ഉത്ര വധക്കേസ്: സൂരജിനുള്ള ശിക്ഷ ഇന്ന് വിധിക്കും; സമൂഹം ആഗ്രഹിക്കുന്നത് വധശിക്ഷയെന്ന് പ്രോസിക്യൂഷന്

 
Uthra Murder Case
87 സാക്ഷി മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്


കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷ ഇന്ന് വിധിക്കും. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധിച്ചിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് വാദിച്ചത്. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. അതേസമയം, ഉത്രയുടേത് കൊലപാതകമല്ലെന്ന വാദം ആവര്‍ത്തിക്കുകയായിരുന്നു പ്രതിഭാഗം. ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോഴും, ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി.

ശക്തമായ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം. പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് മരിച്ചയാളെ ആക്രമിച്ചതാണെന്ന് സ്ഥിരീകരിക്കാനാണ്, സംഭവത്തെ മുഴുവന്‍ പുനര്‍നിര്‍മ്മിച്ച് ഡമ്മി ട്രയലും നടത്തിയിരുന്നു. ഉത്രയുടെ ശരീരത്തില്‍ പതിഞ്ഞ പാമ്പിന്റെ പല്ലിന്റെ വീതി പരിശോധിച്ചപ്പോള്‍, പാമ്പുകടിയേറ്റത് അസ്വഭാവികമെന്ന് തോന്നിയെന്ന് വിദഗ്ധന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹെര്‍പ്പറ്റോളജിസ്റ്റുകള്‍, ഫോറന്‍സിക് വിദഗ്ധര്‍, വെറ്ററിനറി സര്‍ജന്‍മാര്‍, വനം, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വിധി കേള്‍ക്കാന്‍ ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും സഹോദരന്‍ വിഷുവും കോടതിലെത്തിയിരുന്നു. വിധി അറിയാന്‍ വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

സമൂഹം ആഗ്രഹിക്കുന്നത് വധശിക്ഷ
സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നതെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ പ്രതികരണം. നിയമപരമായ ബാധ്യതയാണ് താന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറയുന്നു. വധശിക്ഷയുടെ ശരിതെറ്റുകളെക്കുറിച്ചോ വധശിക്ഷ പരിഷ്‌കൃതമാണോ എന്ന ചിന്തയോ തുടങ്ങി, വ്യക്തിപരമായ യാതൊരു അഭിപ്രായവും ഇതിലില്ല. പൊതുസമൂഹത്തിന്റെ പൊതുവായ ഒരാവശ്യം, അതാണ് പ്രധാനം. കേസില്‍ പൊലീസിന്റെ അന്വേഷണം തുടക്കം മുതല്‍ മികച്ചതാണ്. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടും കൂടി അന്വേഷണം നടന്നിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ അന്വേഷണം മോശമാണെന്ന് പറയാന്‍ കഴിയില്ലെന്നും മോഹന്‍രാജ് പറഞ്ഞു. ഇതുവരെ ഒരു കേസില്‍ വധശിക്ഷയ്ക്കുവേണ്ടി വാദിച്ചിട്ടില്ല. ആദ്യമായാണ് അങ്ങനെ വാദിക്കുന്നതെന്ന് മോഹന്‍രാജ് ഇന്നലെ കോടതിയിലും പറഞ്ഞിരുന്നു. 

പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം
2020 മേയ് ആറിനാണ് ഭര്‍ത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. ഏഴിന് രാവിലെ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളിയ കേസില്‍ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കള്‍ പരാതിയുമായി കൊല്ലം റൂറല്‍ എസ്പിയെ സമീപിച്ചതോടെയാണ്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണ് കേസ്. കേസില്‍ 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

സ്ത്രീധനത്തിന്റെ പേരില്‍ ഉത്ര ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിന് ഇരയായതാണ് കേസില്‍ സംശയം ഉയര്‍ന്നത്. അടച്ചിട്ട എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലേക്ക് പാമ്പിന് വഴി കണ്ടെത്തുന്നത് അസാധ്യമാണ്, പ്രത്യേകിച്ചും തറ ടൈല്‍ ചെയ്തതിനാല്‍. സ്വര്‍ണവും സ്വത്തും സമ്പാദിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചു. മരണത്തിന് മുമ്പ് ഒമ്പത് ആഴ്ചകള്‍ക്കുമുമ്പ്, ഉത്ര ഒരു അണലിയില്‍ നിന്ന് കടിയേറ്റത് ഈ സംശയങ്ങള്‍ക്ക് ശക്തിപകര്‍ന്നു. ഇതനുസരിച്ച്, പൊലീസ് അന്വേഷണം തുടര്‍ന്നു, ഉത്രയുടെ മരണം  ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗൂഡാലോചനയാണെന്നും 1000 പേജുള്ള കുറ്റപത്രം പറയുന്നു. 

സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്. പ്രതിയെ രണ്ട് പാമ്പുകളെയും സ്വന്തമാക്കാന്‍ സഹായിച്ച ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.  രണ്ട് പാമ്പുകളെയും 10,000 രൂപയ്ക്ക് വിറ്റതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ രണ്ട് പാമ്പുകളെ ഭക്ഷണം നല്‍കാതെ ഒരു പാത്രത്തില്‍ സൂക്ഷിച്ചതായി സമ്മതിക്കുകയും ചെയ്തു. പിന്നീട്, ഉത്രയുടെ 38 പവന്‍ സ്വര്‍ണം വീടിന് പിന്നില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അച്ഛനും അമ്മയും സഹോദരിയെയും അറസ്റ്റ് ചെയ്തിരുന്നു.