സ്ത്രീകളുടെ വിവാഹ പ്രായം എത്രയാക്കണം?  അത് സ്ത്രീകള്‍ തീരുമാനിക്കട്ടെ
 

സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തിയ തീരുമാനത്തിലുള്ള വിവിധ പ്രതികരണങ്ങള്‍
 
 
marriage

20 വയസിനുള്ളില്‍ ആതിരയുടെ കല്യാണം നടത്തണം. അല്ലെങ്കില്‍ 31 വയസ് കഴിഞ്ഞാലേ വിവാഹത്തിന് സാധ്യത തോന്നുന്നുള്ളൂ. ജ്യോത്സന്‍ പറഞ്ഞ വിവരങ്ങള്‍ക്കൊപ്പം കുറച്ചു കല്യാണ ആലോചനകള്‍ കൂടി ആതിരയുടെ അച്ഛച്ഛന്‍ കൊണ്ട് വന്നിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു ആ സമയം ആതിര. കോളജ് വിട്ടു വീട്ടില്‍ എത്തിയ ആതിരക്കു പിന്നെ നടന്നതില്‍ ഒന്നും വലിയ റോള്‍ ഉണ്ടായിരുന്നില്ല. ആറു മാസത്തിനുള്ളില്‍  വിവാഹം ഉറപ്പിച്ചു. കല്യാണത്തിന് വേണ്ടിയുള്ളതെല്ലാം അച്ഛച്ഛന്‍ ചിലവാക്കാന്‍ തയ്യാറായിരുന്നതുകൊണ്ട് ആതിരയുടെ അച്ഛന് പോലും മകളുടെ വിവാഹകാര്യത്തില്‍ വലിയ തീരുമാനങ്ങള്‍  ഉണ്ടായിരുന്നില്ല. ഭാവിയിലെ  ജോലിയും, പഠിപ്പും ഒക്കെ ആതിരയുടെ ഇഷ്ട്ടം പോലെ എന്ന വാഗ്ദാനങ്ങളും ബിസിനസുകാരായ ചെറുക്കന്റെ വീട്ടുകാരില്‍ നിന്നും  ലഭിച്ചു. 

ഒന്നാം വര്‍ഷത്തെ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ ആതിരയുടെ കല്യാണം നടന്നു.  നല്ല കുടുംബം, മകളുടെ ഭാഗ്യമാണ് ഇതെന്ന്ു വീട്ടുകാരെല്ലാം ഏറ്റുപാടിയിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞപ്പോഴേക്കും മകള്‍  ജനിച്ചു. ഇതിനിടയില്‍ ആതിരയുടെ ബിരുദ പഠനം മുടങ്ങി. കൂടെ പഠിച്ചവര്‍ ഡിഗ്രിയും പിജി യും ചെയ്തു മുന്നേറിയപ്പോള്‍ ആതിരക്കു  പഠനത്തിനുള്ള അനുവാദം കുട്ടിയുടെ പേരില്‍ ഭര്‍ത്താവിന്റെ  വീട്ടുകാര്‍  നിഷേധിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ കുടുംബ ബിസിനസ് തകര്‍ന്നു. അതോടെ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. മദ്യപാനവും മര്‍ദ്ദനവും നിത്യ സംഭവങ്ങളായി മാറി. ആതിരയെ എന്തിനും സംശയക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക് വന്നു. എറണാകുളം സ്വദേശികളായ  ആതിരയും മകളും ഇപ്പോള്‍  സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വിവാഹമോചന കേസ് കോടതിയിലാണ്. 

'അന്ന് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ എന്റെ നല്ലതിനെ പറയൂ എന്ന ചിന്തയിലാണ്  വിവാഹത്തിന് സമ്മതിച്ചത്. ഇന്നും എനിക്ക് ബിരുദം  നേടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പുതിയ ഒരു കോഴ്സിന് പഠിക്കുന്നുണ്ട്. ഈ നിയമം അന്ന് വന്നിരുന്നെങ്കില്‍ ഒരു ബിരുദം എങ്കിലും ഞാന്‍ നേടി എടുത്തേനേ. എന്റെ മകളുടെ ജീവിതത്തിലെങ്കിലും മറ്റുള്ളവരുടെ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് എനിക്കുണ്ട്.' 

21 -ആം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമ്മുടെ കേരളത്തിലെ ഒരു പെണ്‍കുട്ടിയുടെ വാക്കുകളാണ് ഇത്. ഇവരുടെ ജീവിതത്തില്‍ ഈ സംഭവങ്ങളൊക്കെ അരങ്ങേറിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രം ആയിട്ടുള്ളൂ. സ്വന്തം താല്പര്യ പ്രകാരമല്ലാതെ സമ്മര്‍ദങ്ങളില്‍  വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടി വരുന്ന  പെണ്‍കുട്ടികള്‍ക്ക് മൂന്നു വര്‍ഷത്തെ സാവകാശം ലഭിക്കുമെങ്കില്‍ അതെങ്കിലും കിട്ടട്ടെ എന്ന ചിന്തയാണ് ഇവര്‍ക്കുള്ളത്. ജാതകവും ജ്യോത്സനും ചേര്‍ന്ന് പഠനവും പെണ്‍കുട്ടികളുടെ ഭാവിയും സമാധാനവും  തുലാസിലാക്കുന്ന കാഴ്ചകളില്‍ ഒന്നാണ് ആതിരയുടേതും . 

ഇഷ്ടമില്ലാത്ത വിവാഹം മാതാപിതാക്കള്‍ ഉറപ്പിച്ചതില്‍ മനംനൊന്ത് തമിഴ് നാട് ചെന്നൈ സ്വദേശിനിയായ 18 വയസ്സുകാരി ആത്മഹത്യ ചെയ്തതും  കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ്. ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന മോഹനപ്രിയ തന്റെ  സമ്മതമില്ലാതെ വിവാഹം ഉറപ്പിച്ചതിനു സ്വന്തം ജീവന്‍ തന്നെയാണ് ഉപേക്ഷിച്ചത്.

ഒരു വസ്ത്രം വാങ്ങുമ്പോഴോ, ചെരുപ്പ് വാങ്ങുമ്പോഴോ അഭിപ്രായം തേടുന്ന മാതാപിതാക്കള്‍ പലപ്പോഴും വിവാഹക്കാര്യം എത്തുമ്പോള്‍ വിശ്വാസങ്ങള്‍ക്കും സമൂഹത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കും പിന്നാലെ പായുന്ന കാഴ്ചകളാണ് പലപ്പോഴും മുന്നിലേക്കെത്തുന്നത്. മാതാപിതാക്കളോടുള്ള സ്‌നേഹത്തിന്റെയും വിധേയത്തിന്റെയും പേരില്‍ അവര്‍ പറയുന്നത് അനുസരിക്കാമെന്നു  കരുതുന്നവരും എതിര്‍ത്തിട്ടും രക്ഷയില്ലാത്ത അവസ്ഥയില്‍ വിവാഹത്തിന് സമ്മതിച്ചവരും നമുക്കിടയില്‍ ഉണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഒരു പെണ്‍കുട്ടിക്കു എത്രത്തോളം സ്വന്തം വിവാഹകാര്യത്തില്‍ ലഭിക്കുണ്ട് എന്നതിന്റെ നേര്‍ ഉദാഹരണങ്ങളായി മാറുന്നുണ്ട് ഇതുപോലുള്ള അനുഭവങ്ങള്‍.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്നും 21 വയസ്സിലേക്കു ഉയര്‍ത്തുന്ന ബില്ല് കേന്ദ്ര മന്ത്രി സഭ അംഗീകരിച്ച അവസരത്തില്‍ മാധ്യമങ്ങളില്‍ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനം തിങ്കളാഴ്ച തുടങ്ങാന്‍ ഇരിക്കെയാണ് ബില്‍ വിവാദമാകുന്നത്. വിവിധ പാര്‍ട്ടികള്‍ സ്വന്തം നിലപാടുകള്‍ അറിയിച്ചും മുന്നിലേക്ക് എത്തുന്നു.  ഈ അവസരങ്ങളില്‍ ഇതുപോലുള്ള സാധരണ പെണ്‍കുട്ടികളുടെ ജീവിത അനുഭവങ്ങള്‍ കൂടി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

1889 ലാണ് 10 വയസ്സുള്ള ഫുല്‍മണിയെ 30 കഴിഞ്ഞ ഹരിമോഹന്‍ മൈത്തി  ശൈശവ വിവാഹം നടത്തിയത്. ആദ്യ രാത്രിയിലെ  ബലാത്സംഗത്തില്‍ ഇടുപ്പെല്ല് ഒടിഞ്ഞു  രക്തം വാര്‍ന്നു ഫുല്‍മണി കൊല ചെയ്യപ്പെട്ടു. ശൈശവ വിവാഹ ബലാത്സംഗങ്ങളില്‍ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളില്‍ ഒരാള്‍ ആയിരുന്നു ഫുല്‍മണി . ഇതിനെത്തുടര്‍ന്ന് 1891 -ല്‍  ഏജ്  കണ്‍സെന്റ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കി, വിവാഹപ്രായം 12 ലേക്ക് ഉയര്‍ത്തി. അന്ന് ബില്ലിന് എതിരെ പന്തം കൊളുത്തി പ്രകടനം നടത്തിയ ഇരുപതിനായിരത്തിലധികം സനാതനധര്‍മ്മക്കാരില്‍ ഒരാള്‍ ബാല ഗംഗാധര്‍ തിലക് ആയിരുന്നു. ഹിന്ദു മതാചാരത്തില്‍ സര്‍ക്കാരിന്റെ കൈ കടത്തല്‍ എന്നാരോപിച്ചായിരുന്നു അന്ന് ബില്ലിന് എതിരെ ഉയര്‍ന്ന  മുദ്രാവാക്യങ്ങള്‍.

ബാലവിവാഹങ്ങള്‍ തടയാന്‍ 1929 സെപ്റ്റംബര്‍ 28 നു  ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമം കൊണ്ട് വന്നിരുന്നു. ശാരദ ആക്ട് എന്ന് കൂടി പേരുള്ള ഈ നിയമ പ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 14 ഉം ആണ്‍കുട്ടികളുടേത് 18 ഉം ആക്കി ഉയര്‍ത്തി. 1947 ല്‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയി ഉയര്‍ത്തുന്ന നടപടിയും ഉണ്ടായി. 1978 ല്‍ ബാലവിവാഹം  തടയുന്നതിനു നിയമം വീണ്ടും ഭേദഗതി ചെയ്യുകയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18  ഉം  ആണ്‍ കുട്ടികളുടെ വിവാഹപ്രായം 21 ഉം ആയി നിശ്ചയിച്ചു. 2006 ല്‍  ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്നു. ശൈശവ വിവാഹങ്ങളും, അതിനെത്തുടര്‍ന്ന് ശാരീരികവും മാനസികവുമായി തകര്‍ന്ന  പെണ്‍കുട്ടികളും വര്‍ധിച്ച  സാഹചര്യങ്ങള്‍ വന്നപ്പോഴാണ് വിവാഹത്തിന് പ്രായ പരിധികള്‍ പല ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയത്. പെണ്‍കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ആയിരുന്നു ഈ തീരുമാനങ്ങളിലൂടെ ലക്ഷ്യമിട്ടിരുന്നത്.

അവകാശം ബില്ലിലൂടെ നിഷേധിക്കപ്പെടുന്നു   

ഈ വിഷയത്തില്‍ ആതിരയുടെ നിലപാടില്‍ നിന്നും വളരെ വ്യത്യസ്തമായ നിലപാടാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം പാലക്കാട്  ലീഗല്‍ കൗണ്‍സിലര്‍ അഡ്വക്കേറ്റ്  സാഹിറക്കുള്ളത്.
 
'ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോള്‍  അതിനു വേണ്ടിയുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്. ബയോളജിക്കല്‍ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പല കുറ്റ കൃത്യങ്ങളും വര്‍ധിച്ചു വരുന്നത്. എന്റെ അഭിപ്രായത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കല്യാണ പ്രായം 18 വയസ്സിലേക്കു ചുരുക്കണം. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നതനുസരിച്ചു 18 വയസ്സില്‍ താഴെയുള്ളവരെയാണ് കുട്ടികളുടെ നിര്‍വചനത്തില്‍ വരുന്നത്. 18 വയസില്‍ താഴെ ഉള്ളവരുടെ കല്യാണം നിരോധിക്കാവുന്നതാണ്. എന്നാല്‍ 18 വയസ് കഴിയുമ്പോള്‍ ഒരു വ്യക്തിക്ക് വോട്ട് അവകാശം ലഭിക്കുന്നുണ്ട്. വണ്ടി ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നുണ്ട്. പിന്നെ ആ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനു നിയമം തടസം നില്‍ക്കുന്നത് എന്തിനു വേണ്ടിയാണ്? നിയമ പരിഷ്‌കരണങ്ങള്‍ നടത്തുകയാണെങ്കില്‍ അത് എല്ലാ കാര്യങ്ങളിലും നടത്തണം. കോണ്‍സ്റ്റിറ്റിയൂഷന്‍ നല്‍കുന്ന ഒരു അവകാശത്തെയാണ് ഈ ബില്ലിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

ചില ലീഗല്‍  കേസുകളില്‍ എനിക്ക് സംസാരിക്കേണ്ടി വന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പറയുന്നത് അവരുടെ  ശാരീരികമായ ആവശ്യങ്ങളെക്കുറിച്ചാണ്. ഇതില്‍ 19 വയസ്സുള്ള ആണ്‍കുട്ടികളും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും ഉള്‍പ്പെടും. അവരുടെയൊക്കെ ആവശ്യങ്ങള്‍ക്കു വഴിയില്ലാത്തതു കൊണ്ടാണ് പല തെറ്റുകളിലേക്കും എത്തി ചേരുന്നത്. നിയമ പ്രശ്‌നങ്ങള്‍ മൂലം ഈ രീതിയില്‍ ബുദ്ധിമുട്ടുന്ന വലിയ നിലയിലുള്ള നിരവധി കുടുംബങ്ങളുണ്ട്. പ്ലസ് ടു  കഴിയുമ്പോള്‍ തന്നെ ബിസിനസ് നടത്തി നല്ല വരുമാനം ലഭിക്കുന്ന ആണ്‍ കുട്ടികള്‍ നമുക്കിടയില്‍ ഉണ്ട്. പല ചതികുഴികളിലേക്കും പോകുന്നതിനേക്കാള്‍ നല്ലതു എല്ലാവരുടെയും സമ്മതത്തോടെയും സന്തോഷത്തിലും നടത്തുന്ന വിവാഹങ്ങള്‍ അല്ലെ?

വിദ്യാഭ്യാസം നേടുന്നതിലാണ് മെച്യുരിറ്റി ലഭിക്കുന്നത് എങ്കില്‍ വിസ്മയ ഒരു ആയുവേദ ഡോക്ടര്‍ ആയിരുന്നല്ലോ. എന്നിട്ടു ആ കുട്ടി എന്തുകൊണ്ട് ആത്മഹത്യ ചെയ്തു? വയസ്സില്ലാത്തതുകൊണ്ടോ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടോ ആയിരുന്നില്ലലോ അത്. അതുപോലെ തന്നെ എനിക്ക് അറിയുന്ന ഒരു കേസില്‍ ഒരു പെണ്‍കുട്ടി ചതിയില്‍ പെട്ടത് അവളുടെ 24 -ആമത്തെ വയസ്സിലാണ്. അതില്‍ എവിടെയാണ് ആ കുട്ടിക്ക് മെച്യുരിറ്റി  വന്നത്.

18 വയസ്സില്‍ നിന്നു 21  വയസ്സിലേക്കു മാറ്റത്തിനുള്ള നിയമം വരുമ്പോള്‍ പോക്‌സോ കേസുകളുടെ എണ്ണം കൂടുകയാണ് ചെയ്യാന്‍ പോകുന്നത്. അവരുടെ ഭാവിയാണ് ഇല്ലാതാകാന്‍ പോകുന്നത്. അതുപോലെ നിയമത്തിന്റെ കുരുക്കില്‍ നിരവധി കുട്ടികളുടെ ഭാവിയും ജീവിതവുമാണ് ഇല്ലാതാവാന്‍ പോകുന്നത്.'

എതിര്‍പ്പിന്റെ പാര്‍ട്ടി  സ്വരങ്ങള്‍ 

ബില്ലിന് എതിരെ മുസ്ലിം ലീഗ് ആയിരുന്നു ആദ്യം എതിര്‍പ്പുമായി രംഗത്തു എത്തിയത്. പിന്നീട് സി പി ഐ, സിപിഎം, കോണ്‍ഗ്രസ്സ് പാര്‍ട്ടികളും വിവാഹപ്രായം ഉയര്‍ത്തുന്നതിന് എതിരെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിരുന്നു.

സിപിഐയുടെ മഹിളാ വിഭാഗമായ ദേശീയ മഹിള ഫെഡറേഷന്‍ ബില്ലിനോടുള്ള വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. സ്ത്രീകളുടെ സ്വയം തിരഞ്ഞെടുപ്പിനുള്ള ഭരണഘടനാ അവകാശത്തെ നിയമം തീര്‍ച്ചയായും ബാധിക്കും. നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കാത്തതാണ് സ്ത്രീശാക്തീകരണത്തിനു തടസമായി നില്‍ക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമം നിലവിലുണ്ടെങ്കിലും രാജ്യത്ത് 23 ശതമാനത്തോളം പെണ്‍കുട്ടികളും 18 വയസ്സിനു മുമ്പേ വിവാഹിതരാകുന്നുണ്ട്. ജനസംഖ്യ നിയന്ത്രണത്തിനുള്ള മാര്‍ഗമായി വിവാഹപ്രായം ഉയര്‍ത്തല്‍ സ്വീകരിക്കപ്പെടുമ്പോള്‍ പ്രത്യേക സമുദായത്തെയും സമൂഹത്തിലെ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജനങ്ങളെയും ലക്ഷ്യം വെക്കുന്നതാവുമെന്നും അവര്‍ ആരോപിക്കുന്നു.

സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടും ഈ വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്. വിവാഹപ്രായം ഉയര്‍ത്തുന്നത്  സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമായിട്ടാണ് അവര്‍ വ്യക്തമാക്കുന്നത്. വിവാഹപ്രായം ഉയര്‍ത്തുന്നതിന് പകരം സ്ത്രീകള്‍ക്ക് പഠിക്കാനും പോഷകാഹാരം ഉറപ്പാക്കുന്നതിനുമുള്ള നടപടികളാണ് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടത് എന്നും അവര്‍ ആരോപിക്കുന്നു.

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു. മുസ്ലിം വ്യക്തി നിയമത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്നും അവര്‍ പറയുന്നുണ്ട് .
 
വിവാഹപ്രായം ഉയര്‍ത്തുന്ന ബി ജെ പി സര്‍ക്കാരിന് ഗൂഢമായ ഉദ്ദേശമാണെന്നു കോണ്‍ഗ്രസ്സും ആരോപിക്കുന്നുണ്ട്. ബില്ലിനെക്കുറിച്ചുള്ള വിശദമായ പ്രതികരണം കോണ്‍ഗ്രസ് മറ്റു കക്ഷികളോടുള്ള കൂടിയാലോചനകള്‍ക്കു ശേഷം അറിയിക്കാനാണ് ഇരിക്കുന്നത്.

പരാജയപ്പെടുന്ന ശൈശവ വിവാഹ നിരോധന നിയമങ്ങള്‍ 

ശൈശവ വിവാഹം നിയമവിരുദ്ധമാണെങ്കിലും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കുകള്‍ അനുസരിച്ചു 2020 -ല്‍  ഇന്ത്യയില്‍ ശൈശവ വിവാഹം 50 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ശാരീരികവും മാനസികവും ബൗദ്ധികവുമായ പക്വത കൈവരിക്കുന്നതിനു മുമ്പ് നടത്തപെടുന്ന ഇത്തരം വിവാഹങ്ങള്‍ പെണ്‍കുട്ടികളെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെ എത്തിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ 17 വയസ്സു ള്ളള്ള ആണ്‍കുട്ടിയുടെയും 16 വയസ്സുള്ള പെണ്‍കുട്ടിയുടെയും വിവാഹം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് നടന്നത് ദിവസങ്ങള്‍ മുന്‍പാണ്. രാജസ്ഥാനില്‍ നടന്ന മൂന്നു ശൈശവ വിവാഹങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത ആയതും കഴിഞ്ഞ ദിവസങ്ങളിലാണ്. രാജസ്ഥാനിലെ ഭില്‍വാരയില്‍ നിന്നുള്ള ശൈശവ വിവാഹത്തിന്റെ വീഡിയൊ ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍  പുറത്തു വന്നിരുന്നു.10 നും 12 നും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളാണ് വീഡിയൊയില്‍ പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുന്നത്.    

ഇന്ത്യയിലെ ഹിന്ദുക്കളില്‍ 31.3 ശതമാനം സ്ത്രീകളും മുസ്ലിങ്ങളിലെ 30. 6 ശതമാനം സ്ത്രീകളും വിവാഹിതരായത് 17 വയസ്സിനു മുമ്പാണെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സെന്‍സെസ് രേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍ ബാലവിവാഹങ്ങളില്‍ ഹിന്ദുക്കളില്‍ ബാലവിവാഹം കുറഞ്ഞു വരുന്നതായും രേഖകളില്‍ പറയുന്നുണ്ട്. 2001 -2011 കാലയളവില്‍ ഹിന്ദുക്കളില്‍ 20 ശതമാനായി കുറഞ്ഞു എന്നും രേഖകള്‍ പറയുന്നു.

പെണ്‍കുട്ടികള്‍ കെട്ടിച്ചുവിടേണ്ടവര്‍ മാത്രമാണെന്ന ചിന്തയില്‍ ജീവിക്കുന്ന സമൂഹത്തില്‍ ഈ തീരുമാനം എത്രത്തോളം പ്രയോജനം നല്‍കും?

 പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അവരുടെ കല്യാണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. വിവാഹം കഴിപ്പിച്ചു അയക്കുന്നത് വരെ മനസ്സമാധാനം ഇല്ലാത്തവര്‍ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്.

പത്താം ക്ലാസ്സില്‍  പഠിക്കുന്ന കൊച്ചുമകളുടെ കല്യാണം മുന്നില്‍ക്കണ്ട് ഭൂമി വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന സ്വന്തം പിതാവിനെക്കുറിച്ചു  അവരുടെ മകള്‍ തന്നെയാണ് പറഞ്ഞത്. 'പണ്ട് എന്നെ കെട്ടിക്കാന്‍ വേണ്ടി തിരക്കു കൂട്ടിയത് പോലെ ഇന്ന് കൊച്ചു മകളെ കെട്ടിക്കാനും തിരക്കു കൂട്ടുന്നുണ്ട്. 19 -ആമത്തെ വയസിലായിരുന്നു എന്റെ വിവാഹം. അന്ന് കല്യാണം തീരുമാനിച്ച സമയത്തു കുറേ കരഞ്ഞിരുന്നു. ഇപ്പോ കൊച്ചുമകളുടെ വിവാഹത്തിന് വേണ്ടി ഭൂമി കൊടുക്കുന്നതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് പപ്പ. അവളെ ദൂരെയൊന്നും പഠിപ്പിക്കാന്‍ വിടാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. വീട്ടില്‍ നിന്ന്  വരാവുന്ന ദൂരത്തിലേക്കേ വിടാവൂ. ടൂര്‍ ഒന്നും വിടാന്‍ പാടില്ല. പിന്നെ പഠനം നോക്കി നില്‍ക്കേണ്ട കാര്യം ഒന്നും ഇല്ല. കൈവിട്ടു പോയാല്‍ പിന്നെ വീട്ടുകാര്‍ വിഷമിച്ചിട്ടു കാര്യമില്ല. ഇതൊക്കെ പറഞ്ഞു ഭര്‍ത്താവിനെ ഉപദേശിക്കലാണ് പപ്പയുടെ ഇപ്പോഴത്തെ ഒരു ജോലി'. ഇപ്പോള്‍ വീട്ടില്‍ നടക്കുന്ന പല കലഹങ്ങള്‍ക്കും പ്രധാന കാരണം പപ്പ കൊച്ചുമകളുടെ വിവാഹത്തില്‍ നടത്തുന്ന ആവശ്യമില്ലാത്ത ഇടപെടലുകള്‍ ആണ്. കൂടുതല്‍ പഠിപ്പിച്ചാല്‍  കുട്ടികളും ദൂരെ പഠിപ്പിക്കാന്‍ വിട്ടവരും ഒക്കെ വഴി തെറ്റി പോകുമെന്ന ഉദാഹരണങ്ങള്‍ കൊച്ചുമോളോടും പറഞ്ഞുകൊണ്ടിരിക്കും.

' ഈ ബില്ല് വന്നാല്‍ നിയമത്തെ പേടിച്ചെങ്കിലും കുറേ പെണ്‍കുട്ടികള്‍ക്ക്  വിവാഹ സമയം  21 വയസ്സുവരെ നീട്ടിക്കിട്ടും.പിന്നെ അത്രയും നാളെങ്കിലും ഈ കുട്ടികള്‍ സമാധാനത്തില്‍ ജീവിക്കട്ടെ.' എറണാകുളം സ്വദേശിനിയായ യുവതി പറയുന്നു. പെണ്‍കുട്ടികള്‍ എന്നാല്‍ കെട്ടിച്ചു വിട്ടേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരും മാത്രമാണെന്ന ചിന്തയാണ് ഈ യുവതിയുടെ പിതാവിനുള്ളതെന്നും യുവതി വ്യക്തമാക്കുന്നു.

സദാചാരത്തിന്റെ ആങ്ങളമാരും അമ്മാവന്മാരും  

പെങ്ങളെക്കുറിച്ചു നാട്ടുകാര്‍ നല്ലതു പറയണമെന്ന് നിര്‍ബന്ധമുള്ള കലിപ്പന്മാരായ ആങ്ങളമാര്‍ക്കിടയില്‍ ഇന്നും പല പെണ്‍കുട്ടികളും  ജീവിക്കുന്നുണ്ട്. 'ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന കോളജില്‍ പഠിക്കാന്‍ വിട്ടാല്‍ ആങ്ങളമാര്‍ക്കു സമാധാനത്തില്‍ വീട്ടില്‍ ഇരിക്കാന്‍ പറ്റില്ല. നിന്റെ കല്യാണം കഴിഞ്ഞിട്ട് നിന്റെ ഭര്‍ത്താവിന് സമ്മതം ആണെങ്കില്‍, നീ  ഇഷ്ടമുള്ള കോളേജിലോ ഇഷ്ടമുള്ള രാജ്യത്തോ  പോയി പഠിച്ചോ.  ഇപ്പൊ നീ ഞങ്ങള്‍ പറയുന്നതു കേട്ടാല്‍ മതി'- മിക്‌സഡ് കോളജില്‍ പഠിക്കാന്‍  പോലും അനുവാദം നല്‍കാത്ത  തന്റെ സഹോദരനെക്കുറിച്ചു ഒരു പെണ്‍കുട്ടിയുടെ വാക്കുകളാണ് ഇത്.

'വീട്ടില്‍ അച്ഛനെയും അമ്മയെക്കാളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ചേട്ടനാണ്. കല്യാണം കഴിപ്പിച്ചു അയച്ചു കഴിഞ്ഞാല്‍ വീട്ടുകാരുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്നാണ് ചേട്ടന്റെ അഭിപ്രായം. നല്ലൊരു ബന്ധം ഒത്തു വന്നാല്‍ കെട്ടിച്ചു വിടും എന്നൊക്കെ പറയും. വിവാഹപ്രായം  21 വയസ്സാക്കുന്നത് നല്ലതാണു എന്നാണ് എനിക്കും തോന്നുന്നത്.'

കോളജില്‍ പ്രേമം ഉണ്ടെന്നു കണ്ടുപിടിക്കപ്പെടുന്നതോടെ പഠിപ്പും നിര്‍ത്തിന്നതും വീട്ടില്‍ ബഹളം ഉണ്ടാകുന്നതും കല്യാണം വേറെ അന്വേഷിക്കുന്നതുമായ  സിനിമ സന്ദര്‍ഭങ്ങള്‍  സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതങ്ങളിലും ഇതൊക്കെ നിത്യമാണ്. ആലുവ സ്വദേശിനിയായ യുവതിക്ക് തന്റെ പഠനം അവസാനിപ്പിച്ച് പെട്ടെന്നൊരു കല്യാണത്തിലേക്കു പോയത് ബിരുദ പഠന സമയത്തായിരുന്നു. കോളജില്‍ ഒരു പയ്യനുമായി പെണ്‍കുട്ടി ഇഷ്ട്ടത്തിലാണെന്ന വിവരം ചില  അമ്മാവന്മാര്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വീട്ടുകാരുടെ പെട്ടെന്നുള്ള തീരുമാനങ്ങള്‍.

21 ല്‍ വിവാഹം കഴിക്കാം എന്നാണോ?

21 വയസ്സില്‍ വിവാഹം എന്നതിനേക്കാള്‍ സ്വന്തം കാലില്‍ നിന്നിട്ടുള്ള വിവാഹം എന്ന് അഭിപ്രായപ്പെടുന്നവരാണ് നമുക്കിടയില്‍ ഉള്ളത്.

'ഞാന്‍ കല്യാണം കഴിച്ചത് എന്റെ 22 -ആമത്തെ  വയസ്സിലാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങള്‍ കേട്ട് മടുത്തപ്പോ സമ്മതിക്കേണ്ടി വന്നതായിരുന്നു. അന്ന് എനിക്ക് ജോലിയൊന്നും ലഭിച്ചിട്ടില്ലായിരുന്നു. കല്യാണം കഴിഞ്ഞും ജോലിയൊക്കെ അന്വേഷിക്കാം എന്നൊക്കെ എല്ലാരും പറയും. വിവാഹം പെണ്‍കുട്ടികളുടെ തലയില്‍ നല്‍കുന്നത്  വലിയ ഉത്തരവാദിത്തം തന്നെയാണ്. ഞാന്‍ പറയുക ആണെങ്കില്‍ സ്വയം ഒരു ജോലിയൊക്കെ വാങ്ങി സെറ്റില്‍ ആയി എന്ന് തോന്നിയിട്ട് മതി കല്യാണമൊക്കെ. അതിനു മുമ്പ് കല്യാണത്തിലേക്കു എടുത്തു ചാടുന്നത് മണ്ടത്തരം തന്നെയാണ്'- പെരുമ്പാവൂര്‍ സ്വദേശിനിനിയായ എഞ്ചിനീയറിംഗ് ബിരുദധാരിയുടേതാണ് ഈ വാക്കുകള്‍. വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമായ യുവതിക്ക് ഇപ്പോഴും ഒരു ജോലി ലഭിച്ചിട്ടില്ല.

സ്വയം തയ്യാറാകുന്ന സമയത്താണ് വിവാഹം വേണ്ടത് എന്ന് ചിന്തിക്കുന്ന യുവതിയുടെ അഭിപ്രായവും ശ്രദ്ധേയമാണ്. 'എന്റെ പഠനമൊക്കെ കഴിഞ്ഞു വിദേശത്തു പോകാനുള്ള തീരുമാനങ്ങളില്‍ നിന്ന സമയം. അന്ന് നാട്ടില്‍ ഒരു ആശുപത്രിയില്‍ ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ബന്ധുക്കളോ നാട്ടുകാരോ പള്ളിയിലെ വികാരിയോ വീട്ടിലേക്കു വരുന്നുണ്ട് എന്ന് അറിഞ്ഞാല്‍, ആ ദിവസം കൃത്യമായി ഡ്യൂട്ടി എടുത്തു മുങ്ങുന്നതായിരുന്നു എന്റെ പരിപാടി. വയസ്സ് ഇത്ര ആയല്ലോ, വിദേശത്തു ജോലിയുള്ള ആളെ കെട്ടിയാല്‍ അയാള്‍ കൊണ്ട് പോയിക്കോളുമല്ലോ എന്ന് തുടങ്ങുന്ന നൂറുപദേശങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് മുങ്ങി നടന്നതായിരുന്നു ആ സമയം. ഒരു പെണ്‍കുട്ടി ജീവിതത്തില്‍ സെറ്റില്‍ ആയി സ്വന്തം ആയി ഇനി ഒരു പങ്കാളി ആവാം എന്ന് തോന്നുമ്പോള്‍ മാത്രം സ്വയം എടുക്കേണ്ട തീരുമാനമാണ് വിവാഹം.' വിദേശത്തു ഇപ്പോള്‍ ജോലി ചെയ്യുന്ന ഒരു നഴ്സിന്റേതാണ് ഈ വാക്കുകള്‍. സമൂഹത്തില്‍ വിവാഹം നടത്തുന്നതിനു വേണ്ടി ഓരോ പെണ്‍കുട്ടിയിലും എത്ര  മാത്രം സമ്മര്‍ദ്ദങ്ങള്‍ നല്‍കുന്നു എന്നതിന് ഉദാഹരണമാണ് ഇതും.

എറണാകുളം സ്വദേശിനിയായ യുവതിയുടെ മാതാവിന് പറയാനുള്ളത് മകളെ ജോലിക്ക് അപേക്ഷിക്കാന്‍ പോലും സമ്മതിക്കാതിരുന്ന മകളുടെ ഭര്‍തൃവീട്ടുകാരെക്കുറിച്ചു ആയിരുന്നു. 'വിവാഹം നടക്കുന്നതിനു മുമ്പ് എല്ലാം നല്ലതാണ് എന്നൊക്കെ തോന്നിപ്പിക്കുന്ന പല ഇടങ്ങളിലും ജീവിക്കാന്‍ ചെല്ലുമ്പോഴാണ് യഥാര്‍ത്ഥ അവസ്ഥ മനസ്സിലാവുന്നത്. കല്യാണം കഴിഞ്ഞിട്ട് എന്റെ മകള്‍ക്കു ഒരു ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം പോലും നല്‍കാത്തവര്‍ ആയിരുന്നു അവളുടെ ഭര്‍തൃവീട്ടുകാര്‍. ഒരു സംശയ രോഗി ആയിരുന്നു അവളുടെ ഭര്‍ത്താവ്. നല്ലൊരു ജോലിയില്‍ എത്തിച്ചേരേണ്ട സമയം അവളുടെ ഭര്‍തൃവീട്ടുകാര്‍ ചേര്‍ന്നാണ് ഇല്ലാതാക്കിയത്. ഗാര്‍ഹിക പീഡനവും ഭര്‍തൃപീഡനവും അവള്‍ക്കു അനുഭവിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരമാണ് വേണ്ടത്'. കല്യാണം കഴിഞ്ഞും ജോലിയൊക്കെ കിട്ടും എന്ന പ്രതീക്ഷയില്‍ ആയിരിക്കരുത് അവളുടെ ജീവിതം എത്തിക്കേണ്ടത് എന്ന് ഈ മാതാവിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.


21 വയസ് വരെയെങ്കിലും സ്വാതന്ത്ര്യം ലഭിക്കട്ടെ 
 
21 വയസ്സിലേക്കു പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചു സാധരണ വിദ്യാര്‍ത്ഥിനികളുടെയും വീട്ടമ്മമാരുടെയും ഇടയില്‍ വന്‍ സ്വീകാര്യത ഉള്ളതായിട്ടാണ് അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

'ജാതകം പ്രശ്‌നങ്ങള്‍ പറഞ്ഞു 18 വയസ് ആകുമ്പോഴേക്കും കല്യാണം നടത്താന്‍ സമ്മതിക്കേണ്ടി വരുന്ന പല പെണ്‍കുട്ടികള്‍ക്കും ഇത് പ്രയോജനം ചെയ്യും. പല പെണ്‍കുട്ടികള്‍ക്കും പഠിക്കുന്ന സമയത്ത് ഇത് പോലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. കൃത്യം 18  വയസ് തികയുമ്പോ വിവാഹം നടത്തപ്പെടുന്ന ഇവരില്‍ പലര്‍ക്കും പിന്നെ ചുമതലകള്‍ കൂടി വന്നു കൊണ്ടിരിക്കും. കല്യാണം കഴിഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടിയൊക്കെ ജനിക്കുന്നതോടെ ഇവരില്‍ പലരുടെയും പഠന നിലവാരവും ഇല്ലാതാവും-'എറണാകുളം  സ്വദേശിനിയായ ഐ ടി പ്രൊഫഷണല്‍ രാധികയുടേതാണ് ഈ വാക്കുകള്‍.

ഇതേ അഭിപ്രായം തന്നെയാണ് കോഴിക്കോട് സ്വദേശിനിയായ റംസി എന്ന വിദ്യാര്‍ത്ഥിനിക്കും. 'പല പെണ്‍കുട്ടികള്‍ക്കും ജാതക പ്രശ്‌നങ്ങളുടെ പേരില്‍ 18 വയസ്സിനു മുമ്പ് തന്നെ വിവാഹത്തിനുള്ള അന്വേഷണങ്ങള്‍ തുടങ്ങുന്ന പതിവ് പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. കൃത്യം 18  വയസിലേക്കു എത്തുമ്പോള്‍ തന്നെ വിവാഹം നടത്തുന്നതിന്  വേണ്ടിയാണു അതൊക്കെ ചെയ്യുന്നത്. കോഴിക്കോടൊക്കെ അതുപോലുള്ള നിരവധി സംഭവങ്ങള്‍ ഉണ്ട്. അവര്‍ക്കെല്ലാം ഇനി ഒരു ബിരുദം എടുക്കുന്നതിനു സമയം ലഭിക്കും. നല്ലതാണു ഈ തീരുമാനം' 

പെണ്‍കുട്ടികളുടെ പ്രായം ഉയര്‍ന്നു തന്നെ നില്‍ക്കണമെന്ന അഭിപ്രായമാണ് എറണാകുളം സ്വദേശിനി രാജി എന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥക്കുള്ളത്. 'വിവാഹത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഉള്ളതിനേക്കാള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ പലപ്പോഴും ഏല്‍ക്കേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ക്കാണ്. 21 വയസ് ആണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സമയത്തു  പെണ്കുട്ടികളുടെത് 18 വയസ്സില്‍ നിലനിര്‍ത്തേണ്ട കാര്യമില്ല. സത്യത്തില്‍ ഇപ്പോള്‍ നടക്കുന്ന പല പ്രശസ്ത വിവാഹങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ആണ്‍ കുട്ടികളേക്കാള്‍ പ്രായമുണ്ട്. വിവാഹപ്രായം 21 ലേക്ക് എത്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.' 

തീരുമാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നാണ് കോഴിക്കോട് സ്വദേശിനിയായ സൈക്കോളജി വിദ്യാര്‍ത്ഥിനിയുടേത്. '18 വയസ്സില്‍ ഉണ്ടായിരുന്ന കാഴ്ചപ്പാടുകളും ചിന്തകളും 21 ലേക്കെത്തുമ്പോള്‍ മെച്ചപ്പെടുമെന്നാണ് എന്റെ  അനുഭവം. അന്ന് ചിന്തിച്ചിരുന്ന പല കാര്യങ്ങളും മണ്ടത്തരങ്ങളായിരുന്നു എന്ന് 21 വയസ്സില്‍ എനിക്ക് മനസ്സിലായി. ഇതുപോലുള്ള അനുഭവം മറ്റു പലര്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ വിവാഹ പ്രായം ഉയര്‍ത്തുന്നത് കുട്ടികളില്‍ നല്ല തീരുമാനങ്ങളിലേക്കു നയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്, 18 വയസില്‍ ഉണ്ടാകുന്ന പല എടുത്തു ചാട്ടങ്ങളും 21 ലേക്ക് എത്തുമ്പോള്‍ കുറെയൊക്കെ ഭേദപ്പെടുമെന്നു തോന്നുന്നു.'

ഇനിയെങ്ങോട്ട് 

'നിന്റെ ഈ പ്രായത്തില്‍ എന്റെ ഇളയ കൊച്ചിന് അഞ്ചു വയസ്സ് കഴിഞ്ഞിരുന്നു. മൂക്കില്‍ പല്ലു മുളച്ചിട്ടും കെട്ടാതെ നടന്നോ. നിനക്ക് പഠിച്ചു മതിയായില്ലേ, ഇനി എന്ത്  പഠിക്കാനാണ്?  നല്ല പ്രായത്തില്‍ കെട്ടിയില്ലെങ്കില്‍ പിന്നെ മക്കളെ ഒരു നിലയില്‍ എത്തിക്കാനുള്ള സമയമൊന്നും ലഭിക്കില്ല. നല്ല പ്രായത്തില്‍ കെട്ടിയില്ലെങ്കില്‍ ഒന്നിനും കൊള്ളാത്ത അവസ്ഥ ആവും, ആരും തിരിഞ്ഞു നോക്കില്ല' ചെറിയ പ്രായത്തില്‍  കല്യാണം കഴിച്ച അമ്മായിമാരും അമ്മാവന്മാരും ഇതുപോലുള്ള  ഉപദേശങ്ങളും മുന്നറിയിപ്പുകളുമായി സമൂഹത്തില്‍ സജീവമാണ്. ജീവിതത്തില്‍ അവര്‍ വിഷമിച്ചതുപോലെ ബുദ്ധിമുട്ടരുത് എന്ന് ചിന്തിക്കുന്ന അപൂര്‍വം ചില മുത്തശ്ശിമാരും നമ്മുടെ സമൂഹത്തിലുണ്ട്. 'പഠിച്ചു  ഒരു ജോലിയൊക്കെ വാങ്ങണം കേട്ടോ. എനിക്കൊന്നും വാങ്ങിത്തരാന്‍ വേണ്ടി അല്ല. സ്വന്തവുമായി വരുമാനം ഒന്നും ഇല്ലെങ്കില്‍ ജീവിതത്തില്‍ ആരും വില കല്പിക്കില്ല' എന്ന ഉപദേശങ്ങള്‍ ജീവിതത്തില്‍ നിന്നും അവരും പറയുന്നുണ്ട്.

18 വയസ്സിനുള്ളിലുള്ള വിവാഹങ്ങള്‍ നിയമപരമായി നിരോധിച്ച അവസ്ഥയിലും കേരളത്തില്‍ ഉള്‍പ്പടെ നിരവധി ശൈശവ വിവാഹങ്ങള്‍ വിവിധ സമൂഹങ്ങളില്‍ അധികമായി നടന്നു പോകുന്നു. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിക്കുന്നതിന് ആത്മഹത്യ ചെയ്യുന്നവരും, ഭര്‍തൃവീട്ടിലെ പീഡനം മൂലം ആത്മഹത്യ ചെയ്തവരും കുറവല്ല. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലം നഫല എന്ന പെണ്‍കുട്ടി തന്റെ  19 ആമത്തെ വയസ്സിലാണ് ജീവിതം അവസാനിപ്പിച്ചത്. കൗമാരക്കാലത്തില്‍ നിന്നും ആ പെണ്‍കുട്ടിയും പിന്നിട്ടിരുന്നില്ല. സ്ത്രീപീഡനവും, സ്ത്രീധന പീഡനവും, ഭര്‍തൃപീഡനവുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

ഈ അവസരത്തില്‍ വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ സ്വദേശിനി സേറയുടെ വാക്കുകള്‍ കൂടി നമുക്ക് ശ്രദ്ധേയമായി മാറുന്നു' ഋതുമതിയായാല്‍ കല്യാണം കഴിപ്പിച്ചയക്കാം എന്ന് ചിന്തിച്ചിരുന്ന പിന്‍തലമുറക്കാര്‍ നമുക്കെല്ലാവര്‍ക്കും ഉണ്ട്. അതില്‍ നിന്നൊക്കെ ഇത്രയും പുരോഗതിയൊക്കെ ലഭിച്ചത് നിയമങ്ങളിലൂടെ തന്നെയാണ്. പുതിയ നിയമവും  ആ രീതിയില്‍ നോക്കുമ്പോള്‍ നല്ലതാണു. കാരണം വിവാഹത്തില്‍ നിന്ന് ഏതെങ്കിലും ഒരു അവസ്ഥയില്‍ പെണ്‍കുട്ടി ഒറ്റയ്ക്ക് ആയി പോകുന്ന അവസ്ഥ എത്തിയാലും അവള്‍ക്ക് നല്ല ഒരു ജോലിക്ക് ശ്രമിക്കാനുള്ള വിദ്യാഭ്യാസം എങ്കിലും ഒപ്പം ഉണ്ടാകുമല്ലോ. പക്ഷെ ഈ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ശക്തമായ നടപടികളും ഉണ്ടാകണം. പിന്നെ ഇത് പുരോഗതി എന്ന് പറയാമെങ്കിലും ശരിക്കും പുരോഗതി വരണമെങ്കില്‍ വിവാഹത്തിന് വേണ്ടി നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന സമൂഹം തന്നെ മാറാന്‍ തയ്യാറാവണം. എല്ലാവര്‍ക്കും അവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള സ്പേസ് കൊടുക്കാനുള്ള ചിന്ത എല്ലാവരിലും എത്തണം. എന്റെ  ഒപ്പം പഠിക്കുന്ന പലര്‍ക്കും ഈ ചിന്തകള്‍ തന്നെയാണുള്ളത്'- പുതിയ തലമുറയിലുള്ളവരുടെ ചിന്തകളാണ് സേറ വ്യക്തമാക്കിയത്.  

 വിവാഹപ്രായം ഉയര്‍ത്തുന്നതിലെ വിവിധ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്തമാധ്യമങ്ങളിലും പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. സമ്മതിച്ചാലും ഇല്ലെങ്കിലും വീട്ടുകാരുടെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികളില്‍ നിന്നും സ്വന്തം അഭിപ്രായങ്ങള്‍ എല്ലാവരുടെയും മുന്നില്‍ അറിയിക്കാന്‍ കരുത്തുള്ള സ്ത്രീകളാണ് സമൂഹത്തില്‍ വേണ്ടത്.