സിപിഎം - സംഘപരിവാര്‍ അവിശുദ്ധ ബന്ധത്തിന്റെ  അടയാളം'; ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ വി ഡി സതീശന്‍

 
vd-satheesan

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായി കേരളത്തിലെ ചീഫ് സെക്രട്ടറി ഗുജറാത്തില്‍ പോയതും ഗുജറാത്ത് മോഡലിനെ കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

'' യു.ഡി.എഫ് ഭരണകാലത്ത്് മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രസംഗിച്ചത്, ഇതുപോലെ വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് കേരളത്തിന്റെ ഒരു മന്ത്രി പോയത് മുഖ്യമ്രന്തിയായിരുന്ന ഉമ്മന്‍ ചാണ്ടിയൂടെ അറിവോടെയാണ് . അത് ബിജെപിയെ സഹായിക്കാനാണ് എന്നാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് കേരളത്തിലെ ചീഫ് സെക്രട്ടറി അവിടെ പോയതും ഗുജറാത്ത് മോഡലിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തത് മുഖ്യമ്രന്തിയുടെ അറിവോടെയാണ്. കേരള മോഡലിനെ കുറിച്ച് അഭിമാനിച്ചിരുന്ന സിപിഎം നേതാക്കന്മാര്‍ ഇപ്പോള്‍ ഗുജറാത്ത് മോഡലിനെ കുറിച്ച് അഭിമാനിക്കുന്നത് വളരെ വിചിത്രമായ കാര്യമാണ്'' സതീശന്‍ പറഞ്ഞു. സിപിഎം- സംഘപരിവാര്‍ അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് പി.സി ജോര്‍ജ് പറഞ്ഞത്. ആരെ സന്തോഷിപ്പിക്കാനാണ് ഇത് പറഞ്ഞതെന്ന് വ്യക്തമല്ല. കരുതലോടെ മുന്‍കൂട്ടി നടത്തിയ പ്രസംഗമാണിത്.  ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സിനിമാ മേഖലയില്‍ നിന്നുള്ള പരാതികളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം.  എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുന്നത് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തയാറാകണം. അത് നിയമസഭയ്ക്ക് അകത്തും പുറത്തും ചര്‍ച്ച ചെയ്യണം. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിനും വി ഡി സതീശന്‍ മറപുപടി നല്‍കിയിരുന്നു.  സില്‍വര്‍ ലൈന്‍ കുറ്റികള്‍ പിഴുതെറിയാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമുണ്ട്. അദ്ദേഹം അവരെ ആദ്യം ബോധ്യപ്പെടുത്തട്ടേ എന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ജനം അണിനിരന്ന് കെ റെയില്‍ കല്ല് സംരക്ഷിക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. സമരക്കാര്‍ക്ക് എതിരെയുള്ള പൊലീസ് നടപടിയെയും സിപിഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഉമ്മ വെച്ച ഏത് പൊലീസ് ആണ് കേരളത്തിലുള്ളത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു.