കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍ 

 
Franco Mulckal

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. ഒറ്റവരിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. 2014 മുതല്‍ 2016 കാലയളവില്‍ 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പറഞ്ഞത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, അന്യായമായി തടവില്‍ വയ്ക്കല്‍ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്നത്.

രാവിലെ ഒമ്പതേമുക്കാലോടെ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പിന്‍വാതില്‍ വഴിയാണ് ഫ്രാങ്കോ കോടതിയില്‍ പ്രവേശിച്ചത്. കോടതിയിലും പരിസരങ്ങളിലും വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ കോടതിയിലെത്തി പരിശോധന നടത്തി. ഇന്നലെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍, സംഘര്‍ഷത്തിന് സാധ്യതയുള്ളതായി വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയത്. കന്യാസ്ത്രീകള്‍ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു.

നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയുടെ പരാതിയില്‍ 2018 ജൂണിലാണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തിട്ടും ഫ്രാങ്കോയുടെ അറസ്റ്റ് വൈകിയതോടെ, കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിച്ചതോടെ സംഭവം ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവില്‍, 2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. എന്നാല്‍, 25 ദിവസങ്ങള്‍ക്കുശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഫ്രാങ്കോ പുറത്തിറങ്ങി. കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കേസില്‍ കുറ്റപത്രം വൈകിയതും പ്രതിഷേധത്തിന് കാരണമായി. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തി. പിന്നാലെ 2019 ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

2020 സെപ്റ്റംബറിലാണ് കേസില്‍ വിചാരണ തുടങ്ങിയത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികള്‍. കഴിഞ്ഞയാഴ്ചയോടെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മൂന്ന് ബിഷപ്പുമാര്‍, 11 വൈദികര്‍, 24 കന്യാസ്ത്രീകള്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരുള്‍പ്പെടെ 83 സാക്ഷികളാണ് കേസിലുള്ളത്. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണ് നിലപാടെടുത്തത്. പ്രതിഭാഗത്തുനിന്ന് ആറ് സാക്ഷികളെയും വിസ്തരിച്ചു. ഫ്രാങ്കോയുടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 122 പ്രമാണങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.