'ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്'

ഹലാല്‍ വിവാദത്തില്‍ ഹോട്ടല്‍ ഉടമകള്‍ പ്രതികരിക്കുന്നു
 
 
halal food

' ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം പേരാണ്, ആത്മഹത്യ ചെയതത്. അതിന്റെ ഇരട്ടിയിലേറെ പേര്‍ ആത്മഹത്യയുടെ വക്കിലാണ്. ആകെ തകര്‍ന്നു പോയിടത്തു നിന്നും വീണ്ടും പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ, ഇനിയും ഞങ്ങളെ തകര്‍ക്കരുത്'- ഹലാല്‍ വിവാദം മുറുകുമ്പോള്‍ കണ്ണൂരിലെ ബോംബെ ഹോട്ടല്‍ ഉടമയും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍(കെഎച്ച്ആര്‍എ) ട്രഷററുമായ ബാലകൃഷ്ണ പൊതുവാള്‍ അപേക്ഷിക്കുകയാണ്. ലോക് ഡൗണ്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഹോട്ടല്‍ വ്യവസായത്തിന് ഇപ്പോള്‍ നടക്കുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ ദോഷം ചെയ്യുമ്പോള്‍, ഈ മേഖല ഉപജീവന മാര്‍ഗമാക്കിയിരിക്കുന്ന ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതമാണ് വീണ്ടും തുലാസിലാകുന്നതെന്നാണ് പൊതുവാളിനെപ്പോലെയുള്ള ഹോട്ടല്‍ ഉടമസ്ഥരും നിരവധിയായ ജീവനക്കാരും നിരാശയോടെ ഓര്‍മിപ്പിക്കുന്നത്.

ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളിലായി ഹലാല്‍ ഹോട്ടലുകളെ ലക്ഷ്യം വച്ച് വ്യാപകമായ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്. 'നോണ്‍-ഹലാല്‍' ഹോട്ടലുകള്‍ ഒരുക്കിയും ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കരുതെന്ന ആവശ്യമുയര്‍ത്തിയും ഈ പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ശ്രമിച്ചെങ്കിലും അതത്രകണ്ട് വിജയിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കാസറഗോഡ് നടന്നൊരു സംഭവം ഹലാല്‍ വിരുദ്ധ പ്രചാരകര്‍ക്ക് ആവേശം കൊടുക്കുകയായിരുന്നു. പാകം ചെയ്ത ബിരിയാണിയില്‍ നിന്നും ഒരു പങ്കെടുത്ത് മുസ്ലിം പുരോഹിതന്‍ മന്ത്രിച്ച് ഊതുകയും അത് വീണ്ടും ബിരിയാണി ചെമ്പുകളിലേക്ക് ഇട്ട് കലര്‍ത്തി വിതരണം ചെയ്യുന്നതിന്റെയും വീഡിയോ വൈറലായതാണ് വീണ്ടും ഹലാല്‍ വിവാദം ഉയരുന്നതിന് ഇടയാക്കിയത്. ഹലാല്‍ ഹോട്ടലുകളില്‍ വിളമ്പുന്നത് തുപ്പല്‍ കലര്‍ന്ന ഭക്ഷണമാണെന്നതിന്റെ തെളിവായാണ് ഹലാല്‍ വിരുദ്ധര്‍ ഈ വീഡിയോ ഉപയോഗിച്ചത്. അതിനൊപ്പം തന്നെയാണ്, കേരളത്തില്‍ ഈയടുത്തകാലത്തായാണ് ഹലാല്‍ ഹോട്ടലുകള്‍ വര്‍ദ്ധിച്ചതെന്നും ഒരു മതവിഭാഗം സമൂഹത്തില്‍ തങ്ങളുടെ മതാധിപത്യം ഉറപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നുമുള്ള വര്‍ഗീയ പ്രചാരണവും ശക്തമായത്. ഹലാല്‍ ഭക്ഷണം കേരളത്തില്‍ നിരോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം, മന്ത്രിച്ച് ഊതുക മാത്രമാണ് ചെയ്യുന്നതെന്നും ഭക്ഷണത്തില്‍ തുപ്പിയില്ലെന്നുമാണ്  മറുവാദം. ഭക്ഷണം വിശുദ്ധമാക്കുന്നു എന്ന പേരില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ ഊതുന്നത് ശുചിത്വമില്ലായ്മയായി തന്നെ കാണേണ്ടി വരുമെന്നും കോവിഡ് കാലത്ത് ഇത്തരം പ്രവര്‍ത്തികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ഡോക്ടര്‍മാര്‍ അടക്കം ചൂണ്ടിക്കാണിക്കുന്നത്. മാസ്‌ക് ധരിച്ചും, അകലം പാലിച്ചും കോവിഡിനെതിരെയുള്ള പ്രതിരോധം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഒരു വ്യക്തി ഭക്ഷണ പദാര്‍ത്ഥത്തിലേക്ക് ഊതുന്നതിലൂടെ രോഗവ്യാപനത്തിന് സാധ്യതയുണ്ടാവുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പ്രകടിപ്പിക്കുന്ന ആശങ്ക.

എന്നാല്‍, ശുചിത്വസംബന്ധമായ ആശങ്കകള്‍ പരിഹരിക്കുന്നതിനു പകരം വിഷയം വര്‍ഗീയവത്കരിക്കുന്നതാണ് ഹോട്ടലുടമകള്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. നോണ്‍ ഹലാല്‍ ഹോട്ടലുകളുടെ ലിസ്റ്റുകള്‍ പ്രചരിപ്പിക്കുക, മുസ്ലിം മതവിഭാഗക്കാര്‍ നടത്തുന്ന ഹോട്ടലുകളും റെസ്റ്ററന്റുകളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികളിലൂടെ ഒരു വ്യവസായത്തെ തകര്‍ക്കുക മാത്രമല്ല, സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അപലപിക്കുന്നു.

' ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ വലിയതോതില്‍ വിജയിക്കില്ലെന്നു തന്നെയാണ് വിശ്വാസം, കാരണം, ഇത് കേരളമാണ്. വിദ്യാഭ്യാസവും വിവേകവുമുള്ള മനുഷ്യരാണിവിടെയുള്ളത്. എങ്കിലും ചെറിയ പ്രയാസങ്ങള്‍ ഇതുമൂലം ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഭാവിയില്‍ അതിന്റെ വ്യാപ്തി കൂടരുത്. അതിനുവേണ്ടി സര്‍ക്കാരും സമൂഹവും ഇടപെടണം. ഹലാലിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്'; കെ എച്ച് ആര്‍ എ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി അഴിമുഖത്തോട് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹോട്ടല്‍ വ്യവസായം മോശമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഇത്തരം അനാവശ്യ വിവാദങ്ങള്‍ തങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണെന്നുമാണ്. മിഡില്‍ ഈസ്റ്റിലും പിന്നീട് കേരളത്തിലുമായി കഴിഞ്ഞ മുപ്പതു വര്‍ഷമായി ഹോട്ടല്‍ ബിസിനസ് നടത്തി വരുന്ന മൊയ്തീന്‍ കുട്ടി ഹാജി ചൂണ്ടിക്കാണിക്കുന്നത്. ' നോട്ട് നിരോധനം വന്നപ്പോള്‍ തന്നെ ഹോട്ടല്‍ വ്യവസായത്തിന് തിരിച്ചടി കിട്ടി തുടങ്ങിയിരുന്നു, പിന്നീട് ജിഎസ്ടി സമ്പ്രദായവും ദോഷം ചെയ്തു. ഇതിനു പിന്നാലെയാണ് രണ്ട് പ്രളയങ്ങള്‍, കഴിഞ്ഞ രണ്ടു കൊല്ലം എല്ലാം നിശ്ചലമാക്കിയ കോവിഡും ലോക് ഡൗണും. എല്ലാ ദുരിതങ്ങളും എങ്ങനെയോ അതിജീവിച്ചാണ് വീണ്ടും ഞങ്ങളൊന്ന് നടന്നു തുടങ്ങിയത്, അപ്പോഴാണ് ഹലാലിന്റെ പേരില്‍ അനാവശ്യ വിവാദവുമായി ഒരു സംഘം ഇറങ്ങിയിരിക്കുന്നത്. അവരുടെ ലക്ഷ്യം മറ്റൊന്നാണെങ്കിലും ഞങ്ങളെപ്പോലുള്ള ലക്ഷകണക്കി്‌ന് ആള്‍ക്കാരുടെ ജീവിതമാണ് വീണ്ടും ഭീഷണിയിലാകുന്നത്''.

  ഇപ്പോള്‍ നടക്കുന്ന വിവാദം ഹോട്ടലുകാരെ മാത്രം ബാധിക്കുന്നതാണെന്നു കരുതി സമൂഹം നിശബ്ദരാകരുതെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ ഇത്തരം വര്‍ഗീയ തന്ത്രങ്ങള്‍ വിജയിക്കില്ലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുന്നത് തടയണമെന്നും ജയപാല്‍ പറയുന്നു. 'ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമാണ് നടക്കുന്നത്. വ്യാപരമേഖലകളില്‍ ഇത്തരം വര്‍ഗീയ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നത് നാടിനാകെയാണ് ആപത്ത്. ഇപ്പോള്‍ നടക്കുന്ന ഹലാല്‍ വിവാദം തന്നെ പടിപടിയായി വലിയ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കാം. അതിലേക്ക് പോകാതെ നോക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ഒപ്പം ഇവിടുത്തെ സമൂഹത്തിനും ഉണ്ട്'' ജയപാല്‍ ഓര്‍മിപ്പിക്കുന്നു.

കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് സംസ്ഥാനത്ത് ഇരുപത്തിയഞ്ചോളം ഹോട്ടല്‍ ഉടമകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കെഎച്ച്ആര്‍എ ഭാരവാഹികള്‍ പറഞ്ഞത്. 'നൂറു കണക്കിന് സ്ഥാപനങ്ങള്‍ പൂട്ടിപ്പോയി. ഇവയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ബാക്കിയുള്ളവരുടെ സാഹചര്യം വളരെ മോശമാണ്. ഇപ്പോള്‍ നടത്തിക്കൊണ്ടു പോകുന്നവര്‍ പോലും ഏതു നിമിഷവും ബിസിനസ് നിര്‍ത്തേണ്ടിവരുമെന്ന ഭീതിയിലാണ്. സാഹചര്യമങ്ങനെയായതുകൊണ്ടാണ്. വളരെ കാലത്തിനുശേഷം ആളുകള്‍ ഹോട്ടലുകളിലേക്കും റസ്റ്ററന്റുകളിലേക്കും എത്തി തുടങ്ങുന്നതേയുള്ളൂ. തുടര്‍ച്ചയായി ഉണ്ടാകുന്ന മഴയും വെള്ളപ്പൊക്കവും, കോവിഡിനെക്കുറിച്ച് നിലനില്‍ക്കുന്ന ഭീതി, ഇവയെല്ലാം ഇപ്പോഴും കസ്റ്റമേഴ്‌സിനെ അകറ്റി നിര്‍ത്തുന്ന കാര്യങ്ങളാണ്. സംസ്ഥാനത്ത് ഏകദേശ ഒരു ലക്ഷത്തോളം ചെറുതും വലുതമായ ഹോട്ടലുകളുണ്ട്. ഏതാണ്ട് പത്തുലക്ഷത്തോളം പേര്‍ പ്രത്യക്ഷത്തിലും അത്ര തന്നെയാളുകള്‍ പരോക്ഷമായും ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. ഹലാല്‍ വിവാദമൊക്കെ ഉയര്‍ത്തിപ്പിടിച്ചു വരുന്നവര്‍, എത്രമാത്രം മനുഷ്യരാണ് ഈയൊരു വ്യവസായം കൊണ്ട് ജീവിച്ചു പോകുന്നതെന്നും കൂടിയോര്‍ക്കണം'- കെ എച്ച് ആര്‍ എ ട്രഷറര്‍ ബാലകൃഷ്ണ പൊതുവാളിന്റെ വാക്കുകള്‍.

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ മുതലെടുപ്പ് നടത്തുന്നവരോട് കെഎച്ച്ആര്‍എ ഭാരവാഹികള്‍ ഒറ്റസ്വരത്തില്‍ പറയുന്ന കാര്യം; ഭക്ഷണതതില്‍ വര്‍ഗീയത കലര്‍ത്തരുതെന്നാണ്. രൂപം കൊണ്ടിട്ട് 57 വര്‍ഷം കഴിയുമ്പോഴും ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയമോ, ഏതെങ്കിലും പ്രത്യേക മതാനുകൂല നിലപാടോ, ജാതിയതയോ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് ഭാരവാഹികള്‍ ആത്മവിശ്വാസത്തോടെ പറയുന്നത്. വെറുമൊരു ബിസിനസ് മാത്രമല്ല, വിശന്നു വരുന്നവന് ഭക്ഷണം നല്‍കുക എന്ന പുണ്യപ്രവര്‍ത്തികൂടിയാണ് ഹോട്ടല്‍ നടത്തിപ്പെന്നും കഴിക്കാന്‍ കൊടുക്കുന്ന ആഹാരത്തില്‍ ജാതിയോ മതമോ രാഷ്ട്രീയമോ കലര്‍ത്തി തങ്ങളുടെ കൂട്ടത്തിലാരും തന്നെ വിളമ്പാറിലെന്നും അവര്‍ പറയുന്നു.

' പലതരം മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഈശ്വരവിശ്വാസികളും നിരീശ്വരവാദികളുമുണ്ട്. ഒരു നിരീശ്വരവാദിപോലും, ഇന്ന് ഈ കടയില്‍ നിന്നും കൊടുക്കുന്ന ആഹാരം മൂലം ഒരാള്‍ക്കും ഒന്നും വരല്ലേ, എല്ലാവരും നല്ലത് പറയണേയെന്ന് അവന്റെതായ രീതിയില്‍ പ്രാര്‍ത്ഥിച്ചിട്ടായിരിക്കും കടയുടെ ഷട്ടര്‍ തുറക്കുക. ഭക്ഷണമാണ്, ചെറിയൊരു അശ്രദ്ധയോ, അബദ്ധമോ മതി കാര്യങ്ങള്‍ കുഴപ്പത്തിലാക്കാന്‍. രുചികരമായ ഭക്ഷണം കൊടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം''- മൊയ്തീന്‍കുട്ടി ഹാജിയുടെ വാക്കുകള്‍. ഈ വാക്കുകള്‍ ശരിവച്ചുകൊണ്ടാണ് ജയപാലും സംസാരിക്കുന്നത്. ' നല്ല ഭക്ഷണം, വൃത്തിയുള്ള അന്തരീക്ഷത്തില്‍ കിട്ടിയാല്‍, അത് മുസ്ലീമിന്റെയാണോ ഹിന്ദുവിന്റെയാണോ ക്രിസ്ത്യാനിയുടെയാണോ എന്നു നോക്കിയല്ല ആളുകള്‍ കഴിക്കാന്‍ കയറുന്നത്. ഹലാല്‍ വേണ്ടവര്‍ അത് കഴിക്കട്ടെ, വേണ്ടാത്തവര്‍ കഴിക്കേണ്ടാ. ഹലാല്‍ ഫുഡ്, വെജിറ്റേറിയന്‍ ഫുഡ്, നോണ്‍-വെജിറ്റേറിയന്‍ എന്നൊക്കെ പലതരം ബോര്‍ഡുകള്‍ കാണുമായിരിക്കും, അതൊക്കെ ബിസിനസിനു വേണ്ടിയാണ്. ഇവിടെ എത്രയോ ബ്രാഹ്മിണ്‍സ് ഹോട്ടലുകളുണ്ട്. അവിടെയൊക്കെ കയറുന്നത് ബ്രാഹ്മണര്‍ മാത്രമാണോ, അല്ലെങ്കില്‍ ഹിന്ദുക്കള്‍ മാത്രമാണോ? നാളെ മുതല്‍ ബ്രാഹ്മിണ്‍സ് ഹോട്ടലുകള്‍ ജാതിയതയുടെ അടയാളമാണ്, ഒരു പ്രത്യേക ജാതിക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണെന്നൊക്കെ പറഞ്ഞും ബഹളം ഉണ്ടാക്കാമല്ലോ? ഹലാല്‍ ഫുഡ് വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍, അത്തരം ഫുഡ് ഇവിടെ കിട്ടുമെന്ന് ബോര്‍ഡ് എഴുതിവച്ച് കച്ചവടം നടത്തുന്നതില്‍ എന്താണ് തെറ്റ്? അത് വേണ്ടാത്തവര്‍ പോകേണ്ട, ഹലാല്‍ ബോര്‍ഡുകളില്ലാത്ത നിരവധി ഹോട്ടലുകള്‍ എല്ലായിടത്തുമുണ്ടാകും, അവിടെ പോയി ഭക്ഷണം കഴിക്കുക. ബാക്കിയെല്ലാം വെറും അനാവശ്യ ഉത്കണ്ഠകളാണ്'- ജയപാല്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു.

കേരളത്തിലെ ഒരു ഹോട്ടലിലും മതമോ രാഷ്ട്രീയമോ ജാതിയോ നോക്കി ജീവനക്കാരെ തെരഞ്ഞെടുക്കാറില്ല, നന്നായി ഭക്ഷണം ഉണ്ടാക്കാന്‍ അറിയുമോ എന്നു മാത്രമാണ് നോക്കുന്നത്. ഒരു ഹിന്ദുവിന്റെ ഹോട്ടലില്‍ മുസ്സിം ഭക്ഷണം ഉണ്ടാക്കുന്നുണ്ട്, തിരിച്ചും നടക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ ഹോട്ടലില്‍ വയ്ക്കുന്നതും വിളമ്പുന്നതും ആ മതക്കാര്‍ തന്നെയാണെന്ന് നിങ്ങള്‍ക്ക് അനുഭവമുണ്ടായിട്ടുണ്ടോ? വിശക്കുന്നവന് മതമോ ജാതിയോ ആല്ല, ഭക്ഷണമാണ് വലുത്. ആഹാരം കഴിക്കുമ്പോള്‍ വര്‍ഗീയതയും രാഷ്ട്രീയവുമൊന്നും ആരും ഓര്‍ക്കാറില്ല. ഒരിടയ്ക്ക് നടന്ന പ്രചാരണം ഉത്തരേന്ത്യന്‍ തൊഴിലാളികളെ ജോലിക്കെടുക്കരുത്, അവര്‍ ജോലി ചെയ്യുന്ന ഹോട്ടലുകളില്‍ കയരി ഭക്ഷണം കഴിക്കരുതെന്നായിരുന്നു. അങ്ങനെ തീരുമാനിച്ചാല്‍ കേരളത്തിലെ എത്ര ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പറ്റും? കേരളത്തിനു വെളിയില്‍ പോയാല്‍, ആരുണ്ടാക്കുന്നു, ആര് നടത്തുന്നുവെന്നൊന്നും നമ്മള്‍ തിരക്കാറില്ല. വിശക്കുമ്പോള്‍ കഴിക്കുന്നൂ, അത്രയല്ലേയുള്ളൂ! പിന്നെന്തിനാണ് ഇവിടെ മാത്രം ഇങ്ങനെയൊരു തര്‍ക്കം?  ഭക്ഷണം നമ്മുടെ മൗലികാവകാശമാണ്, എന്ത് കഴിക്കണമെന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്, അതിന്മേല്‍ മറ്റുള്ളവര്‍ കടന്നു കയറുന്നത് അനുവദിക്കരുത്-ജയപാലിനെയും പൊതുവാളിനെയും മൊയ്തീന്‍ കുട്ടി ഹാജിയെയും പോലുള്ള ഹോട്ടല്‍ ഉടമകള്‍ പൊതുസമൂഹത്തോട് നടത്തുന്ന അഭ്യര്‍ത്ഥനയാണിത്.