എന്തുകൊണ്ട് നീതു അങ്ങനെയൊരു ക്രൈം ചെയ്തു?
 

കാമുകനെ നഷ്ടപ്പെടാതിരിക്കുക മാത്രമായിരുന്നു നീതുവിന്റെ ലക്ഷ്യം
 
neethu


ആശുപത്രി വരാന്തയില്‍ രണ്ട് ദിവസമായി കാണുന്ന വെളുത്ത കോട്ട് ധരിച്ച യുവതി ഗൈനിക് വാര്‍ഡിലേക്ക് കയറി വരുന്നു.കുഞ്ഞിന്റെ കേസ് ഷീറ്റ് പരിശോധിച്ച അവരെ കണ്ടിട്ട് നഴ്‌സ് തന്നെ എന്ന വിശ്വാസത്തില്‍ കുട്ടിയുടെ അമ്മയും മുത്തശ്ശിയും കാര്യങ്ങള്‍ വിശദീകരിക്കുന്നു. കുട്ടിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട് എന്ന് അറിയിച്ചു കുട്ടിയെ എടുത്തുകൊണ്ടു യുവതി  പോകുന്നു. കുട്ടിയെ അന്വേഷിച്ചു നഴ്സിംഗ് സ്റ്റേഷനില്‍  എത്തിയ ബന്ധുവിന് അവിടെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന സത്യം മനസിലാകുന്നു. പോലീസിന്റെ സഹായത്താല്‍ പിന്നീട് കുട്ടിയെ സ്വന്തം മാതാവിന്റെ അടുത്തു തിരികെ എത്തിക്കുന്നു.അന്വേഷണത്തില്‍ തന്റെ പ്രണയം നഷ്ടപെടാതിരിക്കാന്‍ വേണ്ടിയാണു യുവതി ഈ പ്രവൃത്തികള്‍ എല്ലാം ചെയ്തിരിക്കുന്നത്.

സിനിമ തിരക്കഥകളെ വെല്ലുന്ന സംഭവങ്ങള്‍ ആയിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച  അരങ്ങേറിയത്.രണ്ട് ദിവസം പ്രായമായ കുട്ടിയെ നഴ്‌സിന്റെ വേഷത്തിലെത്തി തട്ടിയെടുക്കുകയും ഒരു മണിക്കൂറിലധികം പോലീസിനെയും ആശുപത്രിയെയും നാടിനെയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത സംഭവം ആശുപത്രിയിലെ സുരക്ഷയെ ഉള്‍പ്പടെ ചോദ്യം ചെയ്യപ്പെടുന്നതായിരുന്നു.

'ആശുപത്രിയില്‍ നിന്ന് പോകുന്നത് വരെ മനhttps://azhimukham.com/archive/keralam-mother-killed-one-year-old-child-in-cherthala/cid3360490.htmസ്സില്‍ പേടി ഉണ്ട്'; കാണാതായ കുട്ടിയുടെ മുത്തശ്ശി മാധ്യമങ്ങളുമായി പങ്കുവെച്ച ഈ  വാക്കുകള്‍ സംഭവം അവരില്‍ എത്ര മാത്രം മാനസ്സിക സംഘര്‍ഷം സൃഷ്ടിച്ചിട്ടുണ്ട് എന്നതിന് ഉദാഹരണമാണ്. വണ്ടിപ്പെരിയാര്‍ 66 -ആം മൈല്‍ വലിയ തറയില്‍ എസ് ശ്രീജിത്തിന്റെയും അശ്വതിയുടെയും പെണ്കുഞ്ഞിനെയാണ് കളമശ്ശേരിയില്‍ താമസ്സക്കാരിയായ നീതു രാജ്  മോഷ്ടിച്ചത്.

വ്യാഴാഴച വൈകിട്ട്  മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജിനു സമീപമുള്ള ഹോട്ടലിനു മുന്നില്‍ നിന്നാണ് യുവതിയെ എസ്. ഐ. റിനീഷിന്റെ നേതൃത്വത്തിലുള്ള  പോലീസ് കണ്ടെത്തിയത്. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്ന ഗൈനക്കോളജി വിഭാഗത്തില്‍ നടന്ന വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ  മന്ത്രി വീണ ജോര്‍ജ്  ഉത്തരവിട്ടിരുന്നു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മെഡിക്കല്‍ കോളേജിലെ ആര്‍.എം. ഒ, പ്രിന്‍സിപ്പല്‍ തല   അന്വേഷണ റിപ്പോര്‍ട്ടുകളിലും ആശുപത്രിയില്‍ സുരക്ഷാവീഴ്ച്ച ഉണ്ടായിട്ടില്ല എന്നാണ് കണ്ടെത്തല്‍. സുരക്ഷാ ജീവനക്കാരിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍ നടപടി ഡെപ്യുട്ടി സൂപ്രണ്ട്  എടുത്തിട്ടുണ്ട്.  കുട്ടിയെ തട്ടികൊണ്ട് പോകുന്ന സമയം ചുമതലയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരി കവാടത്തില്‍ പരിശോധന നടത്തിയില്ല എന്നും അവര്‍ കസേരയില്‍ മാറി ഇരിക്കുകയായിരുന്നു എന്നും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി.

കളമശ്ശേരിയില്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന നീതു സമൂഹ മാധ്യമം വഴിയാണ് കളമശ്ശേരി എച് എം. ടി. കോളനിയില്‍ താമസിക്കുന്ന ഇബ്രാഹിം ബാദൂര്‍ ഷാ എന്ന യുവാവുമായി പരിചയത്തിലായത്. വിവാഹിതയും എട്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ജോലി സൗകര്യാര്‍ത്ഥം എറണാകുളത്തു താമസമാക്കിയ യുവതി ഇബ്രാഹിം ബാദൂര്‍ ഷായുമായി പ്രണയത്തില്‍ ആവുക ആയിരുന്നു.

പ്രണയത്തിലായ യുവതി പിന്നീട്  ഗര്‍ഭിണിയാവുകയും കുഞ്ഞിനെ നഷ്ടപെടുകയും ചെയ്തിരുന്നു. എന്നാല്‍ അബോര്‍ഷനായ  വിവരം ബാദൂര്‍ ഷാ യില്‍ നിന്നും യുവതി മറച്ചു  വെച്ചു. ബാദൂര്‍ ഷാ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വിവരം അറിഞ്ഞപ്പോഴാണ് പ്രണയം തിരിച്ചു പിടിക്കുന്നതിനു വേണ്ടി കുഞ്ഞിനെ തട്ടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കുട്ടിയെ തട്ടിയെടുത്തു ആശുപത്രില്‍ എത്തിയ യുവതി ബാദൂര്‍ഷായെ വിഡിയോ കോളില്‍ വിളിച്ചു സ്വന്തം കുട്ടിയെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.ബാദൂര്‍  ഷാ യുടെ മാതാപിതാക്കളുമായി പരിചയം ഉണ്ടായിരുന്ന യുവതി അവര്‍ക്കും കുട്ടിയുടെ ചിത്രം സ്വന്തം കുഞ്ഞെന്ന പേരില്‍ അയച്ചു കൊടുത്തു.

ആശുപത്രിയോട് ചേര്‍ന്നുള്ള ഹോട്ടലില്‍ രണ്ടു ദിവസമായി തങ്ങിയാണ് കുഞ്ഞിനെ തട്ടിയെടുക്കാനുള്ള പദ്ധതി നീതു ആസൂത്രണം ചെയ്തത്. എട്ടു വയസ്സുള്ള കുട്ടിയോടൊപ്പമാണ്  കോട്ടയത്തു നീതു  മുറിയടുത്തത്.  നിരവധി തവണ ഇതിനു വേണ്ടി ആശുപത്രിയിലെ ഗൈനിക് വാര്‍ഡില്‍ വെള്ള കോട്ടും ധരിച്ചു കയറി ഇറങ്ങുകയും ചെയ്തു. 

ഇമോഷണല്‍ ക്രൈം 

ഇങ്ങനെയൊരു ക്രൈമിലേക്ക് നീതുവിനെ നയിച്ച വികാരം എന്തായിരിക്കും? പൊലീസിന്റെ അന്വേഷണത്തില്‍ നീതുവിന് ഏതെങ്കിലും റാക്കറ്റുമായി ബന്ധമില്ല. കുട്ടിയെ തട്ടിയെടുത്തതിനു പിന്നില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുമില്ല. കാമുകനെ നഷ്ടപ്പെടാതിരിക്കുക മാത്രമായിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് സ്വന്തം ജീവിതം പണയം വച്ച് അങ്ങനെയൊരു കടുംകൈയ്ക്ക് നീതു ഇറങ്ങിത്തിരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നീതുവിനെ കീഴ്‌പ്പെടുത്തിയതുപോലുള്ള മനോവികാരം മറ്റ് പല സ്ത്രീകളെയും ഭരിക്കുന്നുണ്ടെന്നാണ് സൈക്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

കട്ടപ്പനക്കാര്‍ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്; ആരാണ് കൂടത്തായി സീരിയല്‍ കൊലപാതക കേസില്‍ പിടിയിലായ ജോളി?

'ഭര്‍ത്താവില്‍ നിന്നും കെയര്‍ കിട്ടുന്നില്ല എന്ന ചിന്തകളില്‍ ടോക്ക്‌സിക് റിലേഷന്‍ഷിപ്പുകളിലേക്ക് വീണു പോകുന്ന നിരവധി കേസുകളുണ്ട്. മറ്റൊരു ബന്ധം ഉണ്ടാകുമ്പോള്‍  സ്ത്രീകളതില്‍ പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കും. എത്ര ചൂഷണങ്ങള്‍ നടത്തിയാലും അത് മനസ്സിലാക്കാതെയുള്ള അവസ്ഥ. വിദ്യാഭ്യാസം ഉണ്ടെന്നു പറയുന്നവരും വഞ്ചിക്കപ്പെട്ടെന്നു മനസിലാക്കിയാല്‍ പോലും പരാതിപ്പെടാതെ അവരുടേതായ ലോജിക്കുകളില്‍ ശരി കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്' എന്നാണ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ ജിഷ ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നത്.

'ചില വ്യക്തികള്‍ക്ക് ഡിപെന്‍ഡന്റ് പേഴ്‌സണാലിറ്റി ട്രെയിറ്റ് വളരെ കൂടുതലാണ്. അങ്ങനെയുള്ളവര്‍ക്ക് ചില വ്യക്തികളോട് എപ്പോഴും ഒരു ഡിപെന്‍ഡന്‍സി കാണിച്ചുകൊണ്ടിരിക്കും. അവര്‍ ഒരു അബ്യുസെര്‍ ആണെങ്കിലും അവര്‍ക്ക്  പുറകെ ചെന്നുകൊണ്ടിരിക്കും. ഒരു ഡോര്‍ മാറ്റ് പോലെ ചവിട്ടി തേക്കുന്ന അവസ്ഥകളിലും ഇവര്‍ പുറകെ ചെല്ലുന്നത് കാണാന്‍ കഴിയും. അവര്‍ ഇല്ലെങ്കില്‍ സര്‍വൈവ് ചെയ്യാന്‍ കഴിയില്ല എന്ന ചിന്തകളാണ് ഇവര്‍ക്ക് ഉണ്ടാവുക. ഇനി  അവര്‍ക്കു ലഭിക്കുന്ന പാര്‍ട്ടണര്‍ അവോയ്ഡന്റ് പേഴ്‌സണാലിറ്റി ഉള്ളവര്‍ ആണെങ്കില്‍ അവരുടെ ജീവിതത്തില്‍ വഴക്ക് അധികമായിരിക്കും. ക്രൈം നടന്നിട്ടില്ലെങ്കിലും സമാന സ്വഭാവമുള്ള മൂന്നു കേസുകള്‍ കഴിഞ്ഞ ആറു  മാസത്തിനുള്ളില്‍ കേട്ടിട്ടുണ്ട്. അവര്‍ ചിന്തിക്കുന്നത് 100 ശതമാനം ശരിയാണ് എന്ന ലോജിക്കിലാണ് അവര്‍  നീങ്ങുന്നത്. ഇത്തരം കേസുകളില്‍ നമ്മള്‍ അവരെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന തോന്നല്‍ ലഭിച്ചാല്‍ തന്നെ തെറാപ്പി മുടക്കുന്ന അനുഭവങ്ങളും ഉണ്ട്'.  തന്നില്‍ നിന്നും അകന്ന  വ്യക്തിയെ തിരികെ കൊണ്ട് വരാന്‍ ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗിന് ഇത്തരം സ്ത്രീകള്‍ മുതിരാറുണ്ട്. കുട്ടിയെ ഉപയോഗിച്ച് പ്രണയിച്ച വ്യക്തിയെ തന്റരികിലേക്ക് തിരികെ കൊണ്ട് വരുക എന്ന ലക്ഷ്യമായിരിക്കും നീതുവിനും ഉണ്ടായിരുന്നത്'

വിധേയത്വത്തില്‍ വീണുപോകുന്നവര്‍

ഈ വിഷയത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കോട്ടയത്തു നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിനു സമാനമായ ചില വ്യക്തികളുടെ ജീവിതങ്ങളും അറിയാന്‍ സാധിച്ചു. ഒരു ടോക്‌സിക് വിവാഹബന്ധത്തില്‍  ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം അതിനു ഉദാഹരണമായി ലഭിച്ചു. കേരളത്തില്‍ തന്നെ ജീവിക്കുന്ന  ഈ പെണ്‍കുട്ടി സ്വന്തം വിവാഹ ജീവിതത്തില്‍ നിരവധി  ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അബ്യൂസിവ് മാരേജില്‍ നിന്നും രക്ഷപെടാന്‍ സ്വന്തം വീട്ടുകാരുടെ പിന്തുണ പോലും ഇല്ലാത്ത അവസ്ഥയാണ് പെണ്‍കുട്ടിക്കുള്ളത്. അവര്‍ വിവാഹ മോചിതയല്ല.  ഈ യുവതിക്കു ഇപ്പോള്‍ വീടിനു അടുത്തുള്ള  മറ്റൊരു വ്യക്തിയുമായി  അടുപ്പത്തിലാണ്. സത്യത്തില്‍ ആ വ്യക്തിക്ക്  മറ്റൊരു കുടുംബമുണ്ട്. സാമ്പത്തികമായും ശാരീരികമായും വീടിനടുത്തുള്ള വ്യക്തി സ്ത്രീയെ ഉപയോഗിക്കുന്നുണ്ട്. അയാള്‍ തന്നെ ചൂഷണം ചെയ്യുകയാണ് എന്ന് മനസ്സിലാക്കാന്‍ പോലും ആ പെണ്‍കുട്ടിക്ക് കഴിയുന്നില്ല.

കൂടത്തായി തുറന്നുവിട്ട ആണ്‍ ട്രോളുകളുകളോട് സ്ത്രീകള്‍; ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്നാണ് ഭയമെങ്കില്‍ ഇനി അടുക്കളയില്‍ കയറൂ

സ്വയം ഒരു മൂല്യം  തോന്നണമെങ്കില്‍ ഈ വ്യക്തി  ജീവിതത്തില്‍ ഒപ്പം ഉണ്ടാകണം എന്ന ചിന്തയിലാണ് ഇന്ന് ഈ യുവതി ജീവിക്കുന്നത്. ഈ വ്യക്തിയില്‍ നിന്നും ഒരു കുട്ടി ജനിച്ചാല്‍ ഭര്‍ത്താവ് തനിക്കു വിവാഹ മോചനം നല്‍കുമെന്നും ഈ വ്യക്തിയുടെ ഭാര്യ അയാളെ ഉപേക്ഷിക്കുമെന്നും അങ്ങനെ ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയുമെന്ന വിചിത്ര ചിന്തകളിലാണ് ഈ യുവതി ജീവിക്കുന്നത്.  ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പില് നിന്നുള്ള രക്ഷപെടലിനു മറ്റൊരു ടോക്‌സിക് റിലേഷന്ഷിപ്പിലേക്കു എത്തിച്ചേരുന്ന അവസ്ഥയാണ് സത്യത്തില്‍ ഈ ഉദാഹരണത്തില്‍ കണ്ടത്. ഇതേ സ്വഭാവമുള്ള മറ്റു ഉദാഹരണങ്ങളും ചില ഇടങ്ങളില്‍ നിന്നും ലഭിച്ചു.

ആശ്രയിച്ചു ജീവിക്കാന്‍ വേണ്ടി വളര്‍ത്തപ്പെടുന്നവര്‍ 

നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതികള്‍ ഇതുപോലെ ഡിപെന്‍ഡന്റ് പേഴ്സണാലിറ്റികള്‍ സൃഷ്ടിക്കുന്നതിന് കാരണമാകാറുണ്ടെന്നാണ് ജിഷ ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നത്. ഒരാളെ ഡിപെന്‍ഡ് ചെയ്തു ജീവിക്കുന്ന പരിശീലനങ്ങള്‍ നല്‍കി വരുമ്പോള്‍ അവര്‍ എപ്പോഴും ഏതെങ്കിലും ഒരു വ്യക്തിയെ ആശ്രയിക്കുക എന്ന ചിന്തകളില്‍ ജീവിക്കാന്‍ തുടങ്ങും. വളര്‍ന്നു വരുന്ന സമയങ്ങളില്‍ അവര്‍ക്കു അവരുടെ അച്ഛനോടോ അമ്മയോടൊ ഇങ്ങനെ ഒരു ഡിപെന്‍ഡന്‍സി ഉണ്ടാകും. പിന്നീടുള്ള വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും അവര്‍ക്കു ഏതെങ്കിലും ഒരു വ്യക്തിയോട്  ആശ്രയത്വം കൂടുതലായി കാണാറുണ്ട് . ഇന്‍ഡിപെന്‍ഡന്റ് ആയി നില്‍ക്കുന്നതിനു പകരം ഏതെങ്കിലും ഒരു വ്യക്തിയോട് പറ്റിച്ചേര്‍ന്നു നില്‍ക്കാനാണ് ഇവര്‍ ശ്രമിക്കുക. മാനസികമായി ഇന്‍ഡിപെന്‍ഡന്റ് ആകാനും തീരുമാനങ്ങള്‍ എടുക്കാനും ചെറിയ പ്രായത്തില്‍ തന്നെ പരിശീലനങ്ങള്‍ നല്‍കേണ്ടതുണ്ട്'.

'ഒരു കുട്ടി ഡിപെന്‍ഡന്റ് ആയി വളര്‍ത്തപ്പെടുമ്പോള്‍ ഒരു സമൂഹത്തില്‍ അവരുടെ കുടുംബത്തിന് ലഭിക്കുന്ന ചില പ്രിവിലേജുകള്‍ ഉണ്ട്. കുട്ടികള്‍ എപ്പോഴും അവര്‍ പറയുന്നതിന് അനുസരിച്ചു നില്‍ക്കും. മാതാപിതാക്കള്‍  പറയുന്നതിന് അപ്പുറത്തേക്ക് അവര്‍ പോകില്ല. അവിടെ ചോദ്യങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാകില്ല. ഒരാള്‍ ഓര്‍ഡര്‍ നല്‍കും മറ്റുള്ളവര്‍ അതിനു അനുസരിക്കും. ഇന്‍ഡിപെന്‍ഡന്റ് ആകുമ്പോള്‍ എല്ലാവര്‍ക്കും അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാകും. അത് സ്വീകരിക്കാന്‍ സമൂഹവും കുടുംബങ്ങളും  തയ്യാറാകേണ്ടി വരും. ഒരു ഘട്ടം വരെ ഡിപെന്‍ഡന്റ് ആയി വളര്‍ത്തപ്പെടുന്ന ഒരു കുട്ടിക്ക് പെട്ടെന്ന് ഒരു പ്രതിസന്ധി  ഘട്ടത്തില്‍ ഇനി നീ ഇന്‍ഡിപെന്‍ഡന്റ് ആയിക്കോളൂ എന്ന് പറയുമ്പോള്‍ അങ്ങനെയാകാന്‍ സാധിക്കില്ല . ഒരു സ്വിച്ച് ഇട്ടാല്‍ നടക്കുന്ന കാര്യവുമല്ല ഈ ഇന്‍ഡിപെന്‍ഡന്‍സി. ഓരോ വ്യക്തിയും അവനവന്റെ ബൗണ്ടറിസ് വയ്ക്കുവാന്‍ ചെറിയ പ്രായത്തില്‍ തന്നെ പരിശീലനങ്ങള്‍ നല്‍കേണ്ടതുണ്ട്.' ജിഷ പറയുന്നു.

ഇന്‍ഡിപെന്‍ഡന്റ് ആകുന്ന വ്യക്തിക്ക് സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടാകും, തീരുമാനങ്ങള്‍ ഉണ്ടാകും. എതിര്‍പ്പുകള്‍ ഉണ്ടാകും. അത് സ്വീകരിക്കാന്‍ കുടുംബങ്ങളും സമൂഹവും എത്രത്തോളം കൂടെ ഉണ്ടാകും എന്നും നമ്മള്‍ അന്വേഷിക്കേണ്ടതാണെന്നും സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നു.

തുറന്നു പറയാന്‍ ഭയമാണ്

വലിയ ചൂഷണങ്ങള്‍ക്ക് വിധേയമാകുമ്പോഴും സ്ത്രീകള്‍ എന്തുകൊണ്ട് ഒരു പരാതി നല്‍കുന്നില്ല എന്ന ചോദ്യത്തിന് സൈക്കോളജിസ്‌റ് പറഞ്ഞ മറുപടി ഇതാണ് 'അതൊക്കെ തുറന്നു സംസാരിക്കുന്നതിനുള്ള സാഹചര്യം പോലും ഇവര്‍ക്ക് ഉണ്ടാകാറില്ല. സൊസൈറ്റിയെ പേടിച്ചുകൊണ്ടുള്ള അവസ്ഥയില്‍ പരാതി കൊടുക്കാന്‍ പോലും പലപ്പോഴും സാധിക്കാതെ വരും. ഒരു കൗണ്‍സിലിംഗ് എടുക്കുന്നതിന് പോലും ധൈര്യം വരാത്ത വ്യക്തികള്‍ ഉണ്ട്. അവര്‍ക്ക് പരാതിയുമായി കോടതിയില്‍ പോകാനോ പോലീസ് സ്റ്റേഷനില്‍ പോകാനോ കഴിയാറില്ല.'

 ഒരു ബന്ധത്തില്‍ ബുദ്ധിമുട്ടുകള്‍ സംഭവിക്കുമ്പോള്‍ അത് സ്ത്രീകളുടെ മാത്രം തെറ്റായി കാണാന്‍ ശ്രമിക്കുന്ന ആളുകള്‍  ഇന്നും സമൂഹത്തില്‍ ഉണ്ട് എന്ന വസ്തുതയാണ് സൈക്കോളജിസ്‌റ് ചൂണ്ടിക്കാണിച്ചത്. സാമ്പത്തികമായ ചൂഷണങ്ങള്‍ ആയാലും ശാരീരികമായ ചൂഷണങ്ങള്‍ ആയാലും പുറത്തു അറിഞ്ഞാല്‍ അത് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തൂ എന്ന സാഹചര്യങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്നു . ഇതുപോലെയുള്ള അവസരങ്ങളില്‍ നിയമപരമായ ഒരു സഹായം അന്വേഷിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സമൂഹത്തിന്റെ ജഡ്ജ്മെന്റുകള്‍ നേരിടേണ്ടി വരുമെന്ന ചില പേടികള്‍ മൂലവുമാണ് എന്ന് അവര്‍ പറയുന്നു.

കുഞ്ഞിനെ ആതിര സ്ഥിരമായി ഉപദ്രവിച്ചിരുന്നു, ശ്വാസം നിലച്ച ശേഷവും മരണം ഉറപ്പിക്കാന്‍ അര മണിക്കൂര്‍ കാത്തു

പുരുഷനെ ഒരു ഇരയായി കാണാന്‍ ശ്രമിക്കുന്ന പല സാഹചര്യങ്ങളും ഉണ്ട്. സ്ത്രീയാണ് മോശക്കാരി എന്ന വിലയിരുത്തലുകള്‍ ആണ് സമൂഹത്തില്‍ നിന്നും ലഭിച്ചുകൊണ്ടു ഇരിക്കുക. 'പുറത്തു ആരോടും പറയാന്‍ പോലും കഴിയില്ല എന്ന ചില സാഹചര്യങ്ങളില്‍ അവര്‍ ഇത് പരിഹരിക്കാന്‍ വേണ്ടി ചിന്തിക്കുന്ന രീതികള്‍ ചിലപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് വരും. അവര്‍ അങ്ങനെ ചിന്തിക്കുന്നതില്‍ യുക്തിയില്ല എന്ന കാര്യം അവര്‍ക്കു മനസ്സിലാക്കാനും സാധിക്കില്ല.' സൈക്കോളജിസ്റ്റ് വിശദീകരിക്കുന്നു. 'ഒരു കുറ്റം ചെയ്ത വ്യക്തിയെ ന്യായികരിക്കാന്‍ അല്ല ഇത് പറയുന്നത്. പക്ഷെ ഇതുപോലെ ഒരു സാഹചര്യത്തിലേക്ക് എത്തിക്കുന്നതും പഠിക്കേണ്ടതുണ്ട്. ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥകളില്‍ പോലും സ്ത്രീകള്‍ ഡിപെന്‍ഡന്റ് ആയി മാറുന്നത് എന്തുകൊണ്ടാണ് എന്ന് സമൂഹം ചോദിക്കേണ്ടത് തന്നെയാണ്' 

ആസൂത്രിത ക്രൈം ആയിരുന്നോ?

'ഇവിടെ നമ്മള്‍ക്ക് ഈ കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയാതെ പറയാന്‍ കഴിയില്ല. അവരുടെ ആ സമയത്തെ മാനസിക അവസ്ഥകളെക്കുറിച്ചും നമുക്ക് വ്യക്തത ഇല്ല. ഈ വിഷയത്തില്‍ പെണ്‍കുട്ടിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ തോന്നുന്നത് അവര്‍ ഈ ബന്ധത്തില്‍ ഉള്‍പ്പെട്ടതിന്റെ ഉത്കണ്ഠയില്‍ ചെയ്തു പോയത് ആണെന്നാണ്. കാരണം നമ്മുടെ നാട്ടില്‍ ഓരോ മുക്കിലും മൂലയിലും സി. സി. ടി. വി. ക്യാമറകള്‍  ഉണ്ട്. നമ്മുടെ നാട്ടിലെ സര്‍വെയ്ലന്‍സ് രീതികളില്‍ ഇവരെ പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് സാമാന്യ ബോധമുണ്ടെങ്കില്‍  മനസിലാക്കാം. ഇത് ഇവര്‍ പാനിക് ആയപ്പോള്‍ അപ്പോഴത്തെ ഒരു പരിഹാരമായി കണ്ടെത്തിയതാവാനാണ് സാധ്യത. യുക്തിയോടെ ചിന്തിച്ചു ചെയ്ത കാര്യമായി ഇത് തോന്നുന്നില്ല. ഭയങ്കരമായി പെട്ടിരിക്കുന്നു എന്ന ചിന്തകളില്‍ എടുത്ത തീരുമാനമാകാം. രണ്ടു മൂന്ന് ദിവസം ഇവര്‍ പ്ലാന്‍ ചെയ്തു എന്ന് പറയുന്നുണ്ടെങ്കിലും ആ സമയത്ത് ഈ സ്ത്രീയുടെ അവസ്ഥ എന്തായിരുന്നുവെന്നും നമുക്ക് കൃത്യമായി അറിയില്ല. ക്രിമിനല്‍ മൈന്‍ഡോടെ ഒരു ക്രൈം നടത്തുന്ന ആള്‍ക്ക് അത് പിടിക്കപ്പെട്ടാല്‍ എന്ത് ചെയ്യും എന്നുള്ള ബാക് അപ് പ്ലാനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവര്‍ പിടിക്കപെടാതിരിക്കാനുള്ള പരമാവധി കാര്യങ്ങളും ചെയ്തിരിക്കും. ഇവിടെ അതൊന്നുമല്ല കാണുന്നത്. എന്റെ ചിന്തയില്‍ അവര്‍ വളരെ പാനിക് ആയ ഒരു അവസ്ഥയില്‍ ആയിരുന്നു കാണും. യുവതിയും കാമുകനും തമ്മില്‍ ചിലപ്പോള്‍ പല തര്‍ക്കങ്ങളും നടന്നിട്ടുണ്ടാകും. പൈസ തിരിച്ചു ചോദിച്ചു ഒരു പോലീസ് കംപ്ലയിന്റ് കൊടുക്കുന്നതിനുള്ള ധൈര്യം പോലും യുവതിക്ക് ഉണ്ടായി കാണില്ല. പരാതി നല്‍കാതിരിക്കാനുള്ള ഭീഷണികളും യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കാണും.

ആ കുഞ്ഞിനെ എന്തുചെയ്യുമായിരുന്നു?

ഈ വിഷയത്തില്‍ പൊലീസിന് കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത ഒരു സാഹചര്യം വന്നിരുന്നെങ്കില്‍ നീതു കുഞ്ഞിനെ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യങ്ങള്‍ പല സ്ഥലത്തു നിന്നും ഉയര്‍ന്നു കേട്ടിരുന്നു. ഈ വിഷയത്തില്‍ സൈക്കോളജിസ്റ്റിന്റെ അഭിപ്രായം അനുസരിച്ചു 'ഈ കേസില്‍ നവജാത ശിശുവിനെ സ്ത്രീ സംരക്ഷിക്കുമായിരുന്നോ എന്ന് മനസ്സിലാകണം എങ്കില്‍ അവരുടെ പ്രൈം ഇന്റെന്‍ഷന്‍ തന്നെ കൃത്യമായി  മനസ്സിലാക്കേണ്ടതുണ്ട്. കാമുകന്‍ തിരികെ ജീവിതത്തിലേക്ക് എത്തുന്നതാണ് പ്രധാന ലക്ഷ്യം എങ്കില്‍ അവര്‍ കുട്ടിയെ ഒപ്പം നിര്‍ത്താന്‍ ആണ് സാധ്യത. പണം തിരികെ ലഭിക്കുക എന്ന ലക്ഷ്യം മാത്രം ആണെങ്കില്‍ അവര്‍ പിന്നീട് കുട്ടിയെ സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.'

കുറ്റം സമ്മതിച്ചു, പക്ഷേ ഉത്തരം കിട്ടാതെ ഈ ചോദ്യം; സ്വന്തം കുഞ്ഞിനെ എന്തിനായിരിക്കും ആ അമ്മ ശ്വാസം മുട്ടിച്ചു കൊന്നത്?

സ്ത്രീകള്‍ കുറ്റവാളികളാകുമ്പോള്‍

'സ്ത്രീകള്‍ ഉള്‍പ്പെടുന്ന പല കേസുകള്‍ എടുത്തു നോക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ആ സീനുകളില്‍ അവ തമ്മില്‍ ഒരു ബന്ധം തോന്നില്ല. പക്ഷെ അതിന്റെയൊക്കെ മൂലകാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് അവര്‍ ഏതെങ്കിലും വിധത്തില്‍ ചൂഷണം ചെയ്യപ്പെട്ടവര്‍ ആയിരിക്കും. അവര്‍ക്കു അതില്‍ നിന്നും പുറത്തു വരാനും കഴിയാറില്ല. ഇതുപോലുള്ള അവസരങ്ങളില്‍ പോലീസ് സപ്പോര്‍ട് എടുക്കാന്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് പറയാന്‍ സാധിക്കുമെങ്കിലും അതിലൂടെ കടന്നു പോകുന്നവര്‍ക്ക് അത് അത്ര എളുപ്പം ആയിരിക്കില്ല. അവരുടെ സാഹചര്യങ്ങള്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് മനസിലാക്കാനും കഴിയാറില്ല.

ഇപ്പോള്‍ നടന്ന സംഭവത്തില്‍ കാര്യങ്ങള്‍ ഒരു ലോങ്ങ് പ്രോസസ്സ് ആണ്. സാമ്പത്തികമായി വളരെ നാളായി ചൂഷണം ചെയ്തിരുന്നിരിക്കാം. ശാരീരികമായി അയാള്‍ പെണ്‍കുട്ടിയെ ഉപയോഗിക്കുന്നു. അതിനിടയില്‍  പെണ്‍കുട്ടി ഗര്‍ഭിണി ആവുന്നു. പിന്നീട് അബോര്‍ഷന് ആകുന്നു.ഈ സമയങ്ങളില്‍ ഒന്നിലും ഈ യുവതിക്ക് സ്വന്തം കാര്യം സേഫ് ആക്കുന്നതിനു പോലും കഴിഞ്ഞിട്ടില്ല.' ഇതുപോലെ നിരന്തരമായി ഏല്‍ക്കേണ്ടി വരുന്ന പല ചൂഷണങ്ങളുമാണ് ചില സ്ത്രീകളെ ക്രിമിനലുകളാക്കി മാറ്റുന്നതെന്നാണ് സൈക്കോളജിസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.

'നമ്മുടെ സമൂഹത്തിനു പലപ്പോഴും വണ്‍ ലൈന്‍ സൊലൂഷ്യന്‍സ് ആണ് വേണ്ടത്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരുന്നാല്‍ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയി.എന്ന് പറയുന്നവരും കോളേജില്‍ പഠിക്കാന്‍ പോകുമ്പോള്‍ ആണ്‍കുട്ടികളോട് കമ്പനി വേണ്ട എന്ന് പറയുന്നവരും സമൂഹത്തില്‍ ഉണ്ട്. സത്യത്തില്‍ ഇതുപോലുള്ള വിലക്കുകള്‍ അല്ല വേണ്ടത്. ഓരോ പെണ്‍കുട്ടിക്കും അവരുടെ ജീവിതം സേഫ് ലെവലില്‍ നിര്‍ത്തുന്നതിനുള്ള സാമൂഹിക അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടേണ്ടത്.ചില കേസുകളില്‍   പെണ്‍കുട്ടികളുടെ ഡിപെന്‍ഡന്‍സി കാണുമ്പോ നമുക്ക് തന്നെ വിഷമം തോന്നുന്ന അവസ്ഥകള്‍ ഉണ്ട്. നമ്മുടെ സമൂഹത്തില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ സമൂഹം ഒന്നാകെ മാറിത്തുടങ്ങേണ്ടി വരും.'