വൈറ്റില അപകടം;  നിര്‍ണായക ദൃശ്യങ്ങള്‍ നശിപ്പിച്ചു, ഹോട്ടല്‍ ഉടമ അറസ്റ്റില്‍

പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയൊണ് അറസ്റ്റ് ചെയ്തത് 
 
roy hotel

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ട വൈറ്റില കാര്‍ അപകട കേസില്‍ നംബര്‍ 18 ഹോട്ടല്‍ ഉടമ അറസ്റ്റില്‍. തെളിവുകള്‍ നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെ അറസ്റ്റ് ചെയ്തത്. ഇതേ ഹോട്ടലിലെ അഞ്ച് ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം റോയി നല്‍കിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറില്‍ നിന്നും നിര്‍ണായ ദൃശ്യങ്ങള്‍ നശിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പായതിനു പിന്നാലെയാണ് തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി റോയിയെ അറസ്റ്റ് ചെയ്തത്. എസ് പി ഓഫിസില്‍ വച്ച് 11 മണിക്കൂറോളം റോയിയെ ചോദ്യം ചെയ്തിരുന്നു. 

റോയിയുടെ ഹോട്ടലില്‍ നിന്നും മടങ്ങും വഴിയാണ് അന്‍സി കബീറും സുഹൃത്തുക്കളും അപകടത്തില്‍പ്പെടുന്നത്. ഈ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ ഇവര്‍ പങ്കെടുത്തിരുന്നു. അപകടത്തില്‍ ദുരൂഹ ഉയര്‍ന്നതോടെ പ്രസ്തുത പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം എത്തിയപ്പോഴാണ് ആ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. റോയിയുടെ നിര്‍ദേശ പ്രകാരം പ്രസ്തുത സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഹോട്ടലില്‍ നിന്നും മാറ്റിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഡിവിആറുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റോയിക്ക് നോട്ടീസ് നല്‍കിയത്.

റോയി നല്‍കിയ ഡിവിആറില്‍ നിശാപാര്‍ട്ടി നടന്ന ഹാളിലെയോ ഹോട്ടലിന് പുറത്തെയോ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവ മനഃപൂര്‍വം നശിപ്പിച്ചിരിക്കാമെന്ന് ഇപ്പോള്‍ പൊലീസ് ഉറപ്പിക്കുന്നത്. പാര്‍ട്ടിക്കിടയില്‍ മോഡലുകളുമായി ആരെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നറിയാന്‍ കഴിയുമായിരുന്ന ദൃശ്യങ്ങളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അന്നേ ദിവസം ചില പ്രമുഖര്‍ ആ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ കൂടി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത സിസിടിവി ദൃശ്യങ്ങള്‍ വളരെ നിര്‍ണായകമാണ്. 

റോയിയുടെ നിര്‍ദേശ പ്രകാരം സുഹൃത്ത് സൈജു ഒരു ഔഡി കാറില്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്നിരുന്നു. അപകടം നടന്നശേഷം തന്റെ കാറില്‍ നിന്നും പുറത്തിറങ്ങി പരിസരം നിരീക്ഷിച്ച ശേഷം സൈജു ഹോട്ടല്‍ ഉടമ റോയിയെ ഫോണ്‍ ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും ആ നിലയില്‍ വാഹനമോടിച്ച് പോകേണ്ടെന്ന് അഭ്യര്‍ത്ഥിച്ചിട്ടും വാഹനമെടുത്തുകൊണ്ടു പോയതുകൊണ്ടാണ് അവരെ പിന്തുടര്‍ന്നതെന്നുമാണ് സൈജു പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ പറയുന്നത്, തങ്ങളെ പിന്തുടര്‍ന്ന കാര്‍ കാരണമാണ് അപകടമുണ്ടായതെന്നാണ്. യഥാര്‍ത്ഥത്തില്‍ സൈജു എന്തിനാണ് അവരെ പിന്തുടര്‍ന്നതെന്ന് തെളിയിക്കാനും നഷ്ടപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമായിരുന്നു. പക്ഷേ അവ നശിപ്പിക്കപ്പെട്ടുവെന്നത് ഈ സംഭവത്തിലെ ദുരൂഹത വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്.