ഉത്ര വധക്കേസില്‍ ഭർത്താവ് സൂരജ് കുറ്റക്കാരൻ, ശിക്ഷ 13ന്

 
uthra

കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. ഒരു വർഷം നീണ്ട വിചാരണക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാ വിധി 13നു പുറപ്പെടുവിക്കും.

പ്രതി സൂരജിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതിയോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാൽ നിലവിളിച്ചപ്പോൾ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ ഉത്രയുടേത് കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗം വാദം.

പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കേസില്‍ ശക്തമായ ശാസ്ത്രീയവും സാഹചര്യപരവുമായ തെളിവുകള്‍ നിരത്തി. പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് മരിച്ചയാളെ ആക്രമിച്ചതാണെന്ന് സ്ഥിരീകരിക്കാനാണ്, സംഭവത്തെ മുഴുവന്‍ പുനര്‍നിര്‍മ്മിച്ച് ഒരു ഡമ്മി ട്രയലും നടത്തി.
കൊമ്പിന്റെ വീതി പരിശോധിച്ച ശേഷം ഉത്രക്ക് പാമ്പുകടിയേറ്റത് അസ്വഭാവികമെന്ന് തോന്നിയെന്ന് വിദഗ്ധന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹെര്‍പ്പറ്റോളജിസ്റ്റുകള്‍, ഫോറന്‍സിക് വിദഗ്ധര്‍, വെറ്ററിനറി സര്‍ജന്‍മാര്‍, വനം, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വിധി കേൾക്കാൻ ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും സഹോദരൻ വിഷുവും കോടതിലെത്തിയിരുന്നു. വിധി അറിയാൻ വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

2020 മേയ് ആറിനാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസിൽ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്‌പിയെ സമീപിച്ചതോടെയാണ്. 

ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു കേസ്. കേസിൽ 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

സ്ത്രീധനത്തിന്റെ പേരില്‍ ഉത്ര ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിന് ഇരയായതാണ് കേസില്‍ സംശയം ഉയര്‍ന്നത്. അടച്ചിട്ട എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലേക്ക് പാമ്പിന് വഴി കണ്ടെത്തുന്നത് അസാധ്യമാണ്,  പ്രത്യേകിച്ചും തറ ടൈല്‍ ചെയ്തതിനാല്‍. സ്വര്‍ണവും സ്വത്തും സമ്പാദിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചു.

മരണത്തിന് മുമ്പ് ഒമ്പത് ആഴ്ചകള്‍ക്കുമുമ്പ്, ഉത്ര ഒരു അണലിയില്‍ നിന്ന് കടിയേറ്റത് ഈ സംശയങ്ങള്‍ക്ക് ശക്തിപകര്‍ന്നു. ഇതനുസരിച്ച്, പൊലീസ് അന്വേഷണം തുടര്‍ന്നു, ഉത്രയുടെ മരണം  ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗൂഡാലോചനയാണെന്നും 1000 പേജുള്ള കുറ്റപത്രം പറയുന്നു. 

 അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.  പ്രതിയെ രണ്ട് പാമ്പുകളെയും സ്വന്തമാക്കാന്‍ സഹായിച്ച  ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.  രണ്ട് പാമ്പുകളെയും 10,000  രൂപയ്ക്ക് വിറ്റതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ രണ്ട് പാമ്പുകളെ ഭക്ഷണം നല്‍കാതെ ഒരു പാത്രത്തില്‍ സൂക്ഷിച്ചതായി സമ്മതിക്കുകയും ചെയ്തു. പിന്നീട്, ഉത്രയുടെ 38 പവന്‍ സ്വര്‍ണ്ണം വീടിന് പിന്നില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയും അച്ഛനും അമ്മയും സഹോദരിയും അറസ്റ്റിലായി.