വെള്ളത്തില്‍വെച്ച ഉപ്പുചാക്കും സുധീരന്റെ രാജിയും; പ്രതിസന്ധികളൊഴിയാതെ കോണ്‍ഗ്രസ് 

 
VM Sudheeran

പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സുധീരന്റെ രാജി

ആളൊഴിഞ്ഞ് ആളൊഴിഞ്ഞ് പ്രതിപക്ഷമെന്ന് ചൂണ്ടിക്കാണിക്കാനുള്ള അംഗസംഖ്യ പോലുമില്ലാത്ത അവസ്ഥയിലാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി. അധികാരത്തിലിരിക്കുമ്പോള്‍ ജനതാല്‍പര്യം മനസിലാക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടി തുടര്‍ച്ചയായി അധികാരം നഷ്ടപ്പെട്ടതോടെ ശക്തമായ പ്രതിപക്ഷത്തിന്റെ പ്രാധാന്യവും മറന്നിരിക്കുന്നു. ആറ് പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതി ഒരു ജനാധിപത്യവാദിയും ആഗ്രഹിക്കുന്നുണ്ടാവില്ല. അധികാരം കൈയാളുന്ന തീവ്ര വലതുപക്ഷ ശക്തികളുടെ അജണ്ടകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ ശക്തമായൊരു പ്രതിപക്ഷം ഇല്ലെന്നത് ഏറെ നിരാശാജനകമാണ്. 

ദിശാബോധത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ ഒരു അധ്യക്ഷനെപ്പോലും കണ്ടെത്താന്‍ കഴിയാതെ വലയുന്ന കോണ്‍ഗ്രസിന്റെ പാരമ്പര്യം അതേപോലെ പിന്‍പറ്റുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ എല്ലാ തിരിച്ചടികള്‍ക്കും കാരണം നേതൃത്വമാണെന്നും അത് മാറ്റിയാല്‍ എല്ലാത്തിനും പരിഹാരമായെന്നുമാണ് വാദം. ഹൈക്കമാന്‍ഡിനുപോലും തലവേദനയായ ഗ്രൂപ്പുകളിയുടെ മറപറ്റി നേതൃത്വത്തിലേക്ക് ചാടിക്കയറിയവര്‍ പക്ഷേ, പുതിയ പ്രതിസന്ധികളിലേക്കാണ് കോണ്‍ഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്നത്. കെപിസിസിയിലെ ഉന്നതധികാര സമിതിയായ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും വി.എം സുധീരന്‍ രാജിവെച്ചൊഴിയുമ്പോള്‍ അത് ഒരിക്കല്‍ക്കൂടി അടിവരയിടപ്പെടുന്നു. 

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തുടങ്ങിയ തര്‍ക്കം
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ്, കോണ്‍ഗ്രസിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമായത്. അഞ്ച് വര്‍ഷത്തെ ഇടവേളയില്‍ സംഭവിക്കുന്ന അധികാരമാറ്റം സ്വപ്നംകണ്ട് മുഖ്യമന്ത്രി, മന്ത്രി പദങ്ങള്‍ക്കായി കുപ്പായം തുന്നിയിരുന്നവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അതോടെ ആളില്ലാത്ത അവസ്ഥയായി. ജനങ്ങള്‍ എന്തുകൊണ്ട് തങ്ങളെ കൈവിട്ടു എന്നതിനപ്പുറം പരസ്പരമുള്ള വിഴുപ്പലക്കലിലേക്ക് കാര്യങ്ങള്‍ തിരിഞ്ഞു. നേതൃത്വമാണ് സകല തിരിച്ചടികള്‍ക്കും കാരണമെന്ന വാദം വീണ്ടും ഉയര്‍ന്നുവന്നു. പാര്‍ട്ടി പുനസംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായി. നേതൃമാറ്റത്തിനായി താഴേത്തട്ടില്‍ നിന്നുള്ള അണികള്‍പോലും ശബ്ദമുയര്‍ത്തി. കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വിവിധ ഡിസിസി അധ്യക്ഷന്മാര്‍ക്കുമെതിരെ പരസ്യ പ്രതികരണങ്ങളുണ്ടായി. പലയിടത്തും പോസ്റ്ററുകളും ഉയര്‍ന്നു. തുടര്‍ന്ന്, ദേശീയ നേതൃത്വം ഇടപെട്ടു. കേരളത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടിയുടെ ഉന്നത സമിതി എത്തി. കാര്യകാരണങ്ങള്‍, നേതാക്കള്‍ അക്കമിട്ടു നിരത്തി. ഗ്രൂപ്പ് തര്‍ക്കം ഇല്ലാതാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഒടുവില്‍, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളിയും പുറത്തായി. ഏക മനസോടെ കെപിസിസിക്ക് പുതിയൊരു അധ്യക്ഷനെ തീരുമാനിക്കാന്‍ പോലും നേതാക്കള്‍ തയ്യാറായില്ല. ഒടുവില്‍, എല്ലാം പ്രശ്നങ്ങള്‍ക്കും പരിഹാരമായി, ഗ്രൂപ്പില്ലാത്ത നേതാവെന്ന വിളിപ്പേരുമായി കെ. സുധാകരന്‍ അവരോധിക്കപ്പെടുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശനും തെരഞ്ഞെടുക്കപ്പെട്ടു. പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. 

ഡിസിസി പട്ടിക ഉയര്‍ത്തിവിട്ട കലാപം
രംഗം ശാന്തമായെന്ന തോന്നലുകള്‍ക്കിടെയാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവരുന്നത്. പരാതി പ്രളയത്തിനൊടുവില്‍ കെപിസിസി ഭാരവാഹികളുടെ ഉള്‍പ്പെടെ കൊഴിഞ്ഞുപോക്കിനു വരെ പട്ടിക കാരണമായി. പട്ടികക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരാതിപ്പെട്ടു. ഗ്രൂപ്പുകള്‍ ഇല്ലാതാക്കുന്നതിന്റെ പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കള്‍ ആവര്‍ത്തിച്ചു. സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ചെന്നിത്തലയും പരാതി പറഞ്ഞു. ജില്ലാ നേതൃസ്ഥാനത്തേക്കുള്ളവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിയുടെ ആക്ഷേപം. മുന്‍ കെപിസിസി അധ്യക്ഷന്‍മാരെ അപ്പാടെ തഴയുന്നുവെന്ന ആരോപണം വി.എം സുധീരനും ഉയര്‍ത്തി. 

സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ശക്തമായി. കെ സുധാകരനെയും വി.ഡി സതീശനെയും അനുകൂലിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി പട്ടിക തയാറാക്കിയതെന്നാണ് പ്രധാന ആക്ഷേപം. ദളിത് വിഭാഗത്തെ അവഗണിച്ചതിലും സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തതിലും പ്രതിഷേധമുയര്‍ന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും കെപിസിസി ഭാരവാഹികളും ഉള്‍പ്പെടെ പരസ്യ പ്രതികരണങ്ങള്‍ നടത്തി. എന്നാല്‍, യുഡിഎഫ് യോഗത്തിനു മുന്നോടിയായി നേതാക്കളെ നേരില്‍ക്കണ്ട് വി.ഡി സതീശന്‍ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമുണ്ടാക്കി. അതേസമയം, കെപിസിസി ഭാരവാഹികളും വി.എം സുധീരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും ഉയര്‍ത്തിയ വിമര്‍ശനങ്ങളും ആരോപണങ്ങളും പരിഹരിക്കപ്പെടാതെ നിന്നു. 

'വെള്ളത്തില്‍വെച്ച ഉപ്പുചാക്ക്'
കോണ്‍ഗ്രസ് വെള്ളത്തില്‍വെച്ച ഉപ്പുചാക്ക് പോലെയാണെന്ന വിശേഷണം നല്‍കിയത് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനാണ്. ഡിസിസി പട്ടിക പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് ഭാരവാഹികള്‍ ഉള്‍പ്പെടെ സിപിഎമ്മില്‍ എത്തിയതിനെത്തുടര്‍ന്നായിരുന്നു അത്തരമൊരു പ്രതികരണം. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് പരസ്യം പ്രതികരണം നടത്തിയത് നിരവധി നേതാക്കളാണ്. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരെ കോണ്‍ഗ്രസ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, പിന്നീട് നടപടി പിന്‍വലിച്ചു. അതേസമയം, പുതിയ ഡിസിസി അധ്യക്ഷന്മാരെ പെട്ടിതൂക്കികളെന്ന് വിശേഷിപ്പിച്ച കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി. അനില്‍കുമാറിനോട് വിശദീകരണം ചോദിച്ചു, പിന്നാലെ പുറത്താക്കി. എന്നാല്‍ അതിനുമുമ്പേ രാജിവെച്ച അനില്‍കുമാര്‍ സിപിഎം പാളയത്തിലെത്തിയിരുന്നു. കെ.സി വേണുഗോപാല്‍ ആര്‍എസ്എസ് ഏജന്റാണെന്ന് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച കെപിസിസി പ്രസിഡന്റായിരുന്ന പി.എസ് പ്രശാന്ത്, കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജി. രതികുമാര്‍ എന്നിവരും സിപിഎമ്മിലെത്തി. പാലക്കാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥും പാര്‍ട്ടി വിട്ടു. 

അവഗണനയ്ക്കുള്ള സുധീരന്റെ മറുപടി
വെള്ളിയാഴ്ച രാത്രിയാണ് സുധീരന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജിക്കത്ത് കൈമാറിയത്. ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് സുധീരന്‍ സുധാകരനെ ഫോണില്‍ വിളിച്ച് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും സുധീരന്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സുധീരന്റെ രാജിയെന്നതാണ് ശ്രദ്ധേയം. സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും താനടക്കമുള്ള മുതിര്‍ന്ന നേതാക്കളോടു വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി സുധീരന്‍ ഉന്നയിച്ചിരുന്നു. കെപിസിസിയെ ഉന്നതാധികാര സമിതിയായിട്ടും രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും കാര്യങ്ങളൊന്നും കൂട്ടായി ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ വെളിപ്പെടുത്തിയിരുന്നു. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട്, രാഷ്ട്രീയകാര്യ സമിതി യോഗത്തിനു മുമ്പ് ചേര്‍ന്ന നേതൃയോഗങ്ങളില്‍ കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ പലരും ഒഴിവാക്കപ്പെട്ടു. ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ തന്നോട് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയാണ് വിവരം അറിഞ്ഞതെന്നും സുധീരന്‍ പറഞ്ഞിരുന്നു. 

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും സമാന വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് യോഗത്തിനു മുന്നോടിയായി ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും സന്ദര്‍ശിച്ച വി.ഡി സതീശന്‍ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടിരുന്നു. ഇതിനിടെ, കെപിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പാര്‍ട്ടി വിടുമ്പോഴും അവരെ തള്ളിപ്പറയുന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ആരുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന തരത്തിലുള്ള വാക്കുകള്‍, പ്രശ്‌നം കണ്ടെത്തി പരിഹരിക്കാന്‍ നേതൃത്വം തയ്യാറല്ലെന്നതിന്റെ പരസ്യ പ്രഖ്യാപനം കൂടിയായി. പരസ്യ വിമര്‍ശനങ്ങളോടും ആരോപണങ്ങളോടും നേതൃത്വം മുഖം തിരിച്ചു. സുധീരന്‍ മുന്നോട്ടുവെച്ച വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ നേതൃത്വം തയ്യാറായിരുന്നില്ല. അതിനുള്ള മറുപടിയാണ് സുധീരന്റെ രാജി.