പാമ്പിന്റെ ഡിഎന്‍എ പരിശോധനയും പോസ്റ്റുമോര്‍ട്ടവും നടത്തിയ ഏക കേസ്; ഉത്ര വധക്കേസില്‍ വിധി ഇന്ന്

 
uthra
ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു

കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവില്‍ കോടതിയുടെ വിധി പ്രഖ്യാപനം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ ഇന്ന്‌ വിധി പറയുക. 2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപമാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപനത്തിനൊരുങ്ങുന്നത്.

പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കുകയും ചെയ്തു. വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. ദൃക് സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളേയും ശാസ്ത്രീയ തെളിവുകളുമാണ് കേസ് തെളിയിക്കാന്‍ അന്വേഷണ സംഘം ആശ്രയിച്ചത്. പാമ്പിന്റെ ഡിഎന്‍എ പരിശോധനയും പോസ്റ്റുമോര്‍ട്ടവും നടത്തിയ ഏക കേസാണിത്. സൂരജ് ക്രിമിനല്‍ മാനസികാവസ്ഥയുള്ള വ്യക്തിയാണെന്ന് കോടതിയില്‍ സംശയാതീതമായി തെളിയിക്കാനായെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം 

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു. എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അന്വേഷണത്തില്‍ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു.

2020 മാര്‍ച്ച് രണ്ടിന് അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയായി കണ്ടെത്തിയിരുന്നു. ഇതിന് ശേഷം 2020 മേയ് ഏഴിന് മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിക്കുകയായിരുന്നു. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.