'ആന്റിജന്‍ ടെസ്റ്റുകള്‍ പൂര്‍ണമായും ഉപേക്ഷിക്കണം; സമ്പര്‍ക്ക പരിശോധനയിലും ഉദാസീനത'

 
vd

കോവിഡ് പരിശോധനയില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ ചെയ്യുന്നത് മുഴുവന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റായിരുന്നെങ്കില്‍ ദിവസേനെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഇതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആന്റിജന്‍ പരിശോധന ഫലപ്രദമല്ലെന്നു വിദഗ്ധര്‍ പറഞ്ഞിട്ടും കേരളത്തിലെ പരിശോധനകളില്‍ നാലില്‍ മൂന്നും ആന്റിജനാണ് നടത്തുന്നത്.  ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റുമായി ആളുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പോകുകയാണ്. അതില്‍ പകുതി പേര്‍ക്കും യഥാര്‍ത്ഥത്തില്‍ അസുഖമുണ്ട്. ഇത്തരം കാരണങ്ങളാലാണ് കേരളത്തില്‍ രോഗം നിയന്ത്രിക്കാനാവാത്തത്. തമിഴ്‌നാട്ടില്‍ പൂര്‍ണമായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റാക്കി. കേരളത്തില്‍ എന്തുകൊണ്ട് ഇത് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ കോവിഡ് സംവിധാനങ്ങളിലെ തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ടു വരുന്നത് മുഖ്യമന്ത്രി വായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിലും പാളിച്ചയുണ്ടായി. വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് സൗജന്യ വാക്‌സിന്‍ വിതരണം നടത്തണം. പൊള്ളയായ അവകാശ വാദങ്ങള്‍ നടത്താന്‍ എന്തിനാണ് വിവരങ്ങള്‍ മറച്ചുവെക്കുന്നത്. 

കോവിഡ് പോസിറ്റീവുകാരുടെ സമ്പര്‍ക്ക പരിശോധനയിലും ഉദാസീനതയാണ്. ഒരാള്‍ പോസിറ്റീവായാല്‍ അയാളുടെ 20 സമ്പര്‍ക്കമെങ്കിലും പരിശോധനയ്ക്കു വിധേയമാക്കണമെന്നു കേന്ദ്ര നിര്‍ദേശമുണ്ടെങ്കിലും കേരളത്തില്‍ ശരാശരി ഒന്നരയാളെ ആണ് പരിശോധിക്കുന്നത്. അതായത് രണ്ട് പേര്‍ക്ക് പോസിറ്റിവായാല്‍ മൂന്നു സമ്പര്‍ക്കം പരിശോധിക്കുന്നുവെന്നും വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.