അനില്‍ കാന്തിന് അപ്രതീക്ഷിത നേട്ടം; സന്ധ്യയ്ക്ക് നഷ്ടമായത് കേരളത്തിന്റെ ആദ്യ വനിത പൊലീസ് മേധാവിയെന്ന സ്ഥാനം

2023 ജൂണ്‍ 30 വരെ അനില്‍ കാന്തിന് കേരള പൊലീസിനെ ഭരിക്കാം. ഈ കാലയളവിനിടയില്‍ ആ സ്ഥാനം മോഹിച്ചിരുന്നവര്‍ പലരും സര്‍വീസില്‍ നിന്നും പടിയിറങ്ങും
 
b sandhya-anil kant


കേരള പൊലീസിന്റെ തലപ്പത്ത് ഒരു വനിത എത്തുന്നതിന് ഇനിയും നീണ്ട കാത്തരിപ്പ് വേണ്ടി വരും. കപ്പിനും ചുണ്ടിനുമിടയില്‍ ബി സന്ധ്യക്ക് പൊലീസ് മേധാവി സ്ഥാനം നഷ്ടമായതോടെ, അടുത്ത കാലത്തൊന്നും ഒരു സ്ത്രീക്ക് സംസ്ഥാന പൊലീസ് ചീഫ് ആകാന്‍ കഴിയില്ലെന്ന് ഉറപ്പായി. നിലവിലെ മേധാവി അനില്‍ കാന്തിന് അപ്രതീക്ഷിത സ്ഥാനത്തുടര്‍ച്ച കിട്ടിയതോടെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാമെന്ന സന്ധ്യയുടെ സാധ്യത ഇല്ലാതായി. നിലവിലെ ഡിജിപി സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനു മുമ്പ് തന്നെ സന്ധ്യ പടിയിറങ്ങും. അതല്ലെങ്കില്‍ സര്‍ക്കാരിന് മറിച്ചെന്തെങ്കിലും തോന്നണം. ഒന്നു രണ്ട് കേസുകളില്‍ സര്‍ക്കാരിന്റെ അതൃപ്തി പിടിച്ചുപറ്റിയിട്ടുള്ള സന്ധ്യയോട് പ്രത്യേക താത്പര്യം കാണിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.

2021 ജൂണില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി അവരോധിതനായ അനില്‍ കാന്തിന്റെ സര്‍വീസ് കാലാവധി 2022 ജനുവരില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നയാള്‍ക്ക് പരമാവധി രണ്ടു വര്‍ഷത്തെ സര്‍വീസ് കാലാവധി ഉറപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പുറത്ത് ഒന്നര വര്‍ഷത്തേക്ക് കൂടി അനില്‍കാന്തിന് സര്‍വീസ് കാലാവധി നീട്ടികൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതം എന്നു തന്നെ പറയാവുന്ന തീരുമാനം. സ്വയം വിരമിക്കാന്‍ സന്നദ്ധനാവുകയോ, സ്ഥാനത്ത് നിന്നും നീക്കേണ്ട തരത്തില്‍ ഗുരുതരമായ കേസുകളില്‍ പെടുകയോ ചെയ്തിട്ടില്ലെങ്കില്‍ 2023 ജൂണ്‍ 30 വരെ അനില്‍ കാന്തിന് കേരള പൊലീസിനെ ഭരിക്കാം. ഈ കാലയളവിനിടയില്‍ ആ സ്ഥാനം മോഹിച്ചിരുന്നവര്‍ പലരും സര്‍വീസില്‍ നിന്നും പടിയിറങ്ങും.

ബെഹ്‌റയുടെ പിന്‍ഗാമിയായി,കേരളത്തിന്റെ ആദ്യത്തെ വനിത പൊലീസ് മേധാവിയായി ബി സന്ധ്യ തെരഞ്ഞെടുക്കപ്പെടുമെന്ന് കണക്കൂട്ടിയവര്‍ ഏറെയായിരുന്നു. ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അവര്‍ യോഗ്യയും ആയിരുന്നു. പുതിയ ഡിജിപിയെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയച്ച ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു സന്ധ്യ, അനില്‍ കാന്തിന് മുകളില്‍. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍ കുമാര്‍ സിന്‍ഹയായിരുന്നു ഡിജിപി സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത്. 1987 ബാച്ചുകാരനായ സിന്‍ഹ സീനിയോരിറ്റിയില്‍ മറ്റുള്ളവരെക്കാള്‍ മുകളിലായിരുന്നു. എന്നാല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി) ഡയറക്ടറായി സേവനം നടത്തുന്ന സിന്‍ഹയ്ക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ താത്പര്യമില്ലാതായതോടെയാണ്, സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍ കാന്ത് എന്നീ മൂന്നുപേരുകളിലേക്ക് കാര്യങ്ങള്‍ ചുരുങ്ങിയത്. 1987 ബാച്ചുകാരനായ ടോമിന്‍ തച്ചങ്കരിക്കും പൊലീസ് മേധാവിയാകാനുള്ള സര്‍വീസ് ഉണ്ടായിരുന്നുവെങ്കിലും വിജിലന്‍സ് കേസുകള്‍ പാരയായതോടെ പാനലില്‍ നിന്നും ഒഴിവാക്കപ്പെട്ടു. സ്വാഭാവികമായി സുധേഷ് കുമാറിനായിരുന്നു ആദ്യ ചാന്‍സ്.പക്ഷേ, പൊലീസുകാരനെ മകള്‍ തല്ലിയ കേസ് തിരിച്ചടിയായി. ഇതോടെ ബി സന്ധ്യയും അനില്‍ കാന്തും മാത്രമായി സര്‍ക്കാരിനു മുന്നില്‍. യുപിഎസ്‌സി നല്‍കിയ ലിസ്റ്റില്‍ നിന്നും ആരെ തെരഞ്ഞെടുക്കണമെന്നത് സര്‍ക്കാരിനു തീരുമാനിക്കാമായിരുന്നു. 

സീനിയോറിറ്റിയില്‍ അനില്‍ കാന്തിനെക്കാള്‍ മുന്നില്‍ നില്‍ക്കുന്ന സന്ധ്യക്ക് പൊലീസ് മേധാവി കസേര നല്‍കുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില കേസുകളില്‍ സന്ധ്യയുടെ നിലപാട് സര്‍ക്കാരിനെ തൃപ്തിപ്പെടുത്തുന്ന വിധത്തിലായിരുന്നില്ല. ഭരണത്തുടര്‍ച്ച ഉണ്ടായതോടെ, ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥാനത്തേക്ക് തങ്ങള്‍ക്ക് പൂര്‍ണ തൃപ്തിയുള്ളൊരാള്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചൂ. അതോടെയാണ് അനില്‍ കാന്തിനെ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. എഡിജിപി സ്ഥാനത്ത് നിന്നാണ് പൊലീസ് മേധാവിയുടെ കസേരയിലേക്ക് അനില്‍ കാന്ത് എത്തിയത്. ആ സമയത്ത് സംസ്ഥാനത്ത് നാല് ഡിജിപി കേഡര്‍ തസ്തികയായിരുന്നു ഉണ്ടായിരുന്നത്. ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍ എന്നിവരായിരുന്നു നാല് ഡിജിപിമാര്‍. 1988 ബാച്ചുകാരാണ് സന്ധ്യയും അനില്‍കാന്തും. ബെഹ്‌റ വിരമിക്കുമ്പോള്‍ അനില്‍ കാന്തിനെക്കാള്‍ ഒരു മസത്തെ സീനിയോരിറ്റി കൂടുതലുള്ള സന്ധ്യക്കായിരുന്നു അടുത്ത ഡിജിപി റാങ്ക് നല്‍കേണ്ടിയിരുന്നത്. ഋഷിരാജ് സിംഗ് വിരമിക്കുന്ന ഒഴിവിലായിരുന്നു അനില്‍ കാന്തിനെ ഡിജിപിയാക്കേണ്ടിയിരുന്നതും. എന്നാല്‍ സംഭവിച്ചത് മറിച്ചും. ബെഹ്‌റ വിരമിച്ച ഒഴിവിലേക്ക് അനില്‍ കാന്തിനെ പരിഗണിച്ച് അദ്ദേഹത്തിന് ഡിജിപി ഗ്രേഡും ഒപ്പം പൊലീസ് മേധാവി സ്ഥാനവും നല്‍കി. ഇതോടെ ആ പദവിയില്‍ സന്ധ്യക്ക് നഷ്ടമായത് ഒരു മാസത്തെ മുന്‍തൂക്കം. പിന്നീട് പൊലീസ് മേധാവിയായ അനില്‍ കാന്തിന്റെ ശുപാര്‍ശ പ്രകാരമാണ്, ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവില്‍ സന്ധ്യക്ക് ഡിജിപി ഗ്രേഡ് നല്‍കുന്നത്. 

ഡിജിപി കസേര ലക്ഷ്യമിട്ട് ഐപിഎസ് തലപ്പത്ത് നടക്കുന്ന തമ്മിലടികളും ഉപചാപങ്ങളും തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ പൊടുന്നനെയൊരു തീരുമാനം എടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത്തരം അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണെങ്കിലും, മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോടെയാണെങ്കിലും ഈ സര്‍ക്കാരിന്റെ പകുതി വരെ അനില്‍ കാന്ത് പൊലീസ് ചീഫ് ആയി തുടരുമെന്നതില്‍ തീരുമാനമായിരിക്കുന്നു. ആ കസേര ലക്ഷ്യമിട്ടവര്‍ നിരാശയോടെ പടിയിറങ്ങേണ്ടി വരും.