സഫലമാകാതെ ജപ്പാന്‍ യാത്ര; പാതി വഴിയില്‍ മോഹനയെ തനിച്ചാക്കി വിജയന് മടക്കം 

 
d

ചായക്കട നടത്തി ആ വരുമാനം കൊണ്ട് ഭാര്യ മോഹനയെയും കൂട്ടി ലോകം ചുറ്റിയ കടവന്ത്ര സ്വദേശി വിജയ(76)ന് യാത്ര പാതിയാക്കി മടക്കം. കൊച്ചിയില്‍ ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആര്‍. വിജയനും ഭാര്യ മോഹനയും ഒരുമിച്ച് നടത്തിയ റഷ്യന്‍ യാത്ര ഒടുവിലുത്തേതായിരുന്നു. ഇരുവരും ഒരുമിച്ച് യാത്ര ചെയ്ത ഇരുപത്തിയാറാമത്തെ വിദേശ രാജ്യമായിരുന്നു റഷ്യ.

റഷ്യയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്വീകരണം ലഭിച്ച ഇരുവരും അവിടെയുള്ള ഹോട്ടലിന്റെ അടുക്കളയില്‍ കയറി ഉഴുന്നുവടയും ചായയും ഉണ്ടാക്കി എല്ലാവര്‍ക്കും നല്‍കിയിരുന്നു. ഇതെല്ലാം വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു.  അടുത്ത യാത്രയില്‍ വ്‌ലാദിമിര്‍ പുടിനെയും കാണണമെന്ന ആഗ്രഹവും വിജയന്‍ പങ്കുവെച്ചിരുന്നു. 

ഓരോ യാത്രയും കഴിഞ്ഞെത്തുമ്പോള്‍ അടുത്ത യാത്രയെങ്ങോട്ടെന്ന ചോദ്യങ്ങള്‍ക്ക് ''യാത്രകളൊന്നും തീരുമാനിച്ച് ഉറപ്പിച്ച് നടത്തിയവയല്ലെന്നും എല്ലാം അതിന്റേതായ വഴിക്ക് എത്തിച്ചേരും. ഇനിയുള്ള യാത്രകളും അങ്ങനെ തന്നെയായിരിക്കും. പോകണമെന്ന് തോന്നുമ്പോള്‍ പുതിയൊരിടത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പുകള്‍ തുടങ്ങും'' ഇതായിരുന്നു വിജയന്റെ സ്ഥിരം മറുപടി. 

തങ്ങള്‍ക്ക് കിട്ടുന്ന തുഛമായ സംഖ്യകള്‍ കൂട്ടിവെച്ച് ഈ ദമ്പതികള്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി.
വിജയന് യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടായത് കുടുംബത്തിന്‍ നിന്ന് തന്നെയായിരുന്നു. അച്ഛനൊടൊപ്പം നിരവധിയിടങ്ങള്‍ പോയിരുന്നു. വിവാഹിതിനായപ്പോള്‍ ആ മനസ് ആഗ്രഹിച്ച പോലെ അതിനൊത്ത ജീവിത പങ്കാളിയെയും കിട്ടി. പിന്നെ ഇരുവരുമൊത്ത് ജീവിതത്തില്‍ യാത്രകളിലൂടെ സന്തോഷം കണ്ടെത്തി. ഒരു സാധാരണക്കാരനു സ്വപ്നം കാണാന്‍ പോലും കഴിയാത്ത ദൂരമത്രയും വിജയനും മോഹനയും സഞ്ചരിച്ചു.  

45 വര്‍ഷമായി വിജയനും മോഹനും വിവാഹിതരായിട്ട്. ഇതുവരെ ഏകദേശം സിംഗപ്പൂരും മലേഷ്യയും യുഎസ്എയും സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടെ 26 ഓളം രാജ്യങ്ങളാണ് ഇരുവരും സന്ദര്‍ശിച്ചത്. ദേശീയ മാധ്യമങ്ങളടക്കം ഇവരുടെ യാത്രാപ്രേമം വാര്‍ത്തയാക്കി ലോകംമുഴുവന്‍ അറിയിച്ചു. ഓരോ യാത്ര നടത്തുമ്പോളും മോഹനയുടെ തോളില്‍ കയ്യുമിട്ടു ചേര്‍ത്തുപിടിച്ചുള്ള വിജയന്റെ ചിത്രങ്ങള്‍ പത്രങ്ങളില്‍ നിറയുമായിരുന്നു. 
വിജയന്റെയും മോഹനയുടെയും യാത്രകളെക്കുറിച്ചറിഞ്ഞ ഡ്രൂ ബിന്‍സ്‌കി എന്ന വിഖ്യാത ട്രാവല്‍ ബ്ലോഗറും കൊച്ചിയില്‍ ഇവരുടെ ശ്രീ ബാലാജി കോഫി ഹൗസിലെത്തി. യാത്രകളെ പ്രണയിക്കുന്ന ഇവരുടെ കഥയറിഞ്ഞ് ലോകത്തിനുമുമ്പില്‍ പങ്കുവെച്ചു. ലക്ഷക്കണക്കിനു പേരാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഡ്രൂ ബിന്‍സ്‌കിയുടെ വിഡിയോ കണ്ടത്.

തൊണ്ണൂറുകളുടെ പകുതിയിലാണ് വിജയന്‍  കൊച്ചിയില്‍ ചായക്കട തുടങ്ങുന്നത്. അതുവരെ ചായ കൊണ്ടു നടന്നു വില്‍ക്കുന്നതായിരുന്നു ജോലി. അന്നുമുതലേ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ഇവര്‍ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. യാത്രകളായിരുന്നു ലക്ഷ്യം. വിജയനും മോഹനയും വിദേശ രാജ്യങ്ങള്‍  സന്ദര്‍ശിക്കുമ്പോള്‍ മൂത്ത മകള്‍ ഉഷയും മരുമകന്‍ മുരളിയും കൂടിയാണ് കട നടത്തിയിരുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു റഷ്യയില്‍ പോകണമെന്ന് ഇരുവരും പറഞ്ഞത് ആ യാത്രയും കഴിഞ്ഞ് ഇനി ജപ്പാന്‍ സന്ദര്‍ശിക്കണമെന്നായിരുന്നു ആഗ്രഹം. 

റഷ്യയിലേക്ക് പോകാന്‍ ഒരുങ്ങുവെയാണ് വിജയനെയും ഭാര്യ മോഹനയെയും കാണാന്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തിയത്. 
കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള പെരുമാറ്റവും മാറ്റങ്ങളില്‍ പരിഗണിക്കണമെന്ന് മന്ത്രിയോട് വിജയന്‍ ആവശ്യപ്പെട്ടത്.

യാത്രകളെ ഒത്തിരിയേറെ പ്രണയിച്ചെങ്കിലും തങ്ങള്‍ക്ക് ഏറെയിഷ്ടം കേരളം തന്നെയാണെന്ന് പലപ്പോഴും വിജയന്‍ ആവര്‍ത്തിച്ചിരുന്നു. ലോകം കാണാന്‍ ഉള്ളതാണ്, അത് കണ്ടു തന്നെ അറിയണം എന്നായിരുന്നു വിജയന്‍ പറയാറ്. ജീവിതപ്രശ്‌നങ്ങള്‍ ഒഴിഞ്ഞിട്ട് യാത്ര പോവാം എന്നു കരുതുന്നവര്‍ക്ക് മറുപടിയായിരുന്നു വിജയന്റെയും മോഹനയുടെയും യാത്രകള്‍. ചായക്കടയില്‍ നിന്നുള്ള സമ്പാദ്യത്തിനു പുറമെ ലോണ്‍ എടുത്തു വരെ മോഹനയുടെ കൈയ്യും പിടിച്ചുള്ള വിജയന്റെ യാത്രകള്‍ ഇവിടെ അവസാനിക്കുകയാണ്. മോഹനയുമൊത്ത് ലോകം ഇനിയും ചുറ്റണമെന്ന ആഗ്രഹവും ബാക്കിയാക്കി മടക്കം.