വിജയ് ബാബുവിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

 
VIJY BABU

ദുബായില്‍ ഒളിവില്‍ കഴിയുന്ന പീഡനക്കേസ് പ്രതി വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം. ഇന്‍ര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കില്‍ വിദേശത്തുവെച്ച് അവിടത്തെ പോലീസിന് അറസ്റ്റ് ചെയ്യാനും കഴിയും.

യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ 19-ന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി. അതിനു പിന്നാലെയാണ് ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുന്നത്. 

വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് അന്വേഷണം നടത്തുന്നതെന്നാണ് വിവരം. സിനിമയില്‍ കൂടുതല്‍ അവസരം വാ?ഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനു വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്. നടിയെ കൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.