മാലിന്യം വലിച്ചെറിഞ്ഞത്‌ ചോദ്യം ചെയ്തു; കൗണ്‍സിലറുടെ ഭര്‍ത്താവിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

 
accident

മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗം സുജ ലോനപ്പന്റെ ഭര്‍ത്താവ് സി വി ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കടവന്ത്ര 57ാം ഡിവിഷനിലെ അമലാഭവന്‍ റോഡില്‍ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പ്രദേശത്തു എത്തിയപ്പോഴാണ് കാറില്‍ എത്തിയ ആള്‍ മാലിന്യം നിക്ഷേപിച്ചത്. മാലിന്യം തള്ളിയതിനെതിരേ കൗണ്‍സിലറുടെ ഭര്‍ത്താവ് ചോദ്യം ചെയ്യുകയും ഈ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കാറിടിച്ച് അപകടപ്പെടുത്താന്‍ കാരണം.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മാലിന്യം തള്ളുന്നത് തടഞ്ഞപ്പോള്‍ കയര്‍ത്തു സംസാരിച്ചയാള്‍ കാറെടുത്തു ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ബൈക്കുമായി മറിഞ്ഞുവീണ ലോനപ്പന് വലതുകാലിന്  പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.