ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കും:  ആരോഗ്യമന്ത്രി

 
veena

ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. 

സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ഉള്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പ്രവര്‍ത്തനത്തിന് കലണ്ടര്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്നലെ 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.