'അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല'; ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി സതീശന്‍, ചിത്രങ്ങള്‍ പുറത്ത് 

 
vd

ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി. സതീശന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ പുറത്തുവിട്ടതോടെ സംഘപരിവാര്‍-വി.ഡി സതീശന്‍ തര്‍ക്കം മുറുകുന്നു. 2006-ല്‍ പറവൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ ഗോള്‍വള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രമാണ് പുറത്തുവന്നത്.

അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല, രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീരപോലെ ഇടക്കിടെ ആര്‍എസ്എസിനെ ആക്രമിക്കുന്നുവെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി ബാബു കുറിച്ചത്. ''2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച്  മതഭീകരവാദത്തെ കുറിച്ചു  നടന്ന സെമിനാറിൽ ഭാരതാംബയുടേയും ഗുരുജി ഗോൾവർക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണിത്. അന്ന് ഗോൾവൾക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. KNA ഖാദറിനെ വിമർശിച്ച സതീശൻ  RSS പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ RSS നെ ആക്രമിക്കുന്നു. ഉദരനിമിത്തം ബഹുകൃത വേഷം. '' ഇതായിരുന്നു ആര്‍.വി ബാബുവിന്റെ കുറിപ്പ്. 

ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍എസ്എസ് അഭിപ്രായത്തിന് സമാനമാണെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. ഇതാണ് പ്രതിപക്ഷ നേതാവും ആര്‍എസ്എസും തമ്മിലുള്ള വാക്പോരിന് കാരണമായത്. 

സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആര്‍എസ്എസ് വിഡി സതീശന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ അർഹിച്ച അവജ്ഞയോടെ നോട്ടീസ് തള്ളുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം. ഗോള്‍വള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സില്‍ പറയുന്ന ഇതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ആര്‍എസ്എസിന് ഭരണഘടനയോടുള്ള സമീപനവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായിരുന്ന സജി ചെറിയാന്റെയും പ്രസ്താവനകള്‍ ഒന്നുതന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? നോട്ടീസ് അയച്ചത് ആരെ ഭയപ്പെടുത്താനാണ്? അതൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി. ഏത് നിയമനടപടിയും നേരിടാന്‍ തയാറാണെന്നുമാണ് വി.ഡി സതീശന്‍ പ്രതികരിച്ചത്. 

ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ 2013-ല്‍ ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി സതീശന്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടത്. 'ചില ഓര്‍മ്മച്ചിത്രങ്ങള്‍ ഇവിടെ പങ്കുവെയ്ക്കട്ടെ, ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ ഉപകരിക്കു'മെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സദാനന്ദന്‍ മാസ്റ്റര്‍ കുറിച്ചത്. സതീശനെതിരെ ആര്‍.എസ്.എസ് നോട്ടീസയച്ചിട്ടുണ്ടെന്നും സദാനന്ദന്‍ മാസ്റ്റര്‍ കുറിച്ചു.