പ്രതീക്ഷയുടെ ദിനങ്ങള്‍; കരുതലോടെ ആഘോഷിക്കാം, മലയാളിക്ക് ഇന്ന് തിരുവോണം 

 
onam

കോവിഡ് പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങളില്ലെങ്കിലും വീട്ടകങ്ങളില്‍ ഓണം ആഘോഷിക്കുകയാണ് മലയാളി. കോവിഡ് മഹാമാരിക്കൊപ്പം ഇത്‌
രണ്ടാമത്തെ ഓണമാണ്. പ്രോട്ടോക്കോള്‍  നിയന്ത്രണങ്ങള്‍ക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീര്‍ക്കുകയാണ് മലയാളികള്‍.

മഹാമാരിയുടെ പിടിയില്‍ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. ഓണക്കളിയും പൂക്കളമത്സരങ്ങളും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. എന്നാല്‍ ഓണാഘോഷത്തിന് തെല്ലും കുറവില്ലെന്ന് പറഞ്ഞ്  കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തുടനീളം ഉത്രാടപ്പാച്ചിലില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രവ്യാപാരക്കടകളിലും പച്ചക്കറി ചന്തകളിലും പൂവില്‍പ്പന കേന്ദ്രങ്ങളിലും തിരക്കിന് കുറവൊന്നുമുണ്ടായില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിന് ശേഷം ഓണ കച്ചവടം വ്യാപാരികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. 

കോവിഡ് സൃഷ്ടിച്ച തൊഴിലില്ലായ്മയും വരുമാന നഷ്ടവും അതിരൂക്ഷമാണെങ്കിലും ഓണം മലയാളികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് നല്‍കുന്നു.മഹാമാരിക്കാലത്ത് പ്രതിസന്ധി അതിജീവിക്കാനായി 90 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഓണം സ്പെഷല്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. എന്നാല്‍ കിറ്റ് വിതരണം പൂര്‍ണമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഓണം കഴിഞ്ഞും കിറ്റ് വാങ്ങാവുന്നതാണെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 25 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടന്നു. ഇതോടൊപ്പം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് നല്‍കുകയും ചെയ്തു. എന്ത് തന്നെയായാലും മാസ്‌കും സാനിറ്റൈസറും ഒത്തുചേരാന്‍ വിലക്കുമില്ലാത്ത, വര്‍ണാഭമായ പൂക്കളങ്ങളും ഓണക്കളികളുമുള്ള സമ്പല്‍സമൃദ്ധമായ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. 

അകന്നിരുന്ന് ആഘോഷിക്കാം; തിരുവോണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്. പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം തിരുവോണ ദിനാശംസകള്‍ നേരുന്നു.