ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടെന്ന് പി രാജീവ്; മന്ത്രിയെ തള്ളി ഡബ്ല്യുസിസി

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെപ്പെട്ടെന്നുള്ള നിയമമന്ത്രി പി രാജീവിന്റെ പ്രസ്താവന പുതിയ വിവാദങ്ങളുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു എന്നുമാണ് മന്ത്രി വെളിപ്പെടുത്തുന്നത്. കമ്മീഷന് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമുള്ള അന്വേഷണ കമ്മീഷനല്ല ഹേമ കമ്മിറ്റി എന്നതിനാല്‍, അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. നിയമമന്ത്രാലയത്തിലേക്ക് സമിതിയുടെ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. അത് പരിശോധിച്ചു വരികയാണ്. അത് സാംസ്കാരിക വകുപ്പിന് കൈമാറിയശേഷം നടപടി സ്വീകരിക്കും. വേണമെങ്കില്‍ പുതിയ നിയമത്തെക്കുറിച്ചും പരിശോധിക്കാവുന്നതാണെന്നും മന്ത്രി അഭിമുഖത്തില്‍ പറയുന്നു.
ഡബ്ല്യുസിസിയെ പ്രതിരോധത്തിലാക്കിയ മന്ത്രിയുടെ പ്രസ്താവന തള്ളി ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു തന്നെയാണ് സിനിമാ മേഖയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ നിലപാട്. അതേസമയം പരാതിക്കാരികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാകണം റിപ്പോര്‍ട്ട് പുറത്തു വിടേണ്ടതെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നു തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഔദ്യോഗികമായി കത്തു മുഖേനയും നല്‍കിയിട്ടുണ്ട്. വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തിരുന്നു. അന്ന് നല്‍കിയതിന് സമാനമായ കത്തു തന്നെയാണ് മന്ത്രിക്കും നല്‍കിയതെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.
അതേസമയം റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി പി. രാജിവും രംഗത്തെത്തി. റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂ.സി.സിയുടെ ആവശ്യം എന്നാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി പ്രതികരിച്ചു.