'സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനു മുന്നില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകരുത്'

 
vd-satheesan

രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമം തടയണം

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനുമുന്നില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. വ്യാജ ഐഡിയുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം സജീവമായി നടക്കുകയാണ്. വിരോധവും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കി. 

കത്തോലിക്കാ സഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നില്‍ വീഴരുതെന്നാണ് രണ്ട് സമുദായങ്ങളോടും അഭ്യര്‍ഥിക്കാനുള്ളത്. ഗൗരവമായ ആരോപണങ്ങള്‍ സഭ മുന്നോട്ടുവെക്കുന്നുവെങ്കില്‍ പൊലീസ് അത് അന്വേഷിക്കട്ടെ. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന് നല്‍കി നടപടി സ്വീകരിപ്പിക്കണം. പറയുന്നത് വസ്തുതയല്ലെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. 

രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിനു പിന്നില്‍ സംഘ പരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നു. മനപ്പൂര്‍വം വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമായി മാറ്റി, കേരളത്തില്‍ അത് വളര്‍ത്താനിടയാക്കരുത്. അതിനിടെ, സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നത് ശരിയല്ല. ഇരു വിഭാഗത്തെയും വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണം. സിപിഎമ്മിന് ഈ വിഷയത്തില്‍ ഒരു നയം ഇല്ല. തമ്മിലടിക്കുന്നെങ്കില്‍ അടിച്ചോട്ടെ എന്ന അജണ്ട സിപിഎമ്മിന് ഉണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം. കോണ്‍ഗ്രസ് ഇതില്‍ കക്ഷിചേരില്ല. രണ്ട് സമുദായങ്ങളും സംയമനം പാലിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. പ്രകടനങ്ങള്‍ നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടുപോയാല്‍ ഇങ്ങനെ ഒരു പ്രശ്നം ആഗ്രഹിക്കുന്നവര്‍ക്ക് വളരാനുള്ള വളംവെച്ച് കൊടുക്കലായി മാറും.

വിഷയത്തില്‍ കേരളത്തില്‍ വലിയ കാമ്പയിന്‍ ഉണ്ടാകണം. മതേതരത്വത്തിന്റെ പതാകവാഹകരായി കേരളം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാവരും രംഗത്തുവരണമെന്നാണ് പറയാനുള്ളത്. കേരളത്തിലെ സാഹിത്യകാരന്‍മാര്‍, എഴുത്തുകാര്‍ എന്നിവര്‍ പുരോഗമന ചിന്താഗതിയോടെ മുന്നോട്ടുവരുമെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രത്യാശിക്കുന്നതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു.