വൈറ്റില അപകടം; ഡ്രൈവര്‍ മൂന്നു മണിക്കൂര്‍ കസ്റ്റഡയില്‍, നിര്‍ണായക വിവരം തേടി പൊലീസ്
 

അപകടത്തിനു പിന്നിലെ ദുരൂഹതകള്‍ മാറുന്നില്ല
 
 
vytila accident

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ട വൈറ്റില കാര്‍ അപകടത്തിനു പിന്നിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ തീവ്രശ്രമവുമായി പൊലീസ്. അപകടത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. മത്സരയോട്ടത്തിന്റെ ഭാഗമായാണ് കാര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൊലീസിന്റെ ആവശ്യപ്രകാരം അബ്ദുള്‍ റഹ്മാനെ മൂന്നു മണിക്കൂര്‍ നേരത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് കോടതി ഉത്തരവ് വന്നിട്ടുണ്ട്. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് അപേക്ഷ നല്‍കിയിരുന്നതെങ്കിലും ഡ്രൈവറുടെ ആആരോഗ്യനില പരിഗണിച്ചാണ് കുറച്ചു മണിക്കൂറുകള്‍ മാത്രം കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി തീരുമാനിച്ചത്. അപകട സമയത്ത് അബ്ദുള്‍ റഹ്മാന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ മനപൂര്‍വമല്ലാത്ത നരഹത്യതയ്ക്ക് കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കെ നിര്‍ണായകമായ വിവരം കാര്‍ ഡ്രൈവറില്‍ നിന്നും ലഭക്ഷിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അപകടത്തില്‍ പെട്ട കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് മനസിലായിട്ടുണ്ട്. അതേസമയം മറ്റൊരു കാര്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് അറിയേണ്ടതുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങും വഴിയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഈ പാര്‍ട്ടിക്കിടയില്‍ എന്തോ തര്‍ക്കം കൊല്ലപ്പെട്ടവരും ഹോട്ടല്‍ ഉടമയുമായി നടന്നിട്ടുണ്ടെന്നും പൊലീസ് നിഗമനമുണ്ട്. 

അപകടത്തില്‍പ്പെട്ട കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്തുടര്‍ന്ന കാര്‍ ഹോട്ടലിലെ ആയിരുന്നുവെന്ന് പിന്നീട് മനസിലായി. പക്ഷേ, അതെന്തിനായിരുന്നു എന്ന് ഇനിയും വ്യക്തമായിട്ടില്ല. രണ്ടു കാറുകളും തമ്മില്‍ മത്സരയോട്ടം നടന്നിരുന്നതായാണ് പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ നല്‍കുന്ന മൊഴി. അവിടെയും ബാക്കി നില്‍ക്കുന്ന അവ്യക്ത, മത്സരയോട്ടത്തിലേക്ക് വഴിവച്ച കാരണം എന്താണെന്നതിലാണ്.

പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ ഇപ്പോഴും ഒളിവിലാണ്. ഇയാളും സംശയത്തിന്റെ നിഴലിലാണ്. കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായതിനു പിന്നില്‍ ഹോട്ടല്‍ ഉടമയുടെ ഇടപെടല്‍ ഉണ്ടെന്നാണ് പറയുന്നത്. അന്നേ ദിവസത്തെ മറ്റ് ദൃശ്യങ്ങളുടെയെല്ലാം റെക്കോര്‍ഡുകള്‍ ഉണ്ടെങ്കിലും ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഡിജെ പാര്‍ട്ടിയുടെ മാത്രം വിഷ്വലുകള്‍ നഷ്ടപ്പെട്ടു പോയതിലാണ് സംശയം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഹോട്ടല്‍ ഉടമയുടെ ഡ്രൈവര്‍ വന്ന് ഹാര്‍ഡ് ഡിസ്‌ക് കൊണ്ടു പോയിരുന്നതായി ഒരു ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ഉടമയുടെ വീട്ടില്‍ അടക്കം പൊലീസ് അന്വേഷിച്ചെങ്കിലും ആ വിഷ്വലുകള്‍ അടങ്ങിയ കോപ്പി കണ്ടെത്താനായിട്ടില്ല. അവ നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. പ്രസ്തുത ദൃശ്യങ്ങള്‍ എന്തിന് നശിപ്പിച്ചു എന്നിടത്താണ് ഹോട്ടല്‍ ഉടമ സംശയ നിഴലില്‍ ആകുന്നത്. കൂടാതെ, ഇയാള്‍ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോയതും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഹോട്ടലില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നും അവിടുത്തെ കാര്‍ എന്തിനാണ് പിന്തുടര്‍ന്നതെന്നുമുള്ള ചോദ്യത്തിന് ഉത്തരം പറയാനുള്ള ഒരാള്‍ അബ്ദുള്‍ റഹ്മാനാണ്.