'എന്ത് അച്ചടക്കരാഹിത്യമാണ് ഞാന്‍ കാണിച്ചത്? രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ സസ്പെന്‍ഡ് ചെയ്യുമോ?'

 
KP Anilkumar

എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നത് എങ്ങനെയാണെന്നും അനില്‍കുമാര്‍

ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത് സംബന്ധിച്ച പരസ്യപ്രതികരണത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍. എന്ത് അച്ചടക്കരാഹിത്യമാണ് താന്‍ കാണിച്ചത്? എവിടെ നിന്നാണ്, ആരാണ് തന്നെ പുറത്താക്കിയത്? എന്തിന്റെ പേരിലാണ് വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി? ഇപ്പോഴും എഐസിസി അംഗമാണ്. എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നത് എങ്ങനെയാണ്? എഐസിസിക്ക് പരാതി നല്‍കുമെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അനില്‍കുമാര്‍ പ്രതികരിച്ചത്. മുന്‍പ് പല കെപിസിസി പ്രസിഡന്റുമാര്‍ക്കെതിരെയും സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍, എംഎല്‍എ മാത്രമായിരുന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരെ സതീശന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ എന്നിവയിലുണ്ടായ അച്ചടക്കരാഹിത്യം തനിക്ക് ഉണ്ടായിട്ടില്ല. തന്നേക്കാള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ സസ്പെന്‍ഡ് ചെയ്യുമോ? 

ഗ്രൂപ്പിസം അവസാനിപ്പിക്കും എന്ന് പറഞ്ഞ് നേതൃമാറ്റം ഉണ്ടാക്കിയവര്‍ പഴയതിലും മോശമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ഒരാളെപ്പോലും പുതിയ പട്ടികയില്‍ കാണിക്കാന്‍ കഴിയില്ല. യാഥാര്‍ത്ഥ്യം വിളിച്ചുപറഞ്ഞാല്‍ എങ്ങനെയാണ് അച്ചടക്കലംഘനമാവുന്നത്. 

കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ തന്നെ ആരാണ്, ഏത് ഫോറത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്? പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണോ സസ്പെന്‍ഷന്‍? സസ്പെന്‍ഡ് ചെയ്തോട്ടേ, പക്ഷേ അതിനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചോ? ഫോണില്‍ പോലും വിളിച്ച് വിശദീകരണം ചോദിക്കതാെ എങ്ങനെയാണ് സസ്പെന്‍ഡ് ചെയ്യുക? വിഷയം ചൂണ്ടിക്കാണിച്ച് നാളെ എഐസിസിക്ക് പരാതി നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു. 

ആരെയും വ്യക്തിപരമായി ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയല്ല ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്. പാര്‍ട്ടിയെ രക്ഷിക്കുക മാത്രമായിരുന്നു ഉദ്ദേശം. 70 ശതമാനത്തില്‍ അധികം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പങ്കുവെച്ചത്. നൂറുകണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും തനിക്ക് പിന്തുണയറിയിച്ചുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ എം.കെ രാഘവനാണ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന വിമര്‍ശനവും അനില്‍കുമാര്‍ ആവര്‍ത്തിച്ചു. താന്‍ അല്ലാതെ ജില്ലയില്‍നിന്ന് ആരും പാര്‍ലമെന്ററി രംഗത്ത് വരരുതെന്ന വാശിയാണ് കോര്‍പ്പറേഷന്‍, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തോല്‍വി സമ്മാനിച്ചത്. ഒരു എംഎല്‍എ അല്ലെങ്കില്‍ എംപി ഉണ്ടായാല്‍ പാര്‍ട്ടിയുടെ ആ പ്രദേശത്തെ സംഘടനയെ മുഴുവന്‍ അവരെ ഏല്‍പ്പിച്ചാല്‍ പാര്‍ട്ടിക്ക് എങ്ങനെയാണ് വളര്‍ച്ചയുണ്ടാവുകയെന്നും അനില്‍കുമാര്‍ ചോദിച്ചു.