നിപ ലക്ഷണങ്ങളുള്ള രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകര്‍; 20 പേരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റും

 
veena

നിപ കോള്‍ സെന്റര്‍ നമ്പര്‍: 0495 2382500, 0495 2382800. 

കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ചതിനു പിന്നാലെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ, സ്വകാര്യ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതുവരെ കുട്ടിയുമായി സമ്പര്‍ക്കമുള്ള 188 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 20 പേര്‍ ഹൈറിസ്‌കുള്ളവരാണ്. ഇവരിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നത്. ഇവരെ പ്രത്യേകം വാര്‍ഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.  

കുട്ടിക്ക് പനി വന്നപ്പോള്‍ ആദ്യം കൊണ്ടുപോയത് സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെയുള്ള ഒമ്പതു പേരുമായി സമ്പര്‍ക്കമുണ്ട്. അതിനുശേഷം ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ ഏഴോളം പേര്‍ സമ്പര്‍ക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രികളിലും മറ്റുമായി മൊത്തം 188 സമ്പര്‍ക്കങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവരെയെല്ലാം വിവരമറിയിച്ചിട്ടുണ്ട്. ഇതില്‍ ഹൈറിസ്‌കിലുള്ളത് 20 പേരാണ്. ഇവരില്‍ രണ്ടു പേര്‍ക്കാണ് രോഗ ലക്ഷണമുണ്ടായത്. 

ഹൈറിസ്‌കിലുള്ള 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാര്‍ഡിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്കാണ് നിപ ചികിത്സയ്ക്കായി മാറ്റുന്നത്. നിപ പോസിറ്റീവായ രോഗികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരെ ആദ്യ നിലയില്‍ പാര്‍പ്പിക്കും. മറ്റു രണ്ടു നിലകളില്‍ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘമാണ് ഇതിനായി എത്തുക. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവായാല്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധ നടത്തും. 12 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്. അതിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയ്ന്‍മെന്റ് സോണാക്കി. കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്റര്‍ തുറന്നിട്ടുണ്ട്. നമ്പര്‍: 0495 2382500, 0495 2382800. ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.