യു ഡി എഫ് യോഗം ഇന്ന്, കുട്ടനാട് ജോസഫിന് നല്‍കിയേക്കും, ജോസിന്റെ വഴി പിരിയല്‍ പൂര്‍ത്തിയാകും

 
യു ഡി എഫ് യോഗം ഇന്ന്, കുട്ടനാട് ജോസഫിന് നല്‍കിയേക്കും, ജോസിന്റെ വഴി പിരിയല്‍ പൂര്‍ത്തിയാകും

യു ഡി എഫിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇന്നത്തെ യോഗം.
കുട്ടനാട് സീറ്റ് സംബന്ധിച്ച തിരുമാനം എടുക്കുന്നതോടെ, കേരള കോണ്‍ഗ്രസില്‍ ജോസ് പക്ഷവുമായുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്നാണ് കരുതുന്നത്. കുട്ടനാട് സീറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുന്നണി തീരുമാനിക്കുമെന്നാണ് സൂചന. ഇതോടെ ജോസ് കെ മാണിയും സംഘവും മുന്നണിയുമായി പുര്‍ണമായും വഴി പിരിയും. ഇന്നത്തെ യോഗത്തില്‍ ജോസ് കെ മാണിക്ക് ക്ഷണം നല്‍കിയിട്ടില്ല. ജോസഫിന്റെ സ്ഥാനാർത്ഥിയാണ് ജേക്കബ് എബ്രഹാം

ജോസ് കെ മാണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നതോടെ, ചില പുനര്‍വിചിന്തനങ്ങള്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ജോസിനെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ പല നേതാക്കളും അനൗദ്യോഗികമായി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജോസഫിനെ പൂര്‍ണമായും അകറ്റികൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നതിനെതിരായിരുന്നു മുന്നണി നേതാക്കള്‍. അതുകൊണ്ട് ജോസഫ് പക്ഷത്തെ മുന്നണിയില്‍ നിലനിര്‍ത്തി ജോസ് കെ മാണിയെ ഒഴിവാക്കുക എന്ന അനിവാര്യതയിലേക്ക് മുന്നണി നേതൃത്വം എത്തിയെന്നാണ് അറിയുന്നത്. ജോസ് പക്ഷത്തെ നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോൾ മുന്നണി നേതാക്കൾ പ്രകടിപ്പിക്കുന്നില്ലെന്നാണ് അറിയുന്നത്. ഇന്ന് രാവിലെയാണ് യുഡിഎഫ് യോഗം

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് തല്‍ക്കാലം പ്രശ്‌നം നീട്ടികൊണ്ടുപോകാനുള്ള ആലോചനയും യുഡിഎഫിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് കാര്യമായ പിന്തുണ ഇപ്പോഴില്ലെന്നാണ് സൂചന. അതുമാത്രമല്ല, ജോസഫ് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനില്‍കാനും തയ്യാറാകുമെന്ന് സുചനയില്ല. ഇക്കാര്യത്തില്‍ ജോസഫുമായി തര്‍ക്കം വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള ധാരണ.

ഇന്നത്തെ യോഗത്തൊടെ ജോസ് വിഭാഗം എല്‍ ഡി എഫിലേക്ക് കൂടുതല്‍ അടുക്കും. യുഡിഎഫില്‍നിന്ന് പുറത്തുവന്നാല്‍ ആലോചിക്കാമെന്ന നിലപാടിലേക്ക് സിപിഐ കൂടി വന്നതോടെ, മുന്നണി പ്രവേശത്തിന് കാര്യമായ എതിര്‍പ്പുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ജോസ് വിഭാഗം രാഷ്ട്രീയമായി അനാഥമാകില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നേരത്തെ ജോസ് പക്ഷത്തിന്റെ ഇടതു മുന്നണി പ്രവേശത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്ന സിപിഐയുമായി സി പി എം ഉഭയ കക്ഷി ചര്‍ച്ച നടത്തിയത്. ജോസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ ശക്തമായ എതിര്‍പ്പില്‍നിന്ന് സിപിഐ പിന്നാക്കം പോയെന്നാണ് ഉഭയ കക്ഷി ചര്‍ച്ചയോടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച തർക്കമാണ് ജോസ്-ജോസഫ് പക്ഷത്തിന്റെ വഴിപിരിയലിലേക്ക് കലാശിച്ചത്.