വൈറ്റില അപകടം;  ഹോട്ടല്‍ ഉടമ ഇന്ന് ഹാജരാകും, പല ചോദ്യങ്ങള്‍ക്കും ഉത്തരം കാത്ത് പൊലീസ്

തെളിവുകള്‍ സഹിതം ഹാജരാകാനാണ് ഹോട്ടല്‍ ഉടമ റോയി വയലാറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 
 
miss kerala accidentവൈറ്റില വാഹനാപകടവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി വയലാറ്റ് ഇന്ന് പൊലീസിനു മുന്നില്‍ ഹാജരായേക്കും. ഇന്ന് നാല് മണിക്ക് മുമ്പായി ഹാജരാകാന്‍ റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു. തെളിവുകള്‍ സഹിതം ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് എസ് പി ഓഫിസില്‍ എത്തി റോയി നോട്ടീസ് കൈപ്പറ്റിയിരുന്നു. ഇന്നാ രാവിലെ പത്തു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ റോയി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങളുടെ റെക്കോര്‍ഡ് ഹാജരാക്കാനും റോയിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയി ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ ഹോട്ടലിലെ ഒരു ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഡി ജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിംഗ് ഏരിയായിലെയും ദൃശ്യങ്ങള്‍ ലഭിച്ചാല്‍ ഹോട്ടലില്‍ എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്ത വരും.


മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ ഹോട്ടല്‍ ഉടമ റോയിക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന വാഹനത്തിന്റെ ഡ്രൈവര്‍ സൈജു അപകടത്തിനുശേഷം റോയിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. റോയിയുടെ നിര്‍ദേശപ്രകാരമാണോ സൈജു വണ്ടിയില്‍ പിന്തുടര്‍ന്നത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടയില്‍ റോയിയും മറ്റുള്ളവരുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്ത വരുത്തേണ്ടതുണ്ട്. ഇങ്ങനെയൊരു തകര്‍ക്കം നടന്നതിന്റെ ഭാഗമായിട്ടാണോ മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതെന്ന ചോദ്യത്തിനും പൊലീസിന് റോയിയില്‍ നിന്നും ഉത്തരം കിട്ടേണ്ടതുണ്ട്.

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തങ്ങളെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നാണ് അബ്ദുള്‍ റഹ്മാന്‍ പൊലീസിനോട് ആവര്‍ത്തിച്ചത്. ഈ കാര്‍ ഇടപ്പള്ളി സ്വദേശിയുടെതാണെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരു വാഹനം അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നാലെയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്.