'പേരെടുക്കാന്‍ മാത്രമാകരുത്, ഞങ്ങള്‍ക്കും എല്ലാം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസവും വേണം'
 

ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ഉയരുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍
 
 
trans-police


ട്രാന്‍സ്‌ജെന്‍ഡറുകളെയും പൊലീസ് സേനയുടെ ഭാഗമാക്കാന്‍ കേരള സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. റിക്രൂട്ട്‌മെന്റ്, പരിശീലനം എന്നീ കാര്യങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നും സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ കിട്ടേണ്ടതുണ്ട്. അതുപോലെ ഏതൊക്കെ മേഖലകളില്‍ ട്രാന്‍സ് വിഭാഗത്തില്‍ നിന്നുള്ളവരെ നിയോഗിക്കണമെന്ന കാര്യത്തിലും തീരുമാനം അറിയണം. ഈ വിഷയങ്ങളൊക്കെ പരിശോധിച്ച് അഭിപ്രായരൂപീകരണം ഉണ്ടാക്കാന്‍ ഇന്റലിജന്‍സ് മേധാവിയെ ഡിജിപി ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്റലിജന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ ചേരും. ഈ യോഗത്തില്‍ പൊലീസ് സേനയുടെ നിലപാട് ചര്‍ച്ച ചെയ്യും.

അതേസമയം, ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം പൊലീസ് സേനയുടെ ഭാഗമാണ്. കേരളത്തിലും ഈ തീരുമാനം നടപ്പാക്കണമെന്ന ആവശ്യമാണ് ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍ക്ക്. സര്‍ക്കാര്‍ മുന്നോട്ടുവച്ച ശുപാര്‍ശ അഭിനന്ദനാര്‍ഹമാണെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, ഇങ്ങനെയൊരു തീരുമാനം നടപ്പാക്കുന്നതിനൊപ്പമുള്ള ആശങ്കകളും ചില നിര്‍ദേശങ്ങളും ഇവര്‍ക്കുണ്ട്.

പൊലീസിന്റെ ഭാഗാമാകാന്‍ കഴിയുന്നതിലൂടെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും ട്രാന്‍സ് വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ട്രാന്‍സ് ആക്ടിവിസ്റ്റായ ശ്രീമയിക്ക്. പൊലീസ് സര്‍ക്കാര്‍ സംവിധാനമാണ്. അവിടെ സ്ഥിര നിയമനം കിട്ടിയാല്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സ്ഥിര നിയമനം ലഭിക്കാനുള്ള സാധ്യത കൂടിയാണ് തുറക്കുന്നത്'-ശ്രീമയിയുടെ പ്രതീക്ഷയതാണ്. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്ക് റിസര്‍വേഷന്‍ അനുവദിച്ചിട്ടില്ല. സ്‌പെഷ്യല്‍ റിക്രീട്ട്‌മെന്റുകള്‍ക്കും പരിഗണിക്കുന്നില്ല. പൊലീസ് സേനപോലെ സുപ്രധാന വകുപ്പില്‍ അവസരം കിട്ടിയാല്‍, മറ്റ് വകുപ്പുകളിലേക്ക് തങ്ങളെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ത്താനുള്ള അവസരം കിട്ടുമെന്നും ശ്രീമയി വാദിക്കുന്നുണ്ട്.

പേടിയുണ്ട് മൈ ലോര്‍ഡ്; ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ ഒരു സംസ്ഥാനത്താണ് നിരന്തരം ആക്രമിക്കപ്പെടുന്നത് എന്നോര്‍ക്കണം

ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസിന്റെ ഭാഗമാക്കാന്‍ കേരളം താമസിച്ചുപോയെന്നാണ് മറ്റൊരു ആക്ടീവിസ്റ്റായ അദിഥി ചൂണ്ടിക്കാണിക്കുന്നത്. 'ചരിത്ര സംഭവമെന്ന തരത്തിലൊക്കെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ട്. കേരളത്തിലല്ല ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ പൊലീസിന്റെ ഭാഗമാകുന്നത്. ചത്തീസ്ഗഡ് പൊലീസില്‍ നിലവില്‍ പതിനഞ്ചോളം ട്രാന്‍സ് പൊലീസുകാരുണ്ട്. അതൊന്നും ഇവിടുത്തെ മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുസമൂഹം പോലും കാര്യമായി ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഞങ്ങള്‍ക്കിടയില്‍ മാത്രമാകും ചര്‍ച്ചയായിട്ടുള്ളത്. തമിഴ്‌നാട് പൊലീസിലും പേരിനെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ട്' എന്നാണ് അദിഥി പറയുന്നത്.

പോസിറ്റീവ് ആയൊരു തീരുമാനം ആകുമ്പോള്‍ തന്നെ ചില വെല്ലുവിളികളും ഇതിനകത്തുണ്ടെന്ന് അദിഥി പറയുന്നു. പൊലീസ് സേനയ്ക്കുള്ളുല്‍ നിന്നു തന്നെ ഒരു വേര്‍തിരിവ് നേരിടേണ്ടി വരുമോയെന്ന ആശങ്കയാണ് അദിഥിയ്ക്കുള്ളത്. സമൂഹത്തിന്റെ സമീപനവും ചോദ്യമാണ്. ഒരു വനിത പൊലീസിനോട് സമൂഹത്തിനുള്ള സമീപനം പുരുഷനോടുള്ളതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു പുരുഷ പൊലീസിന്റെയത്ര വനിത പൊലീസിനെ ഗൗനിക്കാറില്ല. അങ്ങനെയുള്ളപ്പോള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ എങ്ങനെയായിരിക്കും കാണുക? അദിഥി ചോദിക്കുന്നു. ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കുന്നതിലൂടെ പൊലീസ് സേന മൊത്തം ട്രാന്‍സ് ഫ്രണ്ട്‌ലി ആകും, സമൂഹം പൂര്‍ണമായി സ്വീകരിക്കും എന്നൊന്നും കരുതേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമായി അദിഥി രേഖപ്പെടുത്തുന്നത്.

എന്നാല്‍ ഇത്തരം ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന തരത്തിലാണ് ശ്രീമയി സംസാരിച്ചത്. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ് അവെയര്‍നസ് നല്‍കിയിരിക്കുന്നത് പൊലീസിനുള്ളിലാണ്. വേര്‍തിരിവ് ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. സ്ത്രീകള്‍ സേനയിലേക്ക് കടന്നു വന്നപ്പോഴും സംശയങ്ങളും ആശങ്കകളുമുണ്ടായിരുന്നു. ഇന്ന് പൊലീസ് സേനയിലെ എല്ലാ കാര്യങ്ങളും സ്ത്രീകള്‍ ചെയ്യുന്നില്ലേ? ഉന്നത സ്ഥാനങ്ങളിലേക്ക് കടന്നു വരുന്നില്ലേ. അതുപോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും കഴിയും. സമൂഹത്തിന് എതിര്‍പ്പുണ്ടാകുമെന്നോ, അംഗീകരിക്കില്ലെന്നോ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളും. ക്രമസമാധാന പാലനം നടത്താനുള്ള കഴിവ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമുണ്ട്. അവിടെയൊരു താരതമ്യത്തിന് മുതിരേണ്ട കാര്യമില്ല' എന്നാണ് ശ്രീമയി പറയുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം

ട്രാന്‍സ് വിഭാഗത്തെ പൊലീസിന്റെ ഭാഗമാക്കിയാല്‍ ചില ക്രിയാത്മക നിര്‍ദേശങ്ങള്‍ കൂടി അതിനൊപ്പം നടപ്പാക്കണമെന്നും ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍ പറയുന്നു. പേരിന് പത്തുപേരെയെടുത്ത് നാല് മൂലയ്ക്ക് ഇരുത്താന്‍ ശ്രമിക്കരുത്. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും ഒരു ട്രാന്‍സ്‌ജെന്‍
ഡര്‍ പൊലീസ് ഉണ്ടാവണം. സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്ക് മാത്രമായി പരിഗണിക്കുകയുമരുത്. നേരിട്ട് റിക്രൂട്ട്‌മെന്റ് നടക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലേക്ക് വരെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയണം. വിദ്യാഭ്യാസ യോഗ്യതയിലും പ്രായപരിധിയിലും പ്രത്യേക പരിഗണന നല്‍കുകയും വേണം. നിലവില്‍ ഹയര്‍ സെക്കന്‍ഡറിയാണ് സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അതെത്രപേര്‍ക്ക് ഉണ്ടെന്നത് ചോദ്യമാണ്. പത്താംക്ലാസ് അടിസ്ഥാന യോഗ്യതയാക്കണം. പ്രായപരിധിയിലും വ്യത്യാസം വരുത്തണം. എസ് ഐ റാങ്കിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ടുമെന്റിനുള്ള അവസരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നല്‍കണം- അദിഥി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളിവയാണ്.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ കാര്യം നോക്കാന്‍ വേണ്ടി മാത്രം ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസില്‍ എടുക്കരുതെന്നാണ് ശ്രീമയിക്ക് പറയാനുള്ളത്. എവിടെ എന്തുപ്രശ്‌നം നടന്നാലും അതില്‍ കൃത്യമായി ഇടപെടാനും ഒരു പുരുഷനോ വനിതയോ ആയ പൊലീസുകാര്‍ ചെയ്യുന്നതുപോലെ അവലോകനം നടത്തി തീരുമാനം എടുക്കുന്നതുപോലെ തീരുമാനം എടുക്കാനും ട്രാന്‍സ്‌ജെന്‍ഡറിനും കഴിയും. അതിനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട്. എന്നെ റിക്രൂട്ട് ചെയ്യുകയാണെങ്കില്‍ എവിടെ ഡ്യൂട്ടി നോക്കാനും എല്ലാ വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കാനും ഞാന്‍ തയ്യാറാണ്. അല്ലാതെ ട്രാന്‍സ്‌ജെന്‍ഡറുകളായ പൊലീസുകാര്‍ അവരുടെ കാര്യം മാത്രം നോക്കട്ടെ എന്ന നിലപാട് ഉണ്ടാകരുത്' എന്നാണ് ശ്രീമയിയുടെ അഭിപ്രായം.