പൊലീസ് കടമ മറക്കുമ്പോള്‍; അന്ന് ജീതുവിനെ ചുട്ടുകൊന്നു, ഇന്ന് മോഫിയ ആത്മഹത്യ ചെയ്തു

നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി ഐ സുധീറിനെതിരേയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തം
 
MOPHIYA CASE

നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീറിനെതിരേയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തം. മോഫിയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമൊപ്പം സി ഐ സുധീറിന്റെ പ്രവര്‍ത്തിയും കാരണമായിട്ടുണ്ടെന്ന് പൊലീസില്‍ ഉള്ളവര്‍ തന്നെ പറയുന്നു. നിലവില്‍ സുധീറിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത് മാത്രമാണ് അയാള്‍ക്കെതിരേ എടുത്തിരിക്കുന്ന ആക്ഷന്‍. സി ഐയ്ക്ക് എതിരേയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം ബാക്കി നടപടികള്‍ സ്വീകരിക്കാമെന്നാണ് എറണാകുളം റൂറല്‍ എസ്പി പറയുന്നത്. എന്നാല്‍, ഐപിസി 306 വകുപ്പ് പ്രകാരം സി ഐ സുധീറിനെതിരേ കേസ് ചാര്‍ജ്ജ് ചെയ്യണമെന്നാണ് അഴിമുഖവുമായി ഈ വിഷയത്തില്‍ സംസാരിച്ച ഒരു റിട്ടയേര്‍ഡ് എസ് പി പറഞ്ഞത്. മോഫിയയുടെ ഭര്‍ത്താവിനും അയാളുടെ മാതാപിതാക്കള്‍ക്കും എതിരേ ചുമത്തിയിരിക്കുന്ന ആത്മഹത്യ പ്രേരണ കുറ്റം സി ഐ സുധീറിനെതിരേയും ബാധകമാണെന്നാണ് അദ്ദേഹം പറയുന്നത്.

മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്ന മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പില്‍ സി ഐ സുധീറിനെതിരേ ഗുരുതരമായ ആരോപണങ്ങളുണ്ട്. ഗാര്‍ഹിക പീഡന പരാതിയുമായി ആലുവ ഈസ്റ്റ് പൊലീസിനെ സമീപിച്ച മോര്‍ഫിയയ്ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫിസറായ സുധീറില്‍ നിന്നും തിക്താനുഭവമാണ് ഉണ്ടായതെന്നാണ് ആത്മഹത്യ കുറിപ്പില്‍ നിന്നും മനസിലാകുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മോര്‍ഫിയയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സുധീര്‍, മോര്‍ഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെയും ഇയാളുടെ സുഹൃത്തായ ഒരു രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരോട് സംസാരിക്കാന്‍ തയ്യാറയത് തന്നെ. ഇത്തരമൊരു മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്ന് അറിയച്ചതോടെയാണ് സി ഐ സുധീര്‍ തന്നെയും പിതാവിനെയും അപമാനിക്കുന്നതിലേക്ക് കടന്നതെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്നാണ് സി ഐ സംസാരിച്ചതെന്നും തന്നോട് കയര്‍ത്തു സംസാരിക്കുകയും പിതാവിനെ അപമാനിക്കുകയും ചെയ്‌തെന്നും മോര്‍ഫിയ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സി ഐ.യ്‌ക്കെതിരേ നിയമനടപടി വേണമെന്നതും മോര്‍ഫിയയുടെ അവസാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു.

സി ഐ സുധീറിനെതിരേയുള്ള 'മരണമൊഴി'

മോര്‍ഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പ് തന്നെ സി ഐ സുധീറിനെതിരേ കേസ് എടുക്കാനുള്ള പ്രധാന തെളിവാണെന്നാണ് റിട്ടയേര്‍ഡ് എസ് പി ചൂണ്ടിക്കാണിക്കുന്നത്. 'മരണമൊഴിക്ക് തുല്യമായി ആ ആത്മഹത്യ കുറിപ്പിനെ കാണാനാവും. കോടതിയില്‍ മോഫിയ തന്നെ എഴുതിയതാണെന്ന് തെളിയിച്ചാല്‍, ആ ഒരൊറ്റ തെളിവ് മാത്രം മതി സുധീറിന് ശിക്ഷ കിട്ടാന്‍. ആ പെണ്‍കുട്ടിയുടെ പിതാവിന്റെയും അവര്‍ക്കൊപ്പം പോയ വ്യക്തിയുടെയും മൊഴികളും, സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും സി ഐക്കെതിരേയുള്ള മറ്റ് തെളിവുകളാണ്. സാധാരണ ഇത്രയും തെളിവുകളൊക്കെ മതി ഒരാള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്യാന്‍. എന്നാല്‍ ഇവിടെ ആരോപണവിധേയനും അന്വേഷിക്കുന്നവനും പൊലീസ് തന്നെയാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല' എന്നാണ് ആ ഉദ്യോഗസ്ഥന്‍ പറയുന്നത്.

ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ ഏല്‍ക്കേണ്ടി വരുന്ന ശാരീരിക-മാനസിക പീഢനങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ പരാതി നല്‍കുമ്പോള്‍ പൊലീസ് കാണിക്കുന്ന ഉത്തരവാദിത്വമില്ലായ്മയും നിഷ്‌ക്രിയത്വും പക്ഷപാതപരമായ സമീപനവും ഇതിനു മുമ്പും പല ആത്മഹത്യകള്‍ക്കും കാരണമായിട്ടുണ്ട്. ഒന്നുകില്‍ പരാതികള്‍ അവഗണിക്കും, അതല്ലെങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി കൈയൊഴിയും. പരാതികള്‍ക്കുമേല്‍ കേസ് എടുക്കാനോ അന്വേഷണം നടത്താനോ തയ്യാറാകുന്നില്ല. 'കോഗ്നിസബിള്‍ ഓഫന്‍സിനെ പറ്റി പരാതി കിട്ടിയാല്‍ കേസ് എടുത്ത് അന്വേഷിക്കേണ്ടതാണെങ്കിലും 2006 ലെ ലളിത കുമാരി കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് ആദ്യം പ്രാഥമിക അന്വേഷണം നടത്തണം എന്ന ന്യായം പറഞ്ഞാണ് പല ഓഫിസര്‍മാരും ഗാര്‍ഹിക പീഢന പരാതികളെ അവഗണിക്കുന്നതെന്നാണ്      അഴിമുഖത്തോട് സംസാരിച്ച റിട്ടയേര്‍ഡ് എസ് പി വിമര്‍ശിക്കുന്നത്. 'ചില നിയമങ്ങള്‍ ദുര്യുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. വിവാഹ തര്‍ക്കം,ഗാര്‍ഹിക പ്രശ്‌നങ്ങള്‍, പണ സംബന്ധമായ തര്‍ക്കങ്ങള്‍, ചികിത്സ പിഴവുകള്‍ ആരോപിച്ചുള്ള തര്‍ക്കങ്ങള്‍, താമസിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികള്‍ എന്നിവ കിട്ടിയാല്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം മാത്രം എഫ് ഐ ആര്‍ ഇട്ടാല്‍ മതിയെന്ന് ലളിത കുമാരി കേസിന്റെ വിധിപ്രസ്താവനയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രാഥമികാന്വേഷണം ഒരു മാസത്തിനുള്ളിലും പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. നിയമവും വ്യവസ്ഥകളുമെല്ലാം മനുഷ്യനെ സംരക്ഷിക്കാനായിരിക്കണം എന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മനസിലാക്കിയിരിക്കേണ്ട കാര്യമാണ്. ഒരു പെണ്‍കുട്ടി താന്‍ നേരിടുന്ന ദുരവസ്ഥകള്‍ പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയായിരുന്നു ആലുവ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചെയ്യേണ്ടിയിരുന്നത്. പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമായിരുന്നു. അതിനു പകരം, മധ്യസ്ഥ ചര്‍ച്ചയ്ക്ക് കസേരയിട്ടിരിക്കുകയല്ലായിരുന്നു വേണ്ടത്'

2018 ല്‍ തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ജീതു എന്ന യുവതി ജീവനോടെ ചുട്ടെരിക്കപ്പെട്ടതിനും പിന്നിലും പൊലീസ് കാണിച്ച ഇതേ അനാസ്ഥയായിരുന്നു. ഇത്തരത്തില്‍ പല ഉദ്ദാഹരണങ്ങള്‍ ഉണ്ടെങ്കിലും തൃശൂരിലെ സംഭവം വളരെ ദാരുണമായ ഒന്നായതുകൊണ്ട് പ്രതിപാദിക്കുന്നതാണ്. അയല്‍ക്കൂട്ടം കൂടി കൊണ്ടിരിക്കുമ്പോള്‍, എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു ജീതുവിനെ ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജീതുവിനെ പിന്നാലെ ചെന്നാണ് വിരാജ് തീകൊളുത്തിയത്. വിരാജിന്റെ സ്വഭാവത്തെക്കുറിച്ചും തന്നോട് ചെയ്തിട്ടുള്ള ക്രൂരതകളെക്കുറിച്ചും ജീതു പുതുക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതാണ്. പൊലീസിന്റെ അന്വേഷണത്തില്‍ വിരാജിന്റെ ക്രിമിനല്‍ സ്വഭാവം മനസിലായതുമാണ്, എന്നിട്ടും രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി പറഞ്ഞു വിടുക മാത്രമാണ് പൊലീസ് ചെയ്തത്. 

ജീതുവിന് സംഭവിച്ചത്

ഇരിങ്ങാലക്കുടയില്‍ ജില്ല കുടുംബശ്രീ മിഷനില്‍ താത്കാലിക ജീവനക്കാരിയായി ജോലി ചെയ്തുവന്നിരുന്ന ജീതുവിനെയും അവരുടെ പഴയ സഹപാഠിയേയും ചേര്‍ത്ത് ഭര്‍ത്താവ് വിരാജ് നിരവധി അപവാദ കഥകള്‍ ഉണ്ടാക്കി. 2018 മാര്‍ച്ച് 25 ന് സമീപത്തെ ഒരു ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിടയില്‍ ജീതുവിന്റെ സഹപാഠിയോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞ് വിരാജ് ജീതുവിനെ കൊണ്ട് നിര്‍ബന്ധിച്ച് മെസേജ് അയപ്പിച്ചു. ഇതനുസരിച്ച് യുവാവ് വിരാജിന്റെ വീട്ടിലേക്ക് ചെന്നു. രാത്രി ഒമ്പത് മണി സമയമാണ്. വീടിനു മുന്നില്‍ ബൈക്കിലെത്തിയ യുവാവിനെ വിരാജും ജീതുവും ചേര്‍ന്നാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ വീട്ടില്‍ കയറിക്കഴിഞ്ഞ ഉടന്‍ വാതില്‍ പൂട്ടിയശേഷം വിരാജ് ഒരു വെട്ടുകത്തിയെടുത്ത് ജീതുവിന്റെ കഴുത്തില്‍ വയ്ക്കുകയും രണ്ടുപേരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തന്റെ ചില സുഹൃത്തുക്കളെ വിരാജ് വിളിച്ചുവരുത്തിച്ചു. ഇതിനിടയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തി അസഭ്യമായ ചില ചിത്രങ്ങള്‍ തന്റെ ഫോണില്‍ എടുത്തിരുന്നു. സുഹൃത്തുക്കള്‍ വന്നശേഷം എല്ലാവരും ചേര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. ജീതുവിനും മര്‍ദ്ദനം ഏറ്റു. തുടര്‍ന്ന് ഇരുവരേയും പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തന്റെ ഭാര്യയും ഈ യുവാവും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്നും താന്‍ അത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ കൊണ്ടുവന്നതെന്നുമായിരുന്നു വിരാജ് പൊലീസിനോട് പറഞ്ഞത്. പൊലീസ് യുവാവിനേയും ജീതുവിനെയും ഗവ. ആശുപത്രിയില്‍ കൊണ്ടു പോയി മെഡിക്കല്‍ ചെക്കപ്പ് നടത്തി. സാരമായ പരിക്കുകള്‍ യുവാവിന് ഏറ്റിരുന്നു. ജീതുവിന്റെ ചെവിക്ക് തകരാര്‍ സംഭവിച്ചിരുന്നു.

എന്നാല്‍ വിരാജ് പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് പിന്നീട് പൊലീസിന് മനസിലായി. ഇയാള്‍ മനഃപൂര്‍വം ഉണ്ടാക്കിയ ചതിയില്‍ യുവാവ് അകപ്പെടുകയായിരുന്നുവെന്നും വിരാജ് ആരോപിക്കുന്ന തരത്തില്‍ ജീതുവും യുവാവുമായി ബന്ധമില്ലെന്നും പൊലീസ് മനസിലാക്കി. ദാമ്പത്യപരമായ ചിലകാര്യങ്ങളാല്‍ വിരാജില്‍ നിന്നും മുന്നേ തന്നെ വിവാഹമോചനം ജീതു ആഗ്രഹിച്ചിരുന്നു. ഇതായിരുന്നു വിരാജിനെ പ്രകോപിപ്പിച്ചത്. ജീതു വിവാഹമോചനം നേടിയാല്‍ അതിനുള്ള കാരണം പുറത്തറിയുന്നത് തനിക്ക് നാണക്കേട് ഉണ്ടാക്കുമെന്നും അതുകൊണ്ട് എല്ലാ കുറ്റവും ജീതുവിന്റെ മേല്‍ കൊണ്ടുവരാനുമാണ് വിരാജ് ശ്രമിച്ചത്. തന്റെ ഭാര്യ ഒരു മോശം സ്ത്രീയാണെന്നും അതിനാലാണ് വിവാഹമോചനം നേടിയതെന്നും വരുത്തിത്തീര്‍ക്കാന്‍ വിരാജ് നടത്തിയ കളിയായിരുന്നു എല്ലാം. വിരാജ് പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് പിന്നീട് പൊലീസിന് മനസിലായി. ഇയാള്‍ മനഃപൂര്‍വം ഉണ്ടാക്കിയ ചതിയില്‍ യുവാവ് അകപ്പെടുകയായിരുന്നുവെന്നും വിരാജ് ആരോപിക്കുന്ന തരത്തില്‍ ജീതുവും യുവാവുമായി ബന്ധമില്ലെന്നും പൊലീസ് മനസിലാക്കി. ഇക്കാര്യങ്ങള്‍ വിരാജ് തന്നെ സമ്മതിക്കുകയും ചെയ്തു. ദാമ്പത്യപരമായ ചിലകാര്യങ്ങളാല്‍ വിരാജില്‍ നിന്നും മുന്നേ തന്നെ വിവാഹമോചനം ജീതു ആഗ്രഹിച്ചിരുന്നു. ഇതായിരുന്നു വിരാജിനെ പ്രകോപിപ്പിച്ചത്. ജീതു വിവാഹമോചനം നേടിയാല്‍ അതിനുള്ള കാരണം പുറത്തറിയുന്നത് തനിക്ക് നാണക്കേട് ഉണ്ടാക്കുമെന്നും അതുകൊണ്ട് എല്ലാ കുറ്റവും ജീതുവിന്റെ മേല്‍ കൊണ്ടുവരാനുമാണ് വിരാജ് ശ്രമിച്ചത്. തന്റെ ഭാര്യ ഒരു മോശം സ്ത്രീയാണെന്നും അതിനാലാണ് വിവാഹമോചനം നേടിയതെന്നും വരുത്തിത്തീര്‍ക്കാന്‍ വിരാജ് നടത്തിയ കളി. എല്ലാ കാര്യങ്ങളും മനസിലായിട്ടും നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെങ്കില്‍ നിയമപരമായി പിരിയൂ എന്ന് ഉപദേശിച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കി എല്ലാവരേയും പറഞ്ഞു വിടുകയായിരുന്നു പൊലീസ് ചെയ്തത്. വിരാജ് എന്ന വ്യക്തിയുടെ ക്രിമിനല്‍ ചിന്തകള്‍ മനസിലായിട്ടും പൊലീസ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കി തങ്ങളുടെ ഉത്തരവാദിത്വം അവസാനിപ്പിച്ചു. വധഭീഷണി, ക്രൂരമായ മര്‍ദ്ദനം, അസഭ്യമായ ചിത്രങ്ങള്‍ എടുക്കല്‍ തുടങ്ങി അയാള്‍ക്കെതിരേ ചുമത്താന്‍ ഒന്നില്‍ കൂടുതല്‍ കുറ്റങ്ങള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അനങ്ങിയില്ല. വിരാജിന്റെ മാനസികനില ശരിയായ രീതിയിലല്ലെന്നു കണ്ടെത്തി അയാളെ ട്രീറ്റ്മെന്റിനോ കൗണ്‍സിലിംഗിനോ വിധേയനാക്കാനും പൊലീസിന് ശ്രമിക്കാമായിരുന്നു. ഇതൊന്നും ഉണ്ടായില്ല. പകരം ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ പിരിഞ്ഞോ എന്നായിരുന്നു പൊലീസ് പറഞ്ഞത്. അന്ന് പൊലീസ് കാര്യക്ഷമമായി തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നെങ്കില്‍ ജീതുവിന് ദാരുണമായൊരു അന്ത്യം സംഭവിക്കില്ലായിരുന്നു.

എന്തായിരുന്നു ആ രാഷ്ട്രീയക്കാരന്റെ റോള്‍?

ജീതുവിന് വിരാജില്‍ നിന്നുണ്ടായതിനു സമാനമായ പ്രശ്‌നങ്ങള്‍ മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലില്‍ നിന്നുണ്ടായതായി പരാതിയില്‍ നിന്നു മനസിലാക്കാം. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്ന് പൊലീസിനോട് മോഫിയ പറയുന്നുണ്ട്. പക്ഷേ, സുഹൈലിനെ തിരുത്താനല്ല, പകരം മോഫിയയെ തിരുത്താനായിരുന്നു സി ഐ സുധീര്‍ തയ്യാറായത്. സ്ത്രീധനത്തിന്റെ പേരില്‍ ഉള്‍പ്പെടെ ഭര്‍ത്താവില്‍ നിന്നും അയാളുടെ മാതാപിതാക്കളില്‍ നിന്നും തുടര്‍ച്ചയായി മാനസികമായും ശാരീരികമായും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നുവെന്ന് ഒരു പെണ്‍കുട്ടി പരാതിപ്പെട്ടപ്പോഴും യാതൊരു അന്വേഷണം നടത്താതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചത് തെറ്റ്. രണ്ടാമതായി, പരാതിക്കാരെ സ്റ്റേഷനിലേക്ക വിളിക്കുമ്പോള്‍, അവരെ മാത്രമാണ് ആദ്യം കേള്‍ക്കേണ്ടിയിരുന്നത്. പരാതിക്കാര്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേട്ടിരുന്ന്, അവര്‍ പറഞ്ഞതില്‍ കൂടുതല്‍ അന്വേഷണം വേണമോയെന്ന് തീരുമാനിച്ച്, അന്വേഷിക്കേണ്ടതാണെങ്കില്‍ അന്വേഷിച്ചശേഷം മാത്രമായിരിക്കണം, ആര്‍ക്കെതിരെയാണോ പരാതിയുള്ളത് അവരെ വിളിപ്പിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും. സി ഐ സുധീര്‍ ചെയ്തത് ഇങ്ങനെയല്ല. പരാതിക്കാരിയും പിതാവും സ്റ്റേഷനില്‍ എത്തുന്ന സമയത്ത്, ആ കുട്ടിയുടെ ഭര്‍ത്താവ് എങ്ങനെയാണ് അവിടെ വന്നത്? അതും ഒരു രാഷ്ട്രീയക്കാരനൊപ്പം? കുടുംബ പ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്താണ് റോള്‍? ആ രാഷ്ട്രീയക്കാരനെയായിരുന്നു ആദ്യം അവിടെ നിന്നും ഒഴിവാക്കേണ്ടിയിരുന്നത്. സഹായവും സംരക്ഷണവും ആവശ്യമുള്ളവരുടെയൊപ്പമാണ് പൊലീസ് നില്‍ക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ സുധീര്‍ എന്ന പൊലീസുകാരന്‍ ആ ഉത്തരവാദിത്വം കാണിച്ചില്ല. ആ തെറ്റില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം'- അഴിമുഖവുമായുള്ള സംസാരം അവസാനിപ്പിക്കുമ്പോള്‍ ആ റിട്ടയേര്‍ഡ് എസ് പി ഉറപ്പിച്ച് പറഞ്ഞ വാചകങ്ങളിങ്ങനെയായിരുന്നു.

പൊലീസ് ഉത്തരവാദിത്വം മറക്കരുത്

ഗാര്‍ഹിക പീഢനങ്ങളെ പ്രതി ഉണ്ടാകുന്ന ആത്മഹത്യ കേസുകള്‍ ആശങ്കപ്പെടുത്തും വിധം വര്‍ദ്ധിക്കുകയാണ്. ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ ഉണ്ടാകുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ മൂലം നിരവധി പെണ്‍കുട്ടികളാണ് ജീവിതം അവസാനിപ്പിക്കുന്നത്. ഈ കേസുകളെല്ലാം പരിശോധിക്കുമ്പോള്‍, തങ്ങള്‍ നേരിടുന്ന പ്രായസങ്ങള്‍ ഇവരില്‍ ഭൂരിഭാഗവും പൊലീസില്‍ അറിയിച്ചിരുന്നതായി കാണാം. എന്നാല്‍, പൊലീസ് ഒത്തുതീര്‍പ്പിനായിരുന്നു മുന്‍കൈയെടുത്തത്. ഭര്‍ത്താവിന്റെ ക്രിമിനല്‍ സ്വഭാവത്തെ കുറിച്ച് വ്യക്തമായ തെളിവുകളോടെ നല്‍കുന്ന പരാതികളില്‍ പോലും ഗൗരവമായൊരു സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഗാര്‍ഹിക പീഡന പരാതികളില്‍ യഥാസമയം ഇടപെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തേണ്ട ഉത്തരവാദിത്വം പൊലീസിനുള്ളതാണ്. പരാതിക്കാരുടെ മാനസികനില മനസിലാക്കുകയും അവര്‍ക്കൊപ്പം നിലകൊള്ളുകയുമാണ് ചെയ്യേണ്ടതെന്നും നിയമം പറയുന്നുണ്ട്. അപകടകരമായ അന്തരീക്ഷത്തിലാണ് പരാതിക്കാരി ഉള്ളതെങ്കില്‍ അവരെ സംരക്ഷിക്കാനും പൊലീസിന് കടമയുണ്ട്. ഇത്തരം കടമയും ഉത്തരവാദിത്വും പൊലീസ് മറക്കുന്നതാണ് പല മനുഷ്യജീവനുകളും നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നാണ് ഏറ്റവുമൊടുവില്‍ മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയും പറഞ്ഞു തരുന്നത്.