വിസ്മയയുടെ മരണം: കിരണ്‍കുമാറിനെ പിരിച്ചുവിടാനുള്ള അന്തിമ ഉത്തരവായി

 
vismaya

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് പിരിച്ചുവിടാനുള്ള അന്തിമ ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു. വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ച് കിരണിനോട് വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള അന്തിമ ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു. 

ജോലിയില്‍നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കിരണ്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പൊലീസ് കേസ് നിലനില്‍ക്കുന്നതിനാല്‍ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വീസ് റൂള്‍ അനുസരിച്ചാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി പറഞ്ഞു. ക്രിമിനല്‍ കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ല. കിരണിന്റെ വിശദീകരണം നിയമപരമായി നിലനില്‍ക്കില്ല. 45 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു. വകുപ്പുതല നടപടി കിരണിന് കോടതിയില്‍ ചോദ്യം ചെയ്യാമെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.