല. അതുവഴിയുണ്ടാകുന്ന ധ്രുവീകരണമാണ് അടിത്തറയായി മാറുകയെന്നതാണ് അവര്‍ കാണുന്നത്. വഖഫ് വിഷയത്തില്‍ ജനാധിപത്യരീതിയിലുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. മുസ്ലിം മതവിശ്വാസികള്‍ക്കിടയിലോ സമുദായസംഘടനകള്‍ക്കുള്ളിലോ ആശയക്കുഴപ്പവും ആശങ്കകളും പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അത് സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും വഖഫ് ബോര്‍ഡ് രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് പിഎസ് സിക്ക് നിയമനം വിടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആലോചനയുടെ നിര്‍ദ്ദേശമാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ ബില്ലെത്തിയപ്പോള്‍ ലീഗുള്‍പ്പെടെയുള്ള യുഡിഎഫ് കകഷികള്‍ പിന്തുണച്ചിരുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് മാത്രമായിരുന്നു ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ളൊരു ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇത് നടപ്പിലാക്കാനും പോകുന്നില്ല. അങ്ങനെയൊരു വാശിയും സര്‍ക്കാരിനില്ല. ഇത് ജിഫ്രിതങ്ങളുള്‍പ്പെടെയുള്ള എല്ലാ മതസാമുദായിക നേതാക്കള്‍ക്കും മനസ്സിലായതായിരുന്നു. അത് വഖഫ് വിഷയത്തില്‍ മുസ്ലിം സമുദായത്തിന് എന്തോ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന മുസ്ലിം ലീഗിന്റെ നിലപാടിനെതിരെ ജിഫ്രി തങ്ങളുടെ നിലപാട് വലിയ രീതിയില്‍ തിരിച്ചടിയുണ്ടാക്കി. വിശ്വാസികളെ ഇളക്കിവിട്ട് പ്രശ്നമുണ്ടാക്കാനുള്ള അവസരം ജിഫ്രിതങ്ങള്‍ നഷ്ടപ്പെടുത്തിയത് ലീഗിന് പ്രശ്നമുണ്ടാക്കി. ഇത് ലീഗിന് ജാള്യതയുണ്ടാക്കുകയും ലീഗിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതാണ് ജിഫ്രിതങ്ങളുള്‍പ്പെടെയുള്ള സമുദായ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള സാമൂഹിക മാധ്യമങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണമായത്. ഇതിന്റെ തുടര്‍ച്ചയായാണ് വധഭീഷണിയും. വര്‍ഗ്ഗീയ നിലപാടുകളുള്ള സംഘടനകളും അതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സംഘടനകളും എത്രത്തോളം അസഹിഷ്ണുക്കളും അവരേതറ്റവും പോകുമെന്നതിന്റെ സൂചനകളുമാണ് ഈ സംഭവം കാണിക്കുന്നത്.'-കെടി കുഞ്ഞിക്കണ്ണന്‍ പറയുന്നു. 

ചെമ്പരിക്ക ഖാസിയുടെ ദൂരൂഹമരണം

പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് 2010 ഫെബ്രുവരി 15-നാണ് സമസ്ത ഉപാധ്യക്ഷനും മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സിഎം അബ്ദുള്ള മൗലവി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. വീടിന് 900 മീറ്റര്‍ അടുത്തുള്ള കടലില്‍ മരിച്ച നിലയിലാണ് കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അതിന് മുമ്പ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നുവെങ്കിലും സിബിഐക്ക് ധൃതിപ്പെട്ട് കേസ് നല്‍കുകയായിരുന്നുവെന്നും ഇതില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കുടുംബം ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ശാസ്ത്രീയ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസേര്‍ച്ചിലെ (ജിപ്മെര്‍) ഫോറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖാസിയുടെ മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറയുന്നുണ്ട്. ഖാസിയുടെ വീട്ടിലും നാട്ടിലും തെളിവെടുപ്പ് നടത്തി നീണ്ട അന്വേഷണത്തിനൊടുവില്‍, കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ഡിസംബര്‍ 31നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

വധഭീഷണിക്കു പിന്നിലെന്ത്?

ലീഗില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ പ്രകടമാക്കുവാന്‍ തുടങ്ങിയതോടെ ജിഫ്രിതങ്ങള്‍ക്കെതിരെ വിമര്‍ശനം കടുത്തിരുന്നു. ലീഗ് സൈബര്‍ പോരാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ മോശം പരാമര്‍ശങ്ങളും ജിഫ്രിതങ്ങള്‍ക്കെതിരെ തൊടുത്തുവിട്ടു. വഖഫ് വിഷയത്തില്‍ പള്ളികളിലെ പ്രതിഷേധത്തിന് ഇല്ലെന്ന് നിലപാടെടുത്ത സമസ്ത ലീഗിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുകയായിരുന്നു. സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയം ശക്തമാക്കുമ്പോള്‍ കൂട്ടമായെടുത്ത തീരുമാനത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ സമസ്തയുടെ നിലപാട് ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ടാവണം.

അതേസമയം, ജിഫ്രിതങ്ങള്‍ക്കു നേരെയുള്ള വധഭീഷണി അത്ര കാര്യമായെടുക്കേണ്ട വിഷയമാണെന്ന് തോന്നുന്നില്ലെന്നാണ് പരക്കെയുള്ള അഭിപ്രായം. അത്തരത്തില്‍ അപായപ്പെടുത്തി കളയാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാവുന്നില്ല. ഫോണിലൂടെ വധഭീഷണി നേരിട്ടുണ്ടാവാം. പക്ഷേ അതൊരു സീരിയസ് ആയ കാര്യമാണെന്ന് തോന്നുന്നില്ല. ജിഫ്രി തങ്ങളും പരാതിയില്ലെന്നു തന്നെയല്ലേ പറഞ്ഞതും. അതിനാല്‍ ആ വിഷയത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനായ മുഹമ്മദ് ഹനീഫ പറയുന്നു. അതേസമയം, സംഭവം വിവാദമായതിന് പിന്നില്‍ ജിഫ്രിതങ്ങള്‍ നടത്തിയ പൊളിറ്റിക്കല്‍ സ്റ്റേറ്റുമെന്റുകളായിരിക്കാം എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് ഇടതുസംഘടനകള്‍ രംഗത്തുവന്നതും. സ്ഥിരമായി വാര്‍ത്താ പ്രാധാന്യത്തോടെ നിലനില്‍ക്കുക എന്നതാവണം ജിഫ്രിതങ്ങളുമായി ചുറ്റുപ്പറ്റിക്കിടക്കുന്നവരുടേയും ഉദ്ദേശം. അല്ലാതെ ലീഗിന് ജിഫ്രിതങ്ങളെ അപായപ്പെടുത്താനുള്ള ആഗ്രഹമുണ്ടെന്നൊന്നും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ലീഗുമായുള്ള സമസ്തയുടെ അകല്‍ച്ച

ലീഗുമായുള്ള സമസ്തയുടെ അകല്‍ച്ച വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉണ്ടെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും. 2015-ലെ രാജ്യസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങള്‍ ചികഞ്ഞുനോക്കിയാല്‍ അതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമാവും. കെപിഎ മജീദിനെയായിരുന്നു കുഞ്ഞാലിക്കുട്ടിയും ഇടിയും നിര്‍ദ്ദേശിച്ചത്. എന്നാല്‍ സമസ്തയുടെ താല്‍പ്പര്യപ്രകാരം ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനേയും എതിര്‍ത്തുകൊണ്ട് പി വി അബ്ദുല്‍വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ലീഗും സമസ്തയും ഇടഞ്ഞു. പിന്നീടതിന്റെ വ്യാപ്തി കൂടി വന്നു. അങ്ങനെയിരിക്കെ സമസ്തയുടെ ട്രഷററായിരുന്ന ജിഫ്രിതങ്ങള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരികയും ചെയ്യുന്നു. ലീഗതിനെ ശക്തമായി എതിര്‍ത്തെങ്കിലും ജിഫ്രിതങ്ങള്‍ തന്നെ അധ്യക്ഷനായി. ലീഗില്‍ നിന്നും വേറിട്ടുള്ള സ്വതന്ത്ര നിലപാടുകള്‍ ജിഫ്രിതങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെ കല്ലുകടി തുടര്‍ന്നു. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് വഖഫ് വിഷയത്തിലെ നിലപാട്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ ആദ്യഘട്ടത്തില്‍ ലീഗിന്റെ പ്രതിഷേധത്തിനൊപ്പം നില്‍ക്കാതെ സമസ്ത മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നേരിട്ടായിരുന്നു. അതിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നിലും ജിഫ്രിതങ്ങള്‍ വഖഫ് ബോര്‍ഡ് നിയമനവിഷയം പരിഹരിക്കാമെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പുണ്ടെന്ന് ആവര്‍ത്തിച്ചു. 

എന്‍ആര്‍സി, സിഎഎ സമരത്തില്‍ ലീഗിന്റെ വിലക്ക് ലംഘിച്ച് ജിഫ്രി തങ്ങള്‍ കാന്തപുരവുമായി വേദി പങ്കിട്ടു. മലപ്പുറത്തും കോഴിക്കോടും ജിഫ്രിതങ്ങള്‍ കാന്തപുരത്തിനൊപ്പം നിന്നതും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിപ്പറഞ്ഞതും ലീഗിന് പിടിച്ചില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ സമസ്തയിലെ ഒരു വിഭാഗം യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചു. ബഹാഉദ്ദീന്‍ നദ്വി തെരഞ്ഞെടുപ്പിന്റെ തലേന്ന് സുപ്രഭാതത്തില്‍ ലേഖനമെഴുതി. എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ പുറത്ത് പോകണമെന്നതായിരുന്നു വിഷയം. എന്നാല്‍ ജിഫ്രിതങ്ങള്‍ ലേഖനത്തെ തള്ളിപ്പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മമതയില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളത്ത് സമസ്ത നടത്തിയ പരിപാടിയിലേക്ക് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ക്ഷണിക്കാതെ തന്നെ എത്തിയയും വലിയ ചര്‍ച്ചയായി. കോവിഡിന്റെ ഒന്നാംഘട്ട ലോക്ഡൗണിന് ശേഷം സാദിഖലി തങ്ങളുടെ പള്ളികള്‍ തുറക്കണമെന്ന പ്രസ്താവനയേയും സമസ്ത എതിര്‍ത്തിരുന്നു. സാദിഖലി തങ്ങള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ മാത്രമാണെന്നും പള്ളികള്‍ തുറക്കണോ വേണ്ടേ എന്നുള്ളത് പറയാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും സമസ്തയിലെ യുവനേതാക്കള്‍ നിലപാടെടുത്തു. ചുരുക്കത്തില്‍ മുന്നില്‍ വരുന്ന സാഹചര്യങ്ങളിലെല്ലാം ലീഗില്‍ നിന്നും കൃത്യമായ നിലപാടുകളെടുക്കുകയാണ് സമസ്ത. അതിനിടെയാണ് വധഭീഷണിയും പുറത്തുവരുന്നത്. ഇത് ലീഗിന്റെ രണ്ടാംഘട്ട വഖഫ് ബോര്‍ഡ് നിയമന പ്രതിഷേധത്തിന് വെല്ലുവിളിയാണ്. അടുത്തമാസം മൂന്നിനാണ് ലീഗിന്റെ യോഗം നടക്കുന്നത്. യോഗത്തില്‍ വഖഫ് നിയമന പ്രതിഷേധത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വധഭീഷണി കൂടി പുറത്തുവന്നതോടെ ആരോപണവിധേയരായ ലീഗ് ഇനി എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.