'തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങളുടെ മുന്നറിയിപ്പ്; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകം'

 
congress

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പും താക്കീതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘടനാ ദൗര്‍ലഭ്യമാണ് പരാജയത്തിന് കാരണമെന്നും പരാജയത്തെ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നിയുക്ത ഡിസിസി അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.ഡി സതീശന്‍.

'ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേര്‍ത്തു കൊണ്ട് തന്നെയാകണം കോണ്‍ഗ്രസ് മുന്നോട്ട് പോകേണ്ടത്. പാര്‍ട്ടിയില്‍ ജേഷ്ഠ അനുജന്മാര്‍ തമ്മില്‍ പരിഭവം ഉണ്ടാകും. അത് പക്ഷേ ശത്രുക്കള്‍ അറിയാതെ നോക്കണം. പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നു ചിന്തിച്ചാലേ പ്രശ്‌ന പരിഹാരം നടക്കുകയുള്ളു'. കെപിസിസി പ്രസിഡന്റിന്റെ വാക്കാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ അവസാന വാക്കെന്ന പ്രയോഗം സംഘടന ബോധം ഉള്ളത് കൊണ്ടാണെന്നും തന്റെ വാക്കുകള്‍ പലരും വളച്ചൊടിച്ചുവെന്നും സതീശന്‍ പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പാണ്. പരാജയത്തെ കൃത്യമായി വിലയിരുത്തണം. സംഘടനാ ദൗര്‍ലഭ്യമാണ് തോല്‍വിക്ക് കാരണം. സംഘടന ഇല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടക്കില്ല.സംഘടനാ പ്രവര്‍ത്തനങ്ങളുടെ ചട്ടകൂടിനുള്ളില്‍ നിന്ന് വേണം പ്രവര്‍ത്തിക്കാന്‍. കോണ്‍ഗ്രസിന്രെ സംഘടന പ്രവര്‍ത്തന ശൈലിയിലെ  മാറ്റത്തിന്റെ തുടക്കമാണിത്. അത് ധര്‍ഷ്ട്യത്തിന്റെയോ ധിക്കാരത്തിന്റയോ ഭാഷയിലല്ല. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് അറിഞ്ഞാകണം പ്രവര്‍ത്തിക്കേണ്ടത്. കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ കൃത്യത വേണം. അത് വി.ഡി സതീശനോ സുധാകരാണോ മാത്രം എടുക്കുന്നതല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.