മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്ന്;  വിമര്‍ശനങ്ങള്‍ക്ക് മറുപടി, ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് പറയാനെന്ന് സതീശന്‍ 

 
kv_thomas

ഇഫ്താര്‍ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ചൂണ്ടികാട്ടി എഐസിസി അച്ചടക്ക സമിതിയ്ക്ക് കെ.വി. തോമസ് കത്തയച്ചതില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി ഡി സതീശന്‍ മുഖ്യമന്ത്രിയോട് അടുത്ത് ഇടപഴകിയത് ശരിയോ എന്നും ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷന്‍ എ കെ ആന്റണി എന്നിവര്‍ക്കാണ് കെ.വി തോമസ് കത്തയച്ചത്. 

എന്നാല്‍ കെ വി തോമസിന്റെ നടപടിയില്‍ പ്രതികരിച്ച് വി ഡി സതീശന്‍ രംഗത്തെത്തി. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് പറയാനാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തിലായിരുന്നു വി.ഡി. സതീശന്‍ കെ.വി. തോമസിന്റെ ആരോപണങ്ങള്‍ തള്ളിയത്. ഇഫ്താര്‍ വിരുന്ന് നടത്തരുതെന്ന് തനിക്ക് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

'ഇഫ്താറിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിനോട് എന്ത് മറുപടി പറയാനാണ്. കെ. കരുണാകരന്‍ പ്രതിപക്ഷ നേതാവായിരിക്കെ തുടങ്ങിവെച്ച കീഴവഴക്കം തുടരുകയാണ് ചെയ്തത്. തനിക്ക് മുമ്പുള്ള പ്രതിപക്ഷ നേതാക്കളും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു. പാര്‍ട്ടി വിലക്ക് ഉണ്ടായിരുന്നെങ്കില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലായിരുന്നു. ഇഫ്താര്‍ സംഗമത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. സംഘര്‍ഷങ്ങളും, വിദ്വേഷവും വര്‍ധിക്കുന്ന ഒരു കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ താനെന്ത് മറുപടി പറയണം,' വി ഡി സതീശന്‍ പറഞ്ഞു.

സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പിസി വിഷ്ണുനാഥും ചെയ്തതെന്നാണ് കെ വി തോമസ് എഐസിസിക്ക് അയച്ച കത്തില്‍ ചോദിച്ചത്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ സെമിനാറില്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി സി വിഷ്ണുനാഥ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പി സി വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ വി തോമസ് ആരാഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വിളിച്ചില്ലേ, മുഖ്യമന്ത്രി വിളിച്ച വിരുന്നിന് പ്രതിപക്ഷ നേതാവും പോയില്ലേയെന്ന് കെ വി തോമസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിന് കെ വി തോമസിനെയും ക്ഷണിച്ചിരുന്നു. ഞാന്‍ വന്നത് സതീശന് അറിയില്ല. മുഖ്യമന്ത്രിയുമായി താന്‍ കുറേ നേരം സംസാരിച്ചു. കോടിയേരി ബാലകൃഷ്ണനെയും എംഎ ബേബിയെയും കണ്ടിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.