കെ റെയില്‍ പദ്ധതി: യുഡിഎഫ് ആര്‍ക്കൊപ്പം? നിലപാട് നിര്‍ണായകം 

 
K rail

ഉപസമിതി റിപ്പോര്‍ട്ട് യുഡിഎഫ് അംഗീകരിച്ചാല്‍ പ്രതിഷേധം ശക്തിപ്പെടും

കെ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു. പദ്ധതി അപ്രായോഗികമാണെന്നാണ് എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ റിപ്പോര്‍ട്ട്. കേരളത്തെ നെടുകെ മുറിക്കുന്ന അതിവേഗ റെയില്‍ പാത, പരിസ്ഥിതിക്ക് വന്‍ ദോഷം ഉണ്ടാക്കും. പദ്ധതി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കും. അതിവേഗ പാത ഒരുക്കാന്‍ നിരപ്പായ സ്ഥലത്ത് നാലു മീറ്ററും ചതുപ്പില്‍ പത്ത് മീറ്റര്‍ ഉയരത്തിലും മണ്ണിട്ട് നിരത്തിയും പാളം നിര്‍മ്മിക്കേണ്ടിവരും. ഇത് കേരളത്തെ കീറിമുറിക്കും. നദികളുടെ ഒഴുക്കിനെയും ബാധിക്കും. 63000 കോടി ചെലവ് എന്ന് പറയുമ്പോഴും നീതി ആയോഗ് കണക്കില്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടിയിലേറെ വരും. ഇത്രയേറെ ചെലവില്‍ ഉണ്ടാക്കുന്ന പാളങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയതിനാല്‍ മറ്റു ട്രെയിനുകള്‍ക്കൊന്നും ഓടാനുമാകില്ല. നിലവിലെ റെയില്‍വേ പാതകളുടെ നവീകരണവും ചുരുങ്ങിയ ചെലവില്‍ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ചുള്ള വിമാനസര്‍വസും ഉപസമിതി മുന്നോട്ട് വെക്കുന്ന ബദലാണ്. വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. അതിനുശേഷമാകും അന്തിമ തീരുമാനമെടുക്കുക. 

കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നിലനില്‍ക്കെയാണ് യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നത്. സര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷത്തിന്റെ പോരാട്ടം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ വ്യാഴാഴ്ച വരെ കാക്കണം. വികസനത്തിന്റെ പേരില്‍, കേരളത്തെ കീറിമുറിക്കുന്ന ഒരു പദ്ധതിയോട് എങ്ങനെ സമീപിക്കണമെന്നതായിരിക്കും യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യുക. സര്‍ക്കാര്‍ പദ്ധതികളെ എതിര്‍ക്കുന്നവരെല്ലാം വികസന വിരോധികളായി മുദ്രകുത്തപ്പെടുന്ന സാഹചര്യവും യുഡിഎഫ് ചര്‍ച്ച ചെയ്യും. പദ്ധതിക്കെതിരെയാണ് യുഡിഎഫ് നിലപാട് എടുക്കുന്നതെങ്കില്‍, വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കും. കൂടുതല്‍ പ്രത്യക്ഷ സമരങ്ങളും ഉണ്ടാകും. പദ്ധതിക്കും ഭൂമി ഏറ്റെടുക്കലിനുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കും അത് ശക്തി പകരും. 
 
സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് കെ റെയില്‍. കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിക്കാണ് കെ റെയില്‍ എന്ന് പേരിട്ടിരിക്കുന്നത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നാണ് വിശേഷണം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. 

കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച 'കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍' എന്ന കമ്പനിയാണ് പദ്ധതി നടത്തിപ്പുകാര്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, കാസര്‍ഗോഡ് നിന്നും നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരം എത്താമെന്നതാണ് നേട്ടം. പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ പറയുന്നു. പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 63,941 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 

വെല്ലുവിളികള്‍, പ്രതിഷേധം 
വികസനത്തിലേക്കുള്ള പുത്തന്‍ കുതിപ്പായാണ് കെ റെയില്‍ പദ്ധതിയെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരും പരിസ്ഥിതി സ്‌നേഹികളും വിദഗ്ധരുമൊക്കെ എതിര്‍പ്പുകളുമായി രംഗത്തുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സാധാരണ ജനങ്ങളുടെ പ്രശ്‌നം തന്നെയാണ് അതിലേറ്റവും പ്രധാനം. 11 ജില്ലകളില്‍നിന്നായി 1126 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഡിപിആര്‍. സാധ്യതാ പഠന റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിര്‍ദിഷ്ട പാത കടന്നുപോകുന്ന ഇടങ്ങളില്‍ ജനകീയ പ്രതിഷേധ പരിപാടികള്‍ ഇപ്പോഴും തുടരുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ, കാസര്‍ഗോഡ് മുതല്‍ തിരൂര്‍ വരെ ഭാഗത്തെ നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ നിലവിലെ പാതയ്ക്ക് സമാന്തരമായി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ പ്രതിഷേധം തണുത്തിട്ടില്ല. എന്നാല്‍, ഏതൊരു വികസന പദ്ധതി വരുമ്പോഴുമുള്ള സ്വഭാവിക പ്രതിഷേധം എന്ന നിലയിലാണ് സര്‍ക്കാര്‍ അതിനെ കാണുന്നത്. 

ഇത്രയയും വലിയ പദ്ധതിക്ക് വിശദമായ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമായിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ലഭിച്ച വിവരം വെച്ച് 88 കി.മീ. പാടത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസറഗോഡ് മതില്‍ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങള്‍, 11.5 കി.മീ. തുരങ്കങ്ങള്‍ 292 കി.മീ. എംബാങ്ക്‌മെന്റ് എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകള്‍, പൊതു കെട്ടിടങ്ങള്‍ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തില്‍ പറയുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാരിസ്ഥിതിക പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഏജന്‍സിയെ വെച്ചിരുന്നു. എന്നാല്‍, പാരിസ്ഥിതിക പഠനം തന്നെ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ അറിയിച്ചത് സംസ്ഥാന സര്‍ക്കാരിന് നേട്ടമായി. അതേസമയം, പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം തയ്യാറാക്കി, പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും ജനങ്ങള്‍ക്ക് ചര്‍ച്ചയ്ക്കായി നല്‍കണമെന്നും അത്തരമൊരു ചര്‍ച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഒറ്റയാന്‍ പാത, മതിപ്പ് ചെലവ് ഇരട്ടിയാകും
സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്‌ഗേജുമായി പരസ്പരം ചേര്‍ന്നുപോകില്ല. അതിനാല്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. മാത്രമല്ല, നിലവിലുള്ള പാതയില്‍ നിന്ന് വളരെ മാറിയാണ്. അതുകൊണ്ടുതന്നെ അതൊരു ഒറ്റയാന്‍ പാതയായിരിക്കും.

പദ്ധതിയുടെ ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപ എന്നത് ഇരട്ടിയെങ്കിലും ആകുമെന്നാണ് നീതി ആയോഗ് പറയുന്നത്. പണി പൂര്‍ത്തിയാകുമ്പോള്‍ അതില്‍ കൂടുതലാകുമെന്ന് വിദഗ്ധരും പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. ഒരു ട്രിപ്പില്‍ 675 യാത്രക്കാരുള്ള 74 ട്രിപ്പുകള്‍ ആണ് പ്രതിദിനമെന്നു മനസ്സിലാക്കുന്നു. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോള്‍ കണക്കാക്കുന്നത്. തുടക്കത്തില്‍ പ്രതിദിനം 79000 യാത്രക്കാര്‍ ഉണ്ടാകുമെന്നും പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. ഇത്രയും വലിയ ചാര്‍ജ് നല്കി ഇത്രയും യാത്രക്കാര്‍ പ്രതിദിനം ഉണ്ടാകുമോയെന്നത് സംശയമാണ്. ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തം.

വേണ്ടത് സമഗ്രമായ ഗതാഗത നയം
കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നത്. പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയില്‍ ഗതാഗതം ആകണം അതിന്റെ കേന്ദ്ര സ്ഥാനത്ത്. കേരളത്തിലങ്ങോളമിങ്ങോളം പാളം ഇരട്ടിപ്പിക്കലും പൂര്‍ണമായ ഇലക്ട്രോണിക്‌സ് സിഗ്‌നലിങ് സംവിധാനവും നടപ്പാക്കിക്കഴിഞ്ഞാല്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതത്തിന്റെ ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ വണ്ടികള്‍ ഓടിക്കാനും കഴിയും. ഒപ്പം ബ്രോഡ്‌ഗേജില്‍ തന്നെ സമാന്തരമായി മൂന്ന്, നാല് ലൈനുകള്‍ ആദ്യം എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിലും പിന്നിട് തിരുവനന്തപുരം- മാംഗ്‌ളൂര്‍ റൂട്ടിലും വന്നാല്‍ അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് കാസര്‍കോടു വരെ 5- 6 മണിക്കൂറില്‍ എത്താന്‍ കഴിയും വിധം വേഗം കൂടിയ വണ്ടികളും ഓടിക്കാന്‍ കഴിയും.

96 ശതമാനവും ബ്രോഡ്‌ഗേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുമായി പൂരകമായി നിലകൊള്ളാനും കേരളത്തില്‍ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനും കഴിയും. കേരളത്തിലെ റെയില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന യാത്രക്കാരും, അന്തര്‍ ജില്ലാ യാത്രക്കാരുമാണ്; ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ബഹുജന പ്രക്ഷോഭങ്ങളും ഉണ്ടാകണം. ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ റെയില്‍വേക്ക് നല്‍കാന്‍ കഴിയുന്ന മറ്റു പിന്തുണ സംവിധാനങ്ങളും നല്‍കണം.